Wed. Feb 28th, 2024

✍️  ഡോ. സി. വിശ്വനാഥൻ

2015 ൽ യുക്തിയുഗം മാസികയിൽ ഡോ. സി. വിശ്വനാഥൻ എഴുതിയ ‘എന്തുകൊണ്ട് അയ്യപ്പൻ?’ എന്ന ലേഖനമാണ് ഇത്.

സഹോദരൻ അയ്യപ്പനെതിരെ ഒരു ഒറ്റപ്പെട്ട ശബ്ദമായി അക്കാലത്ത് കേട്ട അടിസ്ഥാന രഹിതമായ ഭർത്സനങ്ങൾ, ഇപ്പോൾ വിപുലമായ തോതിൽ രവിചന്ദ്രൻ ഏറ്റെടുത്തു പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ടല്ലോ. കേരളത്തിലെ സ്വതന്ത്രചിന്താമണ്ഡലത്തിൻ്റെ ചരിത്രത്തെക്കുറിച്ച് അധികമറിയാത്ത പലരും ഈ വ്യാജപ്രചരണത്താൽ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട്. എന്തുകൊണ്ട് കേരളീയ സ്വതന്ത്രചിന്തകർ സഹോദരൻ്റെ നിലപാടുകൾ അറിയുകയും വിലമതിക്കുകയും ചെയ്യണം എന്ന വിഷയത്തിൽ സജീവ താൽപര്യമുള്ളവർ മാത്രം തുടർന്നു വായിക്കുക:

“യുക്തിവാദികൾക്കു ദൈവങ്ങളില്ല: മാർഗ്ഗദർശികളേയുള്ളു. സഹോദരൻ അയ്യപ്പനും അങ്ങിനെ തന്നെ. സഹോദരൻ അയ്യപ്പനോടൊപ്പം പ്രാധാന്യമുള്ളവരാണ് രാമവർമ്മത്തമ്പാനും, എം. സി. ജോസഫും, പി.പി ആന്റണിയും, കോരുമാസ്റ്റരുമൊക്കെ. കെ. അയ്യപ്പനുശേഷം കേരളത്തിലെ യുക്തിവദികൾക്കു മാർഗ്ഗദർശികളായി ഇടമറുകും, എ.ടി.കോവൂരും, കുറ്റിപ്പുഴയും, പവനനുമൊക്കെയുണ്ടായിരുന്നു.”

യുക്തിയുഗത്തിന് എന്നും പിന്തുണയും സഹായവും നല്കിപ്പോന്നിട്ടുള്ള ഒരു അഭിവന്ദ്യസുഹൃത്ത് ഈയിടെ പറഞ്ഞ ഒരഭിപ്രായം ആണിത്. യുക്തിയുഗത്തിന്റെ ഒന്നാം ലക്കം തൊട്ടിങ്ങോട്ട് നിരവധി സന്ദർഭങ്ങളിൽ ഞങ്ങൾ സഹോദരൻ അയ്യപ്പന്റെ പേര് അനുസ്മരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ശരിയാണ്. ഇത് ഒരു വ്യക്തിപൂജയായി തോന്നിയെങ്കിൽ ക്ഷമിക്കുക. അങ്ങിനെ യാതൊരു ഉദ്ദേശവും ഞങ്ങൾക്കില്ല. അയ്യപ്പൻ നിർത്തിയേടത്തു നിന്നാണ് നമ്മൾ നടപ്പ് തുടങ്ങേണ്ടത് എന്ന നിലപാട് മുൻപ് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ഒരിക്കൽ കൂടി ആവർത്തിക്കട്ടെ. യുക്തിവാദികൾക്ക് ദൈവങ്ങളില്ല എന്ന പ്രസ്താവന ഞങ്ങളും അംഗീകരിക്കുന്നു. ഇന്ന് സഹോദരനെയാവട്ടെ, മറ്റേതെങ്കിലുമൊരു പൂർവഗാമിയെയാവട്ടെ, നമ്മൾ ഓർക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നാൽ അയാൾ തന്റെ ജീവിതകാലത്ത് എഴുതിയതും പറഞ്ഞതുമായ കാര്യങ്ങളിൽ നമുക്ക് പ്രസക്തമെന്നു തോന്നുന്നവയുണ്ടെങ്കിൽ അവയെ ഓർക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്നാണ് അർത്ഥം.സഹോദരൻ അയ്യപ്പന് മേൽ പേരെടുത്തു പറഞ്ഞ മറ്റു പൂർവഗാമികളെക്കാൾ ഇന്നത്തെ സാഹചര്യത്തില്‍ ഒരു അധിക പ്രാധാന്യം ഞങ്ങൾ കല്പ്പിക്കുന്നുണ്ട് എന്നത് സത്യമാണ് . അതിനർത്ഥം മറ്റുള്ളവർ അപ്രധാനികളാണ് എന്നല്ല. ഇന്നത്തെ കേരളീയ സമൂഹത്തിൽ യുക്തിചിന്താപ്രവർത്തനം നടത്തുന്നവർ അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യങ്ങൾ അയ്യപ്പൻറെ കാഴ്ചപ്പാടുകളെയും നിലപാടുകളെയും ഇക്കാലത്ത് സവിശേഷ പ്രാധാന്യമുള്ളതാക്കുന്നുവെന്നതാണ് ഉദ്ദേശം. ഇക്കാര്യം വിശദീകരിക്കാൻ ശ്രമിക്കാം:

