Sat. Apr 20th, 2024

ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയില്‍. ഷാന്‍ വധക്കേസിലെ പ്രതി ജാമ്യത്തില്‍ കഴിയുന്ന മണ്ണഞ്ചേരി അതുലാണ് അറസ്റ്റിലായവരില്‍ ഒരാള്‍. നീതിഷ് കുമാര്‍, വിജീഷ്, അനന്തു, അലന്‍ ബെന്നി, പ്രശാല്‍, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീന്‍, രാജേഷ് എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനാണ് ഇവര്‍ ഒത്തു കൂടിയത്.

പൊതുസ്ഥലത്തു ബഹളം വച്ചതിനും മദ്യപിച്ചതിനുമാണ് ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടാസംഘത്തിന്റെ ശല്യത്തെക്കുറിച്ചുള്ള വിവരത്തെ തുടര്‍ന്ന് വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്. ഗുണ്ടകള്‍ എത്തിയ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കൊലക്കേസ് പ്രതി മാട്ടക്കണ്ണന്‍, ഗുണ്ടകളായ തക്കാളി ആഷിക്, വിടോബ ഫൈസല്‍, ഡെയ്ഞ്ചര്‍ അരുണ്‍, അമല്‍, ഫാറൂഖ് സേട്ട്, വിജയ് കാര്‍ത്തികേയന്‍ എന്നിവര്‍ ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.