Thu. Nov 19th, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

തെരഞ്ഞെടുപ്പ് കാലത്ത് ഓർക്കാൻ തക്കവണ്ണം ഇങ്ങനെയൊരാൾ നമുക്കിടയിൽ ജീവിച്ചിരുന്നു. കോഴിക്കോട്ടുകാർക്ക് എങ്ങനെയാണോ രാംദാസ് വൈദ്യർ അപ്രകാരം തന്നെയാണ് ടി കെ കലന്തൻ ഹാജിയും. കുറ്റ്യാടിയിലേയും, വടകരയിലേയും, പരിസരപ്രദേശങ്ങളിലേയും ആബാലവൃദ്ധം ജനങ്ങളും ജാതി-മതഭേദമന്യേ ഏറ്റവും കൂടുതൽ പറഞ്ഞ ഒരു പേര് ഒരു പക്ഷേ കലന്തൻ ഹാജിയുടേതാകാം.

സാമാന്യം നല്ല ബിസിനസ്സുള്ള ഒരു ബേക്കറി അദ്ദേഹം സ്വന്തമായി നടത്തിയിരുന്നു. അസാമാന്യമായ ഹ്യൂമർസെൻസ് കലന്തൻ ഹാജിയുടെ കൂടപ്പിറപ്പായിരുന്നു.
ഒരു തികഞ്ഞ ജനകീയൻ. വടകരയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിക്കുന്നതിലായിരുന്നു ഹരം. കലന്തൻ ഹാജിയുടെ രാഷ്ട്രീയ നർമ്മങ്ങൾ കേൾക്കാനും കാണാനും വടകരക്കാരും ഇഷ്ട്ടപ്പെട്ടു.

1950 മുതൽ 59 വരെ മുസ്ലീംലീഗിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു കലന്തൻ ഹാജി. പാർട്ടിയിലെ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നു.59 ൽ മുസ്ലീംലീഗിനോട്‌ വിടപറഞ്ഞു. വിമോചന സമരത്തിന് ലീഗ് നൽകിയ പരോക്ഷ പിന്തുണയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്.

ബാഫക്കീതങ്ങളുടെ നേതൃത്വത്തിൽ അന്നത്തെ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് അമീറായി പ്രവർത്തിച്ചിട്ടുണ്ട്. കലന്തൻ ഹാജിയുടെ ഹജ്ജ് യാത്രയിൽ കൂട്ട് പങ്കാളി മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയായിരുന്നു. ലീഗ് രാഷ്ട്രീയത്തിൽ തുടർന്നിരുന്നെങ്കിൽ സി.എച്ചിനോളം വളരേണ്ട നേതാവായിരുന്നു കലന്തൻ ഹാജി.
ഇതിനൊക്കെ ശേഷമാണ് ഒരു പാർട്ടിയിലും ചേരാതെ അദ്ദേഹം സ്വതന്ത്രനായി മാറിയത്.

ചോറോട് റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് ഒരുകാലത്ത് കുപ്രസിദ്ധമായിരുന്നു. ഗേറ്റടച്ചാൽ ദേശീയപാതയുടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ടനിരയായിരിക്കും. ഈ വാഹനനിര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമർഥമായി കലന്തൻ ഹാജി ഉപയോഗപ്പെടുത്തിയത്
നർമത്തിലൂടെയായിരുന്നു. ഏത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും നർമം വിട്ടൊരു കളി കലന്തൻ ഹാജിക്കില്ല.

1980 കളിലെ ഒരു തിരഞ്ഞെടുപ്പുവേള.കലന്തൻ ഹാജി സ്വതന്ത്രസ്ഥാനാർഥിയാണ്. ദേശീയപാതയിലൂടെ പ്രചാരണവാഹനവുമായി എത്തിയപ്പോൾ ചോറോട് ഗേറ്റടച്ചിരിക്കുന്നു. ഒപ്പം സന്തത സഹചാരി അരൂർ പി.ബാലകൃഷ്ണനുമുണ്ട്.റോഡിൽ വാഹനങ്ങളുടെ നീണ്ടനിര കണ്ടപ്പോൾ ബാലകൃഷ്ണൻ ഒരു ആശയം പറഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല. മറ്റ് വാഹനങ്ങളെ വെട്ടിച്ച് ജീപ്പ് നേരെ ഗേറ്റിനടുത്തേക്ക് കയറ്റിയിട്ടു.

ഗേറ്റ് തുറന്നയുടൻ ജീപ്പിൽ നിന്ന് വമ്പിച്ച അനൗൺസ്‌മെന്റ്. ‘‘പ്രിയപ്പെട്ട നാട്ടുകാരെ, നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥി കലന്തൻ ഹാജിയിതാ കടന്നുവരുന്നു.’’ ഗേറ്റിൽ കുടുങ്ങിയ വാഹനങ്ങൾ അങ്ങനെ അകമ്പടി വാഹനങ്ങളായി. അവിടെയും തീർന്നില്ല കാര്യങ്ങൾ. ജീപ്പ് മെല്ലെ നീങ്ങുന്നതിനിടെ നാട്ടുകാരായ ചിലരെത്തി ചോദിച്ചു. എവിടെ കലന്തൻ ഹാജി.?

