Mon. Nov 23rd, 2026

പട്ടാമ്പി: കൊടുമുണ്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയുടെ മൃതദേഹം ആദ്യം വാഹനത്തില്‍ നിന്ന് തീ പടര്‍ന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോള്‍ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. പ്രവിയയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്.

മൃതദേഹത്തിന് സമീപത്തുനിന്ന് കത്തിയും കവറും കണ്ടെത്തിയിരുന്നു. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം. യുവതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയ യുവാവിനെ കണ്ടെത്തിയത്. യുവതിയെ ആക്രമിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്രതി മരിച്ചത്. കൊല്ലപ്പെട്ട പ്രവിയയും ജീവനൊടുക്കിയ സന്തോഷും നാട്ടുകാരാണ്.

കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം

കൊടുമുണ്ടയ്ക്ക് സമീപം യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിന് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യെയാണ് തൃത്താല ആലൂര്‍ സ്വദേശി സന്തോഷ് തീകൊളുത്തി കൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവഗുരുതരാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

രാവിലെയാണ് പ്രിവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. വയലിനോട് ചേര്‍ന്ന് റോഡരികിലായിരുന്നു മൃതദേഹം. സമീപത്തായി യുവതിയുടെ സ്‌കൂട്ടറും മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. സ്ഥലത്തെ പുല്ലും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

സംഭവം കൊലപാതകമാണെന്ന് പോലീസിന് തുടക്കത്തിലേ സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കൊല്ലപ്പെട്ടത് പ്രിവിയയാണെന്ന് വ്യക്തമായതോടെ പ്രതിക്കായി പോലീസ് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് സന്തോഷാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

വിവാഹമോചിതയാണ് പ്രിവിയ. വിവാഹ മോചനത്തിന് ശേഷം സന്തോഷും യുവതിയും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ യുവതി സന്തോഷുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ഏപ്രില്‍ 29-നാണ് പ്രിവിയയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു അതിദാരുണമായ കൊലപാതകം. സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ പ്രതി, കുത്തിവീഴ്ത്തിയശേഷം കത്തിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.