Wed. Feb 21st, 2024

✍️ ചന്ദ്രപ്രകാശ് എസ് എസ്

മുസ്ലീംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട നിലപാട് സോഷ്യൽ മീഡിയയിലും പുറത്തും വലിയ ചർച്ചയായി. പലരും അതിശയത്തോടെ അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടു. അനുകൂലിച്ചും പ്രതികൂലിച്ചും പലരും നിലപാടുകൾ പറഞ്ഞു. ലീഗിൻ്റെ പൂർവകാല ചരിത്രം അറിയുന്നവർക്ക് സാദിഖലിയുടെ നിലപാടിൽ ഒരതിശയവും തോന്നിയില്ല. കാരണം മുസ്ലീംലീഗ് അതും അതിലപ്പുറവും ചെയ്യുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ചരിത്രത്തിൻ്റെ എടുകൾ പരിശോധിച്ചാൽ അത്തരം നിരവധി വിഷയങ്ങൾ ലീഗുമായി ബന്ധപ്പെട്ടുണ്ട്.
അതിലൊന്ന് ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നു.

മുസ്ലീംലീഗിൻ്റെ ചന്ദ്രക്കലാംങ്കിത പച്ച പതാകയാൽ അണിയിച്ചൊരുക്കപ്പെട്ട മൈക്ക് സ്റ്റാന്റിൽ നിന്ന് ശിവസേനയെന്ന തീവ്രഹിന്ദു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ബാലാസാഹബ് കേശവ് ഠാക്കറെ എന്ന ബാൽ താക്കറെ പലവട്ടം പ്രസംഗിച്ചിട്ടുണ്ട്. ലീഗ് – സേന സഖ്യം മഹാരാഷ്ട്രയിൽ ഒരു കാലത്ത് സജീവമായിരുന്നു.

താക്കറെയും ലീഗ് അഖിലേന്ത്യാ നേതാവ് ബനാത്വാലയും ഒരുമിച്ച് പലവട്ടം മുംബൈയിൽ സ്‌റ്റേജ് പങ്കിടുകയും പ്രസംഗിക്കുകയും ചെയ്ത ചരിത്രം നമ്മുടെ ഇടയിൽ എത്രപേർക്കറിയാം?1966 ലാണ് ശിവസേന ജന്മം കൊണ്ടത്. മറാത്ത പ്രാദേശികവാദം ആളിക്കത്തിച്ച് പടുത്തുയർത്തിയ പ്രസ്ഥാനം. മുഹമ്മദലി ജിന്നയുടെ തട്ടകമായിരുന്ന മുംബൈയിൽ മുസ്ലീംലീഗിനും അക്കാലത്ത് ഗണ്യമായ സ്വാധീനം ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമര കാലം മുതൽ 70 കളുടെ അന്ത്യ പാദം വരെ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന്റെ ഈറ്റില്ലമായിരുന്നു മുംബൈ. മുംബൈയിലെ മുഴുവൻ ട്രെഡ് യൂണിയനുകളും കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ളവയായിരുന്നു. 70 കളിൽ കോൺഗ്രസ് ഭരണകാലത്തുണ്ടായ സാമ്പത്തിക കുഴപ്പങ്ങളുടെ ഒരു പ്രത്യേക കാലഘട്ടത്തിലാണ് ശിവസേന മുംബൈയിൽ നീരാളിപ്പിടുത്തം നടത്തുന്നത്.

അക്കാലത്ത് മുംബൈ കോർപ്പറേഷനിൽ ശിവസേന ഭരണം നടത്തിയത് മുസ്ലീം ലീഗിന്റെ 11 അംഗങ്ങളുടെ പിന്തുണയിലായിരുന്നു.ഈ ബാന്ധവം ഒളിഞ്ഞും തെളിഞ്ഞും പിന്നീട് പലവട്ടം തുടർന്നു.70 കളുടെ തുടക്കം മുതൽ ഒടുക്കം വരെയും മുസ്ലീംലീഗ് – ശിവസേന സഖ്യം മുംബൈയിൽ ദൃഢമായിരുന്നു.

ലീഗ് നേതാവ് ബനാത്വാലയും സേനാ തലവൻ ബാൽ താക്കറെയും നിരവധി വേദികൾ ഒരുമിച്ച് പങ്കിട്ടുവെന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റുകളെ മുംബൈ മണ്ണിൽ നിന്നും കെട്ടുകെട്ടിക്കാൻ ഒരേ സ്വരത്തിൽ ആഹ്വാനവും ചെയ്തു.ഈ കുശാഗ്രബുദ്ധിക്ക് മുന്നിൽ കമ്മ്യൂണിസ്റ്റുകൾക്ക് അടിതെറ്റി. മുംബൈ തെരുവിൽ ശിവസേന അഴിഞ്ഞാടിയ അക്കാലത്ത് അതിനെതിരെ ചെറുവിരലനക്കാൻ കോൺഗ്രസ് ഉൾപ്പടെ ആർക്കും കഴിഞ്ഞില്ല. അതേസമയം ഇന്ദിരാഗാന്ധിയും ബാൽ താക്കറേയും അടുത്ത സുഹൃത്തുക്കളുമായിരുന്നു.

മണ്ണിന്റെ മക്കൾ വാദത്തിന്റെ കെടുതികൾ മുസ്ലീം മലയാളികൾ ഉൾപ്പടെയുള്ള സകലർക്കും നരകയാതന സമ്മാനിച്ചപ്പോൾ മുസ്ലീം ലീഗ് കാഴ്ചക്കാരായി നിന്ന് സേനയുടെ നാരങ്ങാവെള്ളം കലക്കികളായി.അവർ താക്കറെക്ക് കലവറയില്ലാത്ത ഊർജ്ജവും പിന്തുണയും പകർന്ന് നൽകുക കൂടിചെയ്ത് അഞ്ചാംപത്തികളായി കരുത്ത് കാട്ടി. മലയാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങൾ അന്ന് വ്യാപകമായി തല്ലിത്തകർത്തു. തെക്കേ ഇന്ത്യൻ ശൈലിയിൽ മുണ്ടുടുത്ത മുംബൈയിലെ മുഴുവൻ മലയാളികളേയും ശിവസേന ആക്രമിച്ചു.

1970 ജൂൺ 5 – സി പി ഐ യുടെ പരോൽ മണ്ഡലത്തിലെ എംഎൽഎ കൃഷ്ണദേശായി ശിവസേന പ്രവർത്തകരാൽ അതിക്രൂരമായി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഓഫീസ് ആക്രമിച്ച് അഗ്നിക്കിരയാക്കി.ശിവസേനാ പ്രവർത്തകരായ പ്രതികളുടെ വക്കാലത്ത് എടുത്തത് രാംജത് മലാനി. കോൺഗ്രസ് ഭരണകൂടം പ്രതികൾക്ക് ആവോളം പിന്തുണ നൽകിയതിനാൽ കേസ് ദുർബലപ്പെട്ടു. അതിന് മുൻപ് 1967ൽ ദേശായി സേനാ കാപാലികരുടെ കൊലയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അതും ദേശായിയുടെ ഭാര്യ സൃഷ്ടിച്ച ബ്രീഫ്കേസ് പരിചയുടെ ബലത്തിൽ.അതേ വർഷം ഒക്ടോബറിൽ പരോൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നു.സി പി ഐ സ്ഥാനാർത്ഥിയായി മൽസരിച്ചത് കൃഷ്ണദേശായിയുടെ ഭാര്യ സരോജനി ദേശായിയായിരുന്നു.1679 വോട്ടിന് മുസ്ലീംലീഗ് പിന്തുണയോടെ മൽസരിച്ച ശിവസേന സ്ഥാനാർത്ഥി സരോജനി ദേശായിയെ തോൽപ്പിച്ചു. 1679 വോട്ട് ഭൂരിപക്ഷവും ലീഗിന്റെ പിന്തുണയും !

ശിവസേനയുടെ ചരിത്രത്തിലെ ആദ്യ എം എൽ എ ലീഗിൻ്റെ അനുഗ്രഹത്താലും പിന്തുണയാലും രാജ്യത്ത് ആദ്യമായി ഉണ്ടായി. മുസ്ലീംലീഗ് വെള്ളിത്തളികയിൽ ശിവസേനക്ക് സമ്മാനിച്ച കന്നി എം എൽഎ സ്ഥാനം. അന്ന് ജനസംഘം പോലും അകലെ നിർത്തിയിരുന്ന ഒരു പ്രസ്ഥാനമായിരുന്നു ശിവസേന. എന്നിട്ടും ശിവസേനയ്ക്ക് ലഭിച്ച ചരിത്ര അംഗീകാരത്തിന്റെ മുഖ്യ ശില്പിയായി മുസ്ലീം ലീഗ് മാറി. അന്നും ഇന്നും ലീഗ് ഇതും ഇതിലപ്പുറവും ചെയ്ത ഒരു ചത്ത കുതിര മാത്രം !

Leave a Reply