മുഖം ഭാഗീകമായി മറച്ചുകൊണ്ട് അനൗൺസ്‌മെന്റ് ചെയ്തിരുന്നയാൾ മെല്ലെ മുഖത്തെ തുണി മാറ്റിക്കൊണ്ട് പറഞ്ഞു- ‘‘ഞാൻ തന്നെയാണ് സ്ഥാനാർഥി. ഞാൻ തന്നെയാണ് കലന്തൻ ഹാജി”

തിരഞ്ഞെടുപ്പ് കാലത്ത് എടുത്താൽ പൊങ്ങാത്ത വാഗ്ദാനങ്ങൾ നൽകുന്നതിനെ പരിഹസിച്ച് കലന്തൻ ഹാജി ഇറക്കിയ പ്രകടനപത്രികയും രസകരമായിരുന്നു.

‘‘ആകാശത്തിൽ പന്തലിടും, മുക്കിനു മുക്കിന് കക്കൂസ്, വയനാട്ടിൽ കടൽ,
വടകരയിൽ വിമാനത്താവളം, കുറ്റ്യാടിപ്പുഴ കടലാക്കും, ആനയ്ക്ക് റേഷൻ,
ആനയ്ക്ക് പെൻഷൻ, അന്താരാഷ്ട്ര നിലവാരമുള്ള കുറ്റ്യാടി മെട്രോപൊളിറ്റൻ സിറ്റി,റെയിൽവേ, ഷിപ്യാർഡ് ” ഇങ്ങനെ പോകും ഇലക്ഷൻ വാഗ്ദാനങ്ങൾ.

ഇന്നും കലന്തൻ ഹാജിയുടെ തിരഞ്ഞെടുപ്പ് നർമ്മങ്ങൾ വടകരക്കാരുടെ തിരഞ്ഞെടുപ്പോർമകളിലുണ്ട്. ഏറെക്കാലം ചിരിപടർത്തിയ ചോറോട് റെയിൽവേ ഗേറ്റ് സംഭവത്തിന് സാക്ഷിയായി കലന്തൻ ഹാജിയുടെ മകൻ കലന്തൻ ബഷീറുമുണ്ടായിരുന്നു. അന്ന് ജീപ്പ് ഓടിച്ചത് ബഷീറാണ്.

ഇതേപോലെ ചിരിക്കാൻ വകനൽകുന്ന തിരഞ്ഞെടുപ്പോർമകളുടെ സുൽത്താനാണ് കലന്തൻ ഹാജി. തിരക്കുള്ള സിനിമാശാലകൾക്ക് മുന്നിൽ സിനിമ തീരുന്നതിന് പത്ത് മിനിട്ടുമുൻപേ കലന്തൻ ഹാജിയെത്തും. സിനിമ വിട്ട് ആൾക്കാർ തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ കലന്തൻ ഹാജിയുടെ വക അനൗൺസ്മെന്റ് ഉണ്ടാകും. “കലന്തൻ ഹാജിയെന്ന കരുത്തനായ സ്ഥാനാർത്ഥിക്ക് അകമ്പടിയായിതാ ജനലക്ഷങ്ങൾ ” ജനക്കൂട്ടവും ഇതിൽ പങ്കാളിയാകും.

‘‘ ഉപ്പ വീട്ടിലുണ്ടെങ്കിൽ എപ്പോഴും ചിരിയായിരിക്കും. തമാശകൾ പറഞ്ഞുകൊണ്ടേയിരിക്കും. തെരഞ്ഞെടുപ്പടുത്താൽ പ്രമുഖ സ്ഥാനാർത്ഥികളെക്കാൾ തിരക്കായിരുന്നു. അതിരാവിലെ വീട്ടിൽ നിന്നിറങ്ങും. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞേ തിരിച്ചെത്തൂ. സ്വന്തം പണമാണ് പ്രചരണത്തിന് ഉപയോഗിച്ചിരുന്നത്. ഉപ്പ പോയതോടെ ചിരി നിലച്ചു’’ കലന്തൻ ഹാജിയുടെ മകൾ റുഖിയയുടെ വാക്കുകളിൽ വലിയ നഷ്ടബോധം.

കലന്തൻ ബഷീർ, റുഖിയ എന്നിവർ കൂടാതെ നാസർ,സുലൈഖ, പരേതയായ ജമീല എന്നിവരാണ് കലന്തൻ ഹാജിയുടെ മക്കൾ. കലന്തൻ ബഷീർ സിനിമ രംഗത്തെ അറിയപ്പെടുന്ന നടനാണ്.കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ.ദൃശ്യത്തിൽ സുമുഖനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് റോഷനാണ്. തെന്നിന്ത്യൻ ഭാഷകളിലെ അറിയപ്പെടുന്ന നടനാണ് റോഷൻ.മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടി ഫർസാനയാണ് റോഷൻ ബഷീറിന്റെ ഭാര്യ.

