Sun. Apr 21st, 2024

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി ഡി ജെ എസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുമെന്ന് എസ് എന്‍ ഡി പി സംരക്ഷണ സമിതി. എസ് എന്‍ ഡി പിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

വെള്ളാപ്പള്ളി നടേശന്റെ ആശിര്‍വാദം സ്വീകരിക്കുന്ന സ്ഥാനാര്‍ഥികളെയും തോല്‍പ്പിക്കുമെന്ന് എസ് എന്‍ ഡിപി സംരക്ഷണ സമിതി അറിയിച്ചു. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട ക്രമക്കേട്, എസ് എന്‍ ഡി പി യൂണിയനിലെ ക്രമക്കേട് എന്നിവയില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനം. കൊല്ലത്തെ ആസ്ഥാന മന്ദിരം ജപ്തി ചെയ്യുന്ന നടപടികളിലേക്ക് കടന്നതും സംരക്ഷണ സമിതിയെ ചൊടിപ്പിച്ചിട്ടുണ്ട്.

ബി ജെ പി സഖ്യത്തിന്റെ ഭാഗമായി നാലു സീറ്റുകളിലാണ് ബി ഡി ജെ എസ് മത്സരിക്കുന്നത്. ചാലക്കുടിയിലും മാവേലിക്കരയിലുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇനി കോട്ടയത്തും ഇടുക്കിയിലും പ്രഖ്യാപിക്കാനുണ്ട്. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി തന്നെയായിരിക്കും മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് എസ് എന്‍ ഡി പി സംരക്ഷണ സമിതി നേതാക്കള്‍ കടുത്ത നിലപാട് പ്രഖ്യാപിച്ചത്.