Wed. Aug 12th, 2026

വൈക്കം: പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും ചി​ന്ത​ക​നു​മാ​യ ദലിത് ബന്ധു എൻ.കെ. ജോസിന് ആയിരങ്ങൾ അന്ത്യാജ്ഞലി അർപ്പിച്ചു. വാ​ര്‍ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് ചൊ​വ്വാ​ഴ്ച വൈ​കിട്ട് മൂ​ന്നി​ന് വൈ​ക്കം അംബികാമാർക്കറ്റിലെ ‘നമഃശിവായം’ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. മുഖ്യമന്ത്രിക്ക് വേണ്ടി മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, കേരളസാഹിത്യ അക്കാദമിക്ക് വേണ്ടി ഖദീജ മുംതാസ്, കാലടി സർവകലാശാല ചരിത്ര വിഭാഗത്തിനു വേണ്ടി ഡോ. ഫ്രാൻസിസ് എന്നിവർ ആദരാജ്ഞലി അർപ്പിച്ചു. സർക്കാരിന്റെ ആദര സൂചകമായി പോലീസ് ഗാഡ് ഓഫ് ഓണർ നൽകി ആദരിച്ചു.

നൂറ്റിനാല്പതിൽപ്പരം ചരിത്ര സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവായിരുന്ന എൻ.കെ. ജോസ് വൈക്കം താലൂക്കിലെ വെച്ചൂരിൽ നമശിവായം എന്ന വീട്ടുപേരുള്ള കത്തോലിക്ക കുടുംബത്തിൽ 1929 ൽ കുര്യൻ, മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂൾ ചേർത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു. തേവര സേക്രഡ് ഹാർട്ട്സ്, സെന്റ് ആൽബർട്സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം.

കേരള ദളിത്, ക്രൈസ്തവ ചരിത്ര പണ്ഡിതനും , കേരളഹിസ്റ്ററി കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്നു. ദളിത് പഠനങ്ങൾക്കും ദളിത്ചരിത്ര രചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച് 1990ൽ ദളിത് സംഘടനകൾ അദ്ദേഹത്തിനു ദളിത്ബന്ധു എന്ന ആദരനാമം നൽകി. പിൽക്കാലത്ത് അത് തന്റെ തൂലികാനാമമാക്കുകയായിരുന്നു ജോസ്.

കേരള ചരിത്ര ഗവേഷണ രംഗത്ത് വഴിമാറി സഞ്ചരിച്ചൊരു ചരിത്ര ഗവേഷകനായിരുന്നു അദ്ദേഹം. പുന്നപ്ര- വയലാർ, വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംമ്പരം, നിവർത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയൽ തുടങ്ങിയ ആധുനിക കേരള ചരിത്രത്തെ ദലിത് പക്ഷത്തുനിന്ന് അദ്ദേഹം പുനർവായന നടത്തി. അതാണ് അദ്ദേഹത്തിന്റെ രചനകൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. കീഴാള ചരിത്ര പഠനം എന്ന ചരിത്ര ശാഖക്ക് കേരളത്തിൽ വലിയ സംഭാവന നൽകിയത് എൻ.കെ ജോസാണ്.