Sun. Feb 25th, 2024

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവച്ചു. ഖനന അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുമ്പായിരുന്നു രാജി പ്രഖ്യാപനം. ഇ ഡി, സോറനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. റാഞ്ചിയിലെ വസതിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇന്ന് ഉച്ചയോടെയാണ് ഇ ഡി സംഘം ഇവിടെയെത്തിയത്. സോറനെ നാളെ കോടതിയില്‍ ഹാജരാക്കും.

ചോദ്യം ചെയ്യലിന്റെ ഭാഗമായി റാഞ്ചിയിലെ സോറന്റെ വസതിക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇ ഡി യുടെ ഓഫീസിനടുത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

നിലവിലെ ഗതാഗത മന്ത്രിയായ ചംപൈ സോറന്‍ അടുത്ത മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. ചംപൈ സോറന്റെ നേതൃത്വത്തില്‍ ജെ എം എമ്മിന്റെ എം എല്‍ എ മാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. 10 ദിവസത്തിനിടെ രണ്ടാം തവണയാണ് ഹേമന്ത് സോറനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇതിനു മുമ്പ് ജനുവരി 20 നായിരുന്നു ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഇ ഡി സോറന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെത്തിയിരുന്നെങ്കിലും സോറന്‍ റാഞ്ചിയിലേക്ക് പോയിരുന്നു.