Sun. Feb 25th, 2024

ഈ വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും 33% സ്ത്രീകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിൽ നിന്നൊരു “പെൺമെമ്മോറിയൽ ” 17.2. 24 ന് ശനിയാഴ്ച രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുകയാണ്. അതിനായി ശേഖരിച്ച ഒപ്പുകൾ എ.കെ.ജി സെൻറർ മുതൽ ഇന്ദിരാഭവൻ വരെയുള്ള റോഡിൽ ചുരുൾ നിവർത്തുന്നു.

തൊഴിലിനും വിദ്യാഭ്യാസത്തിനും രാഷ്ട്രീയ പ്രാതിനിധ്യത്തിനും വേണ്ടിയുള്ള സമരങ്ങളുടെ ചരിത്രം കൂടിയാണ് കേരളീയ ആധുനികതയുടേത്. എന്നാൽ ലിബറൽ ജനാധിപത്യങ്ങളിൽ സാധ്യമായ തുല്യ പ്രാതിനിധ്യമോ താരതമ്യേന മെച്ചപ്പെട്ട പാർലമെൻ്ററി പങ്കാളിത്തമോ പോലും നേടിയെടുക്കാൻ മലയാളി സ്ത്രീകൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.

നമ്മെക്കാൾ പിന്നാക്കമെന്നു കരുതപ്പെടുന്ന സംസ്ഥാനങ്ങളിലെ നിയസഭകളിലെയും അവിടെ നിന്നുള്ള ലോകസഭ/ രാജ്യസഭ അംഗങ്ങളുടെയും അത്ര പ്രാതിനിധ്യം പോലും കേരളത്തിലെ സ്ത്രീകൾക്കില്ല. കേരള നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം 8.75% മാത്രമാണ്. ലോകസഭയിൽ പ്രാതിനിധ്യം 5 % മാത്രം. രാജ്യസഭയിലേക്ക് സ്വാതന്ത്ര്യത്തിനു ശേഷം 4 സ്ത്രീകൾ മാത്രമാണ് കേരളത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ ഉള്ളത് 9ൽ 1 മാത്രം.ദീർഘകാലമായി ചർച്ച ചെയ്യപ്പെടുന്ന സ്ത്രീ സംവരണ നിയമം BJP ഗവർമെണ്ട് പാസ്സാക്കിയെങ്കിലും അതിനെ കോൾഡ് സ്റ്റോറേജിൽ വെച്ചിരിക്കുകയാണ്. സെൻസസിനു ശേഷം മണ്ഡലങ്ങൾ പുനർനിർണയിച്ച് 33% സ്ത്രീ സംവരണം നടപ്പിലാക്കുമെന്നാണ് അവർ പറയുന്നത്. 2021 ൽ നടക്കേണ്ട സെൻസസ് 2024 ലും നടത്താൻ അവർ തയ്യാറായിട്ടില്ല. ഒരു വർഷത്തെ തയ്യാറെടുപ്പെങ്കിലുമില്ലാതെ സെൻസസ് ആരംഭിക്കാനുമാവില്ല. എന്നു നടക്കുമെന്നുറപ്പില്ലാത്ത സെൻസസും മണ്ഡല പുനർനിർണയവും സ്ത്രീ സംവരണത്തിനു മുന്നുപാധിയായി വെക്കേണ്ട സാഹചര്യമൊന്നുമില്ല.

സ്ത്രീ പുരുഷ അനുപാതം ഏറെക്കുറെ ഇന്ത്യയിൽ തുല്യമാണ്.സെൻസസിന് ശേഷവും അതിൽ കാര്യമായ വ്യത്യാസമൊന്നും വരില്ല. തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഭരണഘടനാ ഭേദഗതിയിലൂടെ 33% സ്ത്രീ സംവരണം ഏർപ്പെടുത്തിയപ്പോൾ ഓരോ തെരെഞ്ഞെടുപ്പിലും മണ്ഡലങ്ങൾ റൊട്ടേറ്റു ചെയ്യുന്ന രീതിയാണ് നിലനിൽക്കുന്നത്. ഈ രീതി പിന്തുടരുമ്പോൾ സെൻസസോ മണ്ഡല പുനർനിർണയമോ ഉപാധിയാക്കേണ്ട കാര്യമേ ഇല്ല.

