Fri. Mar 1st, 2024

കുമളി: കുമളിയില്‍ കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 18 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുമളി ഒന്നാംമൈല്‍ സ്വദേശി മുഹമ്മദ് ബഷീര്‍(43) അമരാവതി രണ്ടാംമൈല്‍ സ്വദേശി നവാസ് ഇ.നസീര്‍(33) എന്നിവരാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി പിടിയിലായത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും കുമളി പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കുമളി സ്‌കൂളിന് സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മിന്നല്‍പരിശോധനയാണ് അന്വേഷണം സംഘം നടത്തിയത്. വിവിധ പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടൊയെന്ന് അന്വേഷിച്ചു വരികയാണ്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.