സ്ഥാനാർഥി എന്നതിലുപരി തിരഞ്ഞെടുപ്പ് രംഗത്തെ ആക്ഷേപഹാസ്യ കലാകാരൻ കൂടിയായിരുന്നു കലന്തൻ ഹാജി. വടകര പാർലെമെന്റ് മണ്ഡലത്തിൽ മൽസരിക്കുമ്പോൾ തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ഇങ്ങനെ എഴുതി.
“കലന്തൻ ഹാജിയെ വിളിക്കൂ! ഇന്ത്യയെ രക്ഷിക്കൂ “

ഒരിക്കലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കലന്തൻ ഹാജി മൽസരിച്ചിട്ടില്ല. നാട്ടുകാർ പലവട്ടം മൽസരിക്കാൻ കലന്തൻ ഹാജിയെ ക്ഷണിച്ചിട്ടുണ്ട്. അതിനദ്ദേഹം വഴങ്ങിയിട്ടില്ല.

“ബിരിയാണി ചെമ്പിലെന്തിനാ കഞ്ഞിവയ്ക്കുന്നേ ” എന്നാണ് അദ്ദേഹത്തിന്റെ മറുചോദ്യം. മൽസരിച്ചെങ്കിൽ ഉറപ്പായും അദ്ദേഹം വിജയിക്കുമായിരുന്നു. അതിനുള്ള ആൾബലവും ബന്ധുബലവുമൊക്കെ ഒരു പഞ്ചായത്ത് വാർഡിൽ ഉണ്ടായിട്ടും മൽസരിക്കാത്തതിനും കാരണമുണ്ട്. “ജയിക്കാൻ ഹാജിക്ക് മനസ്സില്ല”

പാർലിമെന്റിലടക്കം പത്തു തവണ സ്ഥാനാർത്ഥിയായിട്ടുണ്ട്.വടകര അസംബ്ലി – പാർലിമെന്റ് മണ്ഡലം കൂടാതെ നാദപുരം, മേപ്പയൂർ, പെരിങ്ങളം, കോഴിക്കോട്- 2, കൊണ്ടോട്ടി, ഗുരുവായൂർ എന്നീ മണ്ഡലങ്ങളിലും മൽസരിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ സമര സേനാനിയും പലവട്ടം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ടി.കെ.അബ്ദുള്ള ഹാജി, ഐഎൻഎൽ നേതാവും മതപണ്ഡിതനും നാടക രചയിതാവുമായ ടി.കെ ഇബ്രാഹിം മൗലവി, ടി.കെ.മൊയ്തു മൗലവി, ടി.കെ.കുഞ്ഞഹമ്മദ്,അറിയപ്പെടുന്ന കമ്യൂണിസ്റ്റ് സഹയാത്രികയായിരുന്ന
പരേതയായ കുഞ്ഞാമി എന്നിവർ കലന്തൻ ഹാജിയുടെ സഹോദരങ്ങളാണ്.

വോട്ടെടുപ്പ് ദിവസം ഭാര്യയോടും മക്കളോടും പറയുന്നതിങ്ങനെ – “ഞാനൊഴികെ ഇഷ്ടമുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം. എനിക്ക് വേണ്ടി നാട്ടാരുടേയും നിങ്ങളുടേയും കൂട്ടി ഭൂരിപക്ഷം ഓവറാക്കരുത് “

കലന്തൻബഷീറിന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം കൂടി പറഞ്ഞു കൊള്ളട്ടെ.
കുരുത്തക്കേടിന്റെ ഉസ്താദായിരുന്നു കലന്തൻബഷീർ. ഒരിക്കൽ എലിവാണം എന്ന പടക്കം കത്തിച്ച് ബഷീർ വീട് പൂർണമായും അഗ്നിക്കിരയാക്കി. ഉപ്പയെപ്പേടിച്ച് നാട് വിടാനൊരുങ്ങിയ ബഷീറിനെ നാട്ടുകാർ പിടിച്ച് കലന്തൻ ഹാജിക്ക് മുൻപിൽ ഹാജരാക്കി.

കലന്തൻ ഹാജി കലന്തൻ ബഷീറിനെ ചേർത്ത് പിടിച്ച് കവിളിലൊരു മുത്തം.” ബമ്പൻ ബേജാറാകേണ്ട ” അടുത്ത വർഷം ഇതേ ദിവസം ഇതേ സമയം കത്തിയ വീടിന്റെ സ്ഥാനത്ത് കൊട്ടാരം പോലെ ഒരു വീടുണ്ടാകും. ഇനി എലിവാണം അന്ന് വിട്ടാൽ മതി.

ഇതാണ് കലന്തൻ ഹാജി.” ബമ്പൻ ” എന്നുള്ള വിളി സ്നേഹത്തിന്റെതാണ്. സ്നേഹമുള്ള ആരെയും കലന്തൻ ഹാജി വിളിച്ചിരുന്നത് ബമ്പൻ എന്നാണ്. അത് ഭാര്യയോ, മകനോ മകളോ, നാട്ടുകാരോ സുഹൃത്തുക്കളോ ആരുമാകാം. 2009 സെപ്തംബർ 18 നാണ് കലന്തൻ ഹാജിയെന്ന “ബമ്പൻ ” അന്തരിച്ചത്.