നിയമം നിർമ്മിച്ച് സ്ത്രീകളെ കബളിപ്പിക്കാനും എന്നാൽ അത് നടപ്പിലാക്കാതെ വഞ്ചിക്കാനുമുള്ള ആസൂത്രിത നീക്കത്തിൻ്റെ ഭാഗമായിരുന്നു ഈ കാര്യത്തിനു വേണ്ടി തിരക്കിട്ട് ഒരു സ്പെഷൽ സമ്മേളനം വിളിച്ചു ചേർത്ത് നിയമം പാസ്സാക്കുന്നതിൽ BJP ഗവർമെണ്ട് കാട്ടിയ മിടുക്ക്. പ്രതിപക്ഷത്തെ 3 അംഗങ്ങൾ ഒഴിച്ചുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ നിയമം ഉടൻ തന്നെ നടപ്പിലാക്കണമെന്നും ലോകസഭ തെരെഞ്ഞെടുപ്പിൽ തന്നെ 33% സംവരണ സീറ്റുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടവരാണ്.ഈ സാഹചര്യത്തിൽ ആണ് വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 33% സ്ത്രീകളെയെങ്കിലും മത്സരിപ്പിക്കണമെന്ന് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളോട് ആവശ്യപ്പെടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഭരണഘടനാ ഭേദഗതിയിലൂടെ 33% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തപ്പോൾ 50 % പ്രാതിനിധ്യം സംവരണം ചെയ്തു കൊണ്ട് മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം. മറ്റ് പല മേഖലകളിലും കേരളം ഇന്ത്യക്കു മാതൃകയാണെങ്കിലും നിയമസഭ – ലോകസഭ രാജ്യസഭ ജനപ്രാതിനിധ്യത്തിൻ്റെ കാര്യത്തിൽ അങ്ങിനെയല്ല.

2014 ലെ ലോകസഭ തെരെഞ്ഞെടുപ്പിൽ തൃണമൂൽ കോൺസ് 28% സീറ്റും 2019 ൽ 40% സീറ്റുകളും സ്ത്രീകൾക്ക് നൽകി. അവരുടെ22 സ്ഥാനാർത്ഥികൾ വിജയിച്ചതിൽ സ്ത്രീകൾ 9 പേരുണ്ട്. (17 സ്ത്രീകളെ മത്സരിപ്പിച്ചതിൽ 9 പേർ വിജയിച്ചു). വിജയം 53 %.

2019 ൽ ഒറീസയിൽ ബിജു ജനത ദൾ 21 സീറ്റിൽ 7സീറ്റ് സ്ത്രീകൾക്ക് നൽകി. കൃത്യം33%.
അവരുടെ 7 സ്ത്രീ സ്ഥാനാർത്ഥികളിൽ 5 പേർ വിജയിച്ചു. വിജയശതമാനം 71. എന്നാൽ കേരളത്തിലെ LDF, UDF മുന്നണികൾ 2 സീറ്റുകൾ (10%) വീതം മാത്രമാണ് സ്ത്രീകൾക്ക് നൽകിയത്.ഈ സാഹചര്യമാണ് എല്ലാ മേഖലയിലുമുള്ള കേരളീയരുടെ 1 ലക്ഷം ഒപ്പുകൾ ശേഖരിച്ച് 2024 ഫെബ്രു.17 ന് ശനിയാഴ്ച തിരുവനന്തപുരത്ത് മുഖ്യ രാഷ്ട്രീയ നേതൃത്വങ്ങൾക്കും മുന്നണി കൺവീനർമാർക്കും പെൺമെമ്മോറിയൽ എന്ന നിലയിൽ കൈമാറാനുള്ള തീരുമാനത്തിൻ്റെ പിറകിലുള്ള പ്രേരണ. അടുത്തതെരെഞ്ഞെടുപ്പിൽ 33% സ്ത്രീകളെയെങ്കിലും മത്സരിപ്പിക്കാനുള്ള ആർജ്ജവം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ കാട്ടണം.

പ്രമുഖരാഷ്ട്രീയ നേതാക്കളും കലാ സാഹിത്യ രംഗത്തെ പ്രമുഖരും വിദ്യാർത്ഥികളും അടങ്ങുന്ന ബഹുജനങ്ങൾ പെൺ മെമ്മോറിയലിൽ ചാർത്തിയ ഒപ്പുകൾ 17-2-24 ന് തിരുവനന്തപുരത്ത് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കൈമാറും. 3 മണിക്ക് ഒപ്പു ചുരുളുകൾ എ.കെ.ജി സെൻ്റർ മുതൽ ഇന്ദിരാഭവൻ വരെ നഗര വീഥിയിൽ ചുരുൾ നിവർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പൊതുസമ്മേളനം നടക്കും. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. സാഹിത്യ, രാഷട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ പ്രവർത്തകർ അഭിവാദ്യം ചെയ്യും. ഒപ്പു ചുരുൾ നിവർത്തലിലും തിരുവനന്തപുരത്ത് നടക്കുന്ന പരിപാടികളിലും മുഴുവൻ ജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവുമുണ്ടാവണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.

പ്രൊഫ. കുസുമം ജോസഫ് (ചെയർപേഴ്സൺ) 9495567276
എം.സുൽഫത്ത് (കൺവീനർ) 89 2 11 01128
വിനയ എൻ.എ (വൈസ് ചെയർപേഴ്സൺ) 89215832O2
അമ്മിണി കെ.വയനാട് (ജോ.. കൺവീനർ)8281400483
നെജു ഇസ്മയിൽ (ട്രഷറർ) 9388657810

തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം