Sat. Apr 20th, 2024

പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഓടക്കാലി ജങ്ഷനും കളമ്പാടന്‍തൊണ്ടിനും ഇടക്കായി നടന്ന അപകടത്തില്‍ കോതംമംഗലം കുത്തുകുഴി വലിയപാറ അജേഷ്‌കുമാര്‍ (31) കുത്തുകുഴി മേലേത്തുവീട്ടില്‍ ദീപു എം ദേവസ്യ (32) എന്നിവരാണ് മരിച്ചത്.

ഇരുവരും കോതമംഗലത്തുനിന്ന് പെരുമ്പാവൂരിലേക്ക് ആക്ടിവയില്‍ പോകുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. ബസ് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അജേഷ് അപകടസ്ഥലത്തുവച്ചും ദീപു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലുമാണ് മരിച്ചത്.

മരിച്ച രണ്ടുപേരും സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും.