Sun. Apr 21st, 2024

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ച മൂന്ന് ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ് വെച്ച് രാഷ്ട്രപതി. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന കേരള യൂനിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ബില്‍ (ഭേദഗതി 2) 2022, യൂനിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ബില്‍ 2022, യൂനിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ബില്‍ 2021 എന്നിവക്കാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുമതി തടഞ്ഞത്. ഏഴ് ബില്ലുകള്‍ അയച്ചതില്‍ ലോകായുക്ത ഭേദഗതി ബില്ലിന് കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. ഇത് ഗവര്‍ണര്‍ക്ക് തിരിച്ചടിയായിരുന്നു. പിന്നാലെയാണ് മൂന്ന് ബില്ലുകള്‍ തടഞ്ഞുവെച്ചതായി രാജ്ഭവന്‍ തന്നെ അറിയിച്ചത്.

സര്‍വകലാശാല നിയമ ഭേദഗതി ബില്ലുകളുടെ അനുമതിയാണ് രാഷ്ട്രപതി തടഞ്ഞുവെച്ചത് എന്നത് ശ്രദ്ധേയമാണ്. ഇത് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നടപടിക്ക് വിലങ്ങിടുന്നതാണ്. സര്‍ക്കാര്‍- ഗവര്‍ണര്‍ പോരില്‍ ഏറ്റവും പ്രധാനവും ഈ ബില്ലുകളാണ്. സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സര്‍വകലാശാല ബില്ലുകള്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസ്സാക്കിയത്. പ്രതിപക്ഷ എതിര്‍പ്പ് മറികടന്നായിരുന്നു ബില്‍ പാസ്സായത്. കേരള, മഹാത്മാഗാന്ധി, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള, കേരള ഡിജിറ്റല്‍, ശ്രീനാരായണഗുരു ഓപണ്‍, കേരള കാര്‍ഷിക, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ്, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കേരള ആരോഗ്യ, എ പി ജെ അബ്ദുല്‍ കലാം സര്‍വകലാശാലകളുടെ നിയമങ്ങളിലാണ് ഭേദഗതി കൊണ്ടുവന്നത്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതായിരുന്നു ബില്ലിലെ പ്രധാന ഭേദഗതി. പകരം സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതി രൂപവത്്കരിച്ചാണ് ചാന്‍സലറുടെ നിയമനം. ചാന്‍സലറില്‍ നിന്ന് ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപങ്ങള്‍ ഉണ്ടായാല്‍ ചുമതലകളില്‍നിന്ന് നീക്കംചെയ്യാന്‍ സര്‍ക്കാറിന് അധികാരമുണ്ടാകും. അതേസമയം, ഗവര്‍ണര്‍ അയച്ച മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.