Tue. Nov 24th, 2026

കോട്ടയം: ജനാധിപത്യവും സ്വാതന്ത്ര്യവും സെക്യുലറിസവും വെല്ലുവിളി നേരിടുന്ന ഈ കെട്ടകാലത്ത് സെക്യുലർ ജീവിതം നയിക്കുന്ന കുടുംബങ്ങളുടേയും സൗഹൃദങ്ങളുടേയും ഒരു കൂട്ടായ്മ മെയ് 10, 11, 12 തീയതികളിൽ ഇടുക്കിയിലെ കഞ്ഞിക്കുഴിയിൽ നടക്കും. ഇടുക്കിയുടെ വശ്യമായ പ്രകൃതിയുടെ തണലിൽ സെക്യുലർ ജീവിതം നയിക്കുന്ന കുടുംബങ്ങളും സൗഹൃദങ്ങളും കൂടിയിരിക്കുന്ന മതേതര സൗഹൃദസംഗമം ആണ് മൂന്ന് ദിവസങ്ങളിലായി നടക്കുകയെന്ന് സംഘാടകരായ  സെക്കുലർ കൾച്ചറൽ സൊസൈറ്റി അറിയിച്ചു.

നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യവും മതേതരത്വവും വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സെക്യുലർ മനസുകൾ ആശയപരമായി ഐക്യപ്പെടാനും സൗഹൃദം ഊട്ടിയുറപ്പിക്കാനും യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിൻ്റെയും ജീവിതപരിസരത്തെ ശക്തിപ്പെടുത്താനും “സെക്യുലർ ഫാമിലിയ” നൽകുന്ന ഊർജ്ജവും പ്രചോദനവും വാക്കുകൾക്ക് അതീതമാണ്. കഴിഞ്ഞകാലങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തവരെല്ലാം ഇത് സാക്ഷ്യപ്പെടുത്തുന്നു.

സെക്യുലർ ഫാമിലിയയിൽ “സെക്യുലർ ഇന്ത്യ ഭാരതത്തിലേയ്ക്കോ ?” എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന പാനൽ ചർച്ചയിൽ വിദ്യാർത്ഥികളും യുവതയും രാജ്യത്തിൻ്റെ ഭാവിയെ കുറിച്ച് പ്രതികരിക്കുന്നു. ശാസ്ത്ര പ്രചാരകനും സൊസൈറ്റി അംഗവുമായ എം.അനിൽകുമാർ മോഡറേറ്റ് ചെയ്യുന്ന ചർച്ചയിൽ സെക്യുലർ കൾച്ചറൽ സൊസൈറ്റിയിലെ വിദ്യാർത്ഥി-യുവജനപ്രതിനിധികൾ പങ്കെടുക്കുന്നു.

ജനാധിപത്യ – മതേതരമൂല്യങ്ങളുടെ സംരക്ഷണത്തിനും അവ അടുത്ത തലമുറകളിലേക്ക് പകർന്നു നൽകുന്നതിനും യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിൻ്റെയും വെളിച്ചത്തിൽ ജീവിതം രൂപപ്പെടുത്തുന്നവരും അതിന് ശ്രമിക്കുന്നവരും സൗഹൃദം പങ്കിട്ടും ഒരുമിച്ച് യാത്രചെയ്തും ആടിയും പാടിയും മാനവികതയുടെ ആശയക്കരുത്തിൽ ഒന്നിച്ചിരിക്കലാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. മാനവികതയ്ക്ക് പകരം വെയ്ക്കാൻ മറ്റൊന്നുമില്ല എന്ന ബോധ്യത്തിൽ സെക്യുലർ ജീവിതങ്ങൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.

വിജ്ഞാനവും വിനോദവും യാത്രയും സമന്വയിക്കുന്ന “സെക്യുലർ ഫാമിലിയ”യിൽ പങ്കാളിയാകാൻ അന്വേഷണങ്ങൾക്ക് 8157904220, 9605987997 എന്നീ നമ്പറുകളിലും രജിസ്ട്രേഷനായി 828 1195095 എന്ന നമ്പറിലും കോണ്ടാക്റ്റ് ചെയ്യാൻ സംഘാടകരായ  സെക്കുലർ കൾച്ചറൽ സൊസൈറ്റി അറിയിച്ചു.