Mon. Nov 23rd, 2026

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മന്‍സിലില്‍ ആരീഫ് (19) ആണ് പിടിയിലായത്. തമിഴ്നാട് കുളച്ചലില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് എംജി കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്ളേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രാവച്ചമ്പലം കോണ്‍വെന്റ് റോഡില്‍ വെച്ചായിരുന്നു സംഭനം. വിദ്യാര്‍ഥിനിയുടെ വീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയില്‍ കാത്തുനിന്നാണ് പ്രതി ആക്രമിച്ചത്. പെണ്‍കുട്ടി കുതറിമാറി വീട്ടിലേയ്ക്ക് ഓടുകയായിരുന്നു.

മുറിവേറ്റ വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പിടിയിലായ ആരീഫിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.