“ജ്ഞാനോദയ യുക്തിവാദം കേരളത്തിൽ അവതരിപ്പിച്ച സഹോദരൻ അയ്യപ്പൻ ” എന്ന പരാമർശം യുക്തിയുഗത്തിന്റെ ഒന്നാം ലക്കത്തിന്റെ മുഖപ്രസംഗത്തിൽ കാണാം. ഇത് വെറുതെ ഒഴുക്കനായി പറഞ്ഞ ഒരു കാര്യമല്ല. അയ്യപ്പനെ വിമർശിച്ച അഭിവന്ദ്യ സുഹൃത്ത്‌ സൂചിപ്പിച്ചതുപോലെ “യുക്തിവാദി മാസികയുടെ സ്ഥാപകരിൽ ഒരാൾമാത്രമാണ്‌ അയ്യപ്പൻ” എന്നത് സാങ്കേതികമായി ശരി തന്നെ. അഞ്ചുപേരിൽ ഒരാൾ ആയിരുന്നു അദ്ദേഹം. എങ്കിലും, യുക്തിവാദം എന്ത് എന്നതു സംബന്ധിച്ച തിരിച്ചറിവ് കേരളത്തിൽ ആദ്യമായി പ്രഖ്യാപനം ചെയ്ത ആ പ്രസിദ്ധ മുഖപ്രസംഗം (1929ൽ, യുക്തിവാദി മാസികയുടെ പ്രഥമലക്കത്തിൽ പ്രസിദ്ധീകരിച്ചത്. യുക്തിയുഗം മാസികയുടെ ഒന്നാം ലക്കത്തില്‍ ഇത് എടുത്ത്‌ ചേര്‍ത്തിട്ടുണ്ട്.) എഴുതിയത് സഹോദരൻ അയ്യപ്പനായിരുന്നു . “നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയ യുക്ത്യധിഷ്ടിതവുമായ ചിന്തനവും ” മാത്രമാണ് സാധുവായ അറിവിനുള്ള മാർഗം എന്ന ജ്നാനോദയാനന്തര യുക്തിവാദത്തിന്റെ ജ്ഞാനമാർഗം ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കപ്പെട്ടത് ആ മുഖപ്രസംഗത്തിലാണ്. യുക്തിവാദം എന്നാൽ ഒരു “മനോഭാവം ” ആണെന്നും, ഈ മനോഭാവം ജനങ്ങളിൽ സൃഷ്ടിക്കാനുള്ള വഴി ” യുക്തിവിരുദ്ധമായ വിശ്വാസങ്ങളെ ഖണ്ഡിക്കുകയും യുക്തിയുക്തമായ അറിവിനെ പരത്തുകയും” ആണ് എന്നുമുള്ള തിരിച്ചറിവുകൾ വെളിച്ചം കണ്ടതും, കഷ്ടിച്ച് ഒരു പേജ് മാത്രമുള്ള ഈ അടിസ്ഥാന രേഖയിലാണ്.

“കേരളത്തിൽ ഇന്ന് ഒരു പക്ഷത്തിനും പഥ്യമല്ലാതായിത്തീർന്ന് പടിയിറക്കപ്പെട്ട ജ്ഞാനോദയ (Enlightenment) ബൗദ്ധിക പാരമ്പര്യത്തെയാണ് ഈ മാസിക നെഞ്ചേറ്റുന്നത്‌ ” എന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം പ്രസ്താവിച്ചുകൊണ്ടാണ് യുക്തിയുഗം പുറത്തുവന്നത്. ആർക്കൊക്കെ ഇഷ്ടമായില്ലെങ്കിലും, ഇക്കാര്യത്തിൽ ഞങ്ങളുടെ നിലപാടിൽ ഒരു മാറ്റവുമില്ല എന്ന് ഒരിക്കൽ കൂടി ആവർത്തിക്കുന്നു. യുക്തിവാദംഎന്നാൽ യുക്തിയെ അടിസ്ഥാന്പ്പെടുത്തിയുള്ള അറിവു മാത്രം സ്വീകരിക്കുക എന്ന ഒരു മനോഭാവമാണ് എന്ന അയ്യപ്പൻറെ പ്രസ്താവനയിൽ , ‘യുക്തി ‘ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ജ്നാനോദയപൂർവ കാലത്തിന്റെ pure rationalism (‘കേവല യുക്തിവാദം’) കൊണ്ടാടിയ ‘ശുദ്ധ യുക്തി’ അല്ല, മറിച്ച് Empiricism കൂടി ഉൾക്കൊള്ളുന്ന ജ്നാനോദയാനന്തരയുക്തിയാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അതു കൊണ്ടാണ്‌ “നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയ യുക്ത്യധിഷ്ടിതവുമായ ചിന്തനവും ” എന്ന ജ്ഞാനമാർഗത്തെ അയ്യപ്പൻ ഉയർത്തിപ്പിടിക്കുന്നത്. ഇത് തന്നെയാണ് സയൻസിന്റെ ജ്നാനമാർഗവും. സമൂഹത്തിന്റെ ചിന്താരീതി ശാസ്ത്രത്തിന്റെതാക്കിത്തീർക്കുക എന്നതാണ് യുക്തിചിന്താ പ്രവർത്തനത്തിന്റെ ലക്ഷ്യം എന്ന് ‘യുക്തിയുഗ’ക്കാർ പറയുമ്പോൾ, അടിസ്ഥാനപരമായി 1929 ൽ സഹോദരൻ അയ്യപ്പൻ ‘യുക്തിവാദം ‘ എന്ന മനോഭാവത്തെ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞ നിലപാടുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്.രണ്ടു വാചകങ്ങളാണ് യുക്തിവാദി മാസികയുടെ പ്രഥമ ലക്കം തൊട്ടു സ്ഥിരമായി അതിന്റെ പുറംചട്ടയിൽ അച്ചടിച്ചിരുന്നത് . ഒന്നു മലയാളത്തിലും ഒന്ന് ഇംഗ്ലീഷിലും. രണ്ടും സഹോദരൻ എഴുതിയത് :
1- “യുക്തിയേന്തി മനുഷ്യൻറെ
ബുദ്ധിശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാതില്ലൊന്നും
ലോകവിജ്ഞാന രാശിയിൽ “
2-” Rationalism is after all the weighing of evidence by clear thinking and sifting truth from falsehood in all matters amenable to investigation”
ജ്നാനോദയാനന്തര യുക്തിചിന്തയെ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചു മലയാളത്തിൽ ഉണ്ടായ ഒരു മാസിക, പൂർവഗാമികളെ വിലയിരുത്തുമ്പോൾ, ഇത്ര വ്യക്തമായും കൃത്യമായും തൻറെ ജ്നാനശാസ്ത്ര നിലപാടുകൾ രൂപപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്ത അയ്യപ്പനെ തന്നെയാണ് ഒരു പൂർവികദിശാസൂചിയായി തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയലേശമില്ല.

ഏതു തരം അറിവിനെ സ്വീകാര്യമായിക്കരുതണം എന്നത് സംബന്ധിച്ച ഒരു മനോഭാവം ആയി യുക്തിവാദത്തെ തിരിച്ചറിയാത്തതിന്റെ തകരാറുകൾ കേരളീയ യുക്തിവാദ പ്രസ്ഥാനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. വാക്സിൻ വിരുദ്ധത, പ്രകൃതികൃഷി, യോഗചികില്സ, വൈരുദ്ധ്യാത്മക ഭൗതികവാദം ഇങ്ങനെ ചെറുതും വലുതുമായ എണ്ണമറ്റ മതേതര അന്ധവിശ്വാസങ്ങളും, ‘കേരളത്തിലെ പകർച്ചപ്പനി സി ഐ.എ യുടെ സൃഷ്ടി ‘ ‘പോളിയോ വാക്സിൻ വന്ധ്യംകരണത്തിനുള്ള സാമ്രാജ്യത്വ ഗൂഢാലോചന’ ഇത്യാദി കാലാകാലങ്ങളിൽ കെട്ടിയിറക്കപ്പെടുന്ന വിചിത്രമായ ഓരോരോ ഗൂഢാലോചനാ സിദ്ധാന്തങ്ങളുമൊക്കെ ‘യുക്തിവാദികൾ ‘ എന്നവകാശപ്പെടുന്നവർ നിസ്സങ്കോചം വാരിവിഴുങ്ങുന്നതിന്റെ കാരണം, യുക്തിവാദത്തെക്കുറിച്ചുള്ള ഈ അടിസ്ഥാന തിരിച്ചറിവ് അവർക്കില്ലാതെ പോയതാണ്. മതം മയക്കുമരുന്നാണ് എന്ന് ഇക്കൂട്ടർ ആവർത്തിക്കും. എന്നാൽ പ്രത്യയ ശാസ്ത്രമെന്ന സമകാലിക വിശ്വാസപ്രസ്ഥാനത്തെ തോളിലേറ്റുകയും ചെയ്യും. (ഒരേ സമയം “സത്യത്തെ ” (Truth) കുറിച്ചും “പെരുമാറ്റത്തെ ” കുറിച്ചും ( Conduct) ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്ന “സമ്പൂർണ” വ്യവസ്ഥകൾ ആണ് മതങ്ങളും  പ്രത്യയ ശാസ്ത്രങ്ങളും. മനുഷ്യാവസ്ഥയെയും പ്രകൃതിയേയും കുറിച്ച്‌ തങ്ങൾക്ക് തൃപ്തികരമായ ചില വിശദീകരണ സിദ്ധാന്തങ്ങൾ ഈ രണ്ടിനം വിശ്വാസപ്രസ്ഥാനങ്ങളും മുന്നോട്ടു വെക്കുന്നു. ശാസ്ത്രത്തിന്റെ മാർഗത്തിലൂടെ സിദ്ധിച്ച , തീർത്തും താൽക്കാലികവും തിരുത്തപ്പെടാവുന്നവയുമായ വീക്ഷണങ്ങൾ അല്ല ഇവ എന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക . ഒരു യുക്തിചിന്തകയെ സംബന്ധിച്ചിത്തോളം, ഇവ മതