Sat. Apr 20th, 2024

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെ ഡയറക്ടറാക്കാന്‍ വേണ്ടി യോഗ്യതയില്‍ ഐ എച്ച് ആര്‍ ഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍. ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് വേണ്ട യോഗ്യതയ്ക്ക് പകരം അഡീഷണല്‍ ഡയറക്ടറുടെ പ്രവര്‍ത്തി പരിചയം മതിയെന്ന ഭേദഗതി വരുത്തിയതിനെതിരെ ഡീന്‍ ഹൈക്കോടതിയെ സമീപിച്ചു.

ചട്ടവിരുദ്ധമായി ഗവേണിംഗ് ബോഡിക്ക് പകരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. നേരത്തെ യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അരുണ്‍ കുമാറിനെ ഐ എച്ച് ആര്‍ ഡിയില്‍ നിയമിച്ചതെന്ന പരാതി ഉയര്‍ന്നിരുന്നു. അന്ന് അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതും സ്ഥാനക്കയറ്റം നല്‍കിയതും നിയമവിരുദ്ധമാണെന്ന കേസില്‍ വിജിലന്‍സ് അന്ന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഐ എച്ച് ആര്‍ ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാര്‍ നിയമിതനാകുന്നത് നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്.