Sun. Feb 25th, 2024

കൊച്ചി: സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രതിഫലത്തിന്റെ പേരില്‍ താന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ ലക്ഷ്യം അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ ആയിരുന്നില്ലെന്നും അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്നും പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് വ്യക്തമാക്കി.

പ്രിയ കവി സച്ചിദാനന്ദന്‍ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്‌നത്തെ ആദരിക്കുന്നുവെന്നും സര്‍ക്കാരും സമൂഹവും കവികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും അല്ലാതെ നഷ്ടപരിഹാരം നല്‍കി തന്നെ ഒതുക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സുഹൃത്ത് സി ഐ സി സി ജയചന്ദ്രനാണ് പുതിയ കുറിപ്പും ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.



ജയചന്ദ്രന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്കാവശ്യമില്ല. കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം. മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍-സിനിമാതാരങ്ങള്‍ക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണു പരിപാടികള്‍ക്കു പ്രതിഫലമായി സമൂഹം നല്‍കുന്നത്. സര്‍ക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുന്‍നിര്‍ത്തി വെളിപ്പെടുത്തുകയായിരുന്നു ലക്‌ഷ്യം.

എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നല്‍കി പരിഹരിക്കാവുന്ന പ്രശ്‌നമല്ല അത്. സാഹിത്യസമ്പര്‍ക്കത്തിന്റെ വിശാലമേഖലകള്‍ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തെയും പ്രിയകവി സച്ചിദാനന്ദന്‍ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്‌നത്തെയും ഞാന്‍ ആദരിക്കുന്നു. സര്‍ക്കാരും സമൂഹവും ഞങ്ങള്‍ കവികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നല്‍കി ഒതുക്കുകയല്ല വേണ്ടത്.