Tue. Nov 24th, 2026

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എയ്ഡഡ് എല്‍ പി സ്‌കൂളില്‍ പൂജ നടത്തിയ സംഭവത്തില്‍ മാനേജ്‌മെന്റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും. സംഭവം അന്വേഷിച്ച കുന്നുമ്മല്‍ എ ഇ ഒ, ചട്ടലംഘനം നടന്നതായി പെതുവിദ്യാഭ്യസ ഡയറക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് തീരുമാനമായത്.

മാനേജറുടെ മകന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടന്ന പൂജ നിര്‍ത്തിവെക്കാന്‍ പ്രധാനാധ്യാപിക ആവശ്യപ്പെട്ടിരുന്നു. അതനുസരിക്കാതെ പൂജ തുടര്‍ന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനു റിപ്പോര്‍ട്ട് കൈമാറും.



ചെവ്വാഴ്ച രാത്രിയാണ് സ്‌കൂള്‍ മാനേജരുടെ മകന്‍ രുധീഷിന്റെ നേതൃത്വത്തില്‍ സ്‌കൂളിനകത്ത് പൂജ നടത്തിയത്. സ്‌കൂളിലെ ഒരധ്യാപികയും പൂജയില്‍ പങ്കെടുത്തു. പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ട് മുറികളിലു മായിരുന്നു പൂജ. സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് രാത്രി എട്ടുമണിയോടെ വാഹനങ്ങള്‍ കണ്ട നാട്ടുകാര്‍ സ്‌കൂളിലെത്തിയപ്പോഴാണ് പൂജ നടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ സി പി എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ തൊട്ടില്‍പാലം പോലീസെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ഏഴ് പേരെ പിന്നീട് വിട്ടയച്ചു.

സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എസ് എഫ് ഐയും ഡി വൈ എഫ് ഐയും പ്രതിഷേധത്തില്‍ പങ്കാളികളായി. സംഭവത്തില്‍ നടപടി എടുക്കും വരെ സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി.