Fri. Mar 1st, 2024

✍️ ചന്ദ്രപ്രകാശ്.എസ്.എസ്

സുപ്രസിദ്ധികൊണ്ട് ഗാന്ധിജിയേയും, കുപ്രസിദ്ധി കൊണ്ട് കിരാതനും പരമപാപിയുമായ ഗോഡ്സയേയും ലോകം മുഴുവൻ അറിയും. എന്നാൽ രഘുനാഥ് നായക് എന്ന ബിർള ഹൗസിലെ തോട്ടക്കാരനെ എത്രപേർക്ക് അറിയാം ?

1948 ജനുവരി 30, സമയം 5.17 പി എം സ്ഥലം – ഡൽഹി ബിർള ഹൗസ്-സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ കൊലപാതകം അരങ്ങേറിയ ദിവസം !

ഗാന്ധി വധം എങ്ങനെയാണ് അരങ്ങേറിയതെന്ന് ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് വരെ സാമാന്യമായി അറിയാമെങ്കിലും ഗോഡ്സയെ കയ്യോടെ പിടിക്കപ്പെട്ട സാഹചര്യം പലർക്കും അത്ര നന്നായി അറിവുള്ള കാര്യമല്ല.

രഘുനാഥ് നായക് എന്ന ബിർള ഹൗസിലെ തോട്ടക്കാരനാണ് സ്വജീവൻ പണയപ്പെടുത്തി തോക്ക് കൈവശമുള്ള ഗോഡ്സെയെ അടിച്ച് തറയിൽ കമഴ്ത്തിയിട്ട് കീഴ്പ്പെടുത്തിയത്. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ ജുഗുലെയ്പാഡ ഗ്രാമക്കാരനാണ് രഘുനാഥ്. ഭാര്യ മണ്ഡോദരിയ്ക്കൊപ്പം ബിർള ഹൗസിലായിരുന്നു അക്കാലത്ത് താമസം.പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് ഗാന്ധിജിയ്ക്ക് നേരെ ബുള്ളറ്റുകൾ വർഷിച്ച ഗോഡ്സേ സംഭവസ്ഥലത്തു നിന്നും ജനങ്ങളുടെ പരിഭ്രാന്തിക്കിടെ എല്ലാപേരുടേയും കണ്ണ് വെട്ടിച്ച് അവിടെ നിന്നും തന്ത്രപൂർവം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പെട്ടന്നായിരുന്നു രഘുനാഥിൻ്റെ അരങ്ങേറ്റം.

ഗോഡ്സെയുടെ പിന്നാലെ മിന്നൽവേഗത്തിൽ പാഞ്ഞെത്തി രഘുനാഥ് ഗോഡ്സയെ കീഴ്പ്പെടുത്തുകയായിരുന്നു. എല്ലാ കൊല്ലവും ജനുവരി 30 ന് ജുഗുലെയ്പാഡ നിവാസികൾ ഗാന്ധിജിക്കൊപ്പം രഘുനാഥിനും ആദരാഞ്ജലി അർപ്പിക്കാറുണ്ട്. ജീവിതകാലത്ത് അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ രഘുനാഥ് നായക് 1983 ആഗസ്റ്റ് 13 നാണ് അന്തരിച്ചത്.

ഗാന്ധിജിയുടെ പെർസണൽ സെക്രട്ടറിയായിരുന്ന പ്യാരേലാൽ നയ്യാർ എഴുതിയ
“Mahathma Gandhi The Last Phase” എന്ന ഗ്രന്ഥത്തിൽ രഘുനാഥിൻ്റെ ധീരകൃത്യം വളരെ വിശദമായി പരാമർശിക്കുന്നുണ്ട്. ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധി എഴുതിയ “Let’s Kill Gandhiji !” A Chronicle OF His Last Days,The Conspiracy,Murder, Investigation and Trial എന്ന പുസ്തകത്തിലും രഘുനാഥിനെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

പുസ്തകത്തിലെ ആറാം പേജിൽ രഘുനാഥിനെ പരാമർശിച്ചു കൊണ്ട് തുഷാർ ഗാന്ധി രേഖപ്പെടുത്തിയത് ഇങ്ങനെ: “രഘുനാഥ് ഗോഡ്സെയുടെ അടുത്തേയ്ക്ക് പാഞ്ഞുവന്നു.
കൈയിലുണ്ടായിരുന്ന അരിവാൾ കൂട്ടിപ്പിടിച്ചുകൊണ്ട് തന്നെ ഗോഡ്സേയുടെ തലയുടെ പിൻഭാഗത്ത് ശക്തമായി അടിച്ച് നിലത്തിട്ട് കീഴ്പ്പെടുത്തി. വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ഗോഡ്സേയെ കുപ്പായമടക്കം പിടിച്ച് കമഴ്ത്തിയടിച്ചു. കുപ്പായത്തിൻ്റെ ഒരു ഭാഗം കീറിപ്പോയിരുന്നു.”ഗാന്ധിജിയുടെ മരണശേഷം വിഷാദരോഗിയായി മാറിയ രഘുനാഥ് ജോലിയുപേക്ഷിച്ച് ജന്മനാട്ടിലേക്ക് തിരിച്ചുപോയി. കേസിലെ മുഖ്യ ദൃക്സാക്ഷിയായ രഘുനാഥിന് പലവട്ടം ഡൽഹിയിലെ പ്രത്യേക കോടതിയിൽ വരേണ്ടിവന്നു. പിന്നീട് പലരുടേയും ഉപദേശം മൂലം അദ്ദേഹം വീണ്ടും ബിർള ഹൗസിലെ ജോലിയിൽ തുടർന്നു.

1967ൽ പെൻഷനാകുന്നതുവരെ അദ്ദേഹവും ഭാര്യയും ഡൽഹി ബിർള ഹൗസിൽ താമസിച്ച് ജോലിചെയ്തു. ബിർള ഹൗസിൽ തങ്ങുന്ന സന്ദർഭങ്ങളിലെല്ലാം ഗാന്ധിജിയ്ക്ക് ആട്ടിൽപാൽ നൽകിയിരുന്നതും, അദ്ദേഹത്തിൻ്റെ മുറി വൃത്തിയാക്കിയിരുന്നതും മണ്ഡോദരിയായിരുന്നു.

1955 ഫെബ്രുവരി 2 ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് രഘുനാഥിനെ രാഷ്ട്രപതി ഭവനിൽ വച്ച് ആദരിക്കുകയും പ്രശംസാപത്രം നൽകുകയും ചെയ്തു. 2016 ൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് മണ്ഡോദരിയെ ആദരിക്കുകയും 5 ലക്ഷം രൂപ പാരിതോഷികം നൽകുകയും ചെയ്തു.2019 സെപ്തംബർ 12 ന് മണ്ഡോദരി മരണപ്പെട്ടു.

ഗോഡ്സേ, നീ ഭീരുവാണ്. പാൻ്റ്സിട്ട് ഫുൾ സ്ലീവിൽ വന്നുനിന്ന് മഹാത്മാവിൻ്റെ പാദം കുമ്പിട്ടശേഷം നീ ഉതിർത്ത വെടിയുണ്ടകൾ ഒരു പാവം അർദ്ധനഗ്നൻ എത്ര ധീരതയോടെയാണ് ഏറ്റുവാങ്ങിയത്! രഘുനാഥിന് നിന്നെ നിഷ്പ്രയാസം കൊല്ലാമായിരുന്നു. രഘുനാഥിൻ്റെ കൈയിൽ ആയുധവുമുണ്ടായിരുന്നു. എന്നിട്ടും നിന്നെ അയാൾ കൊന്നില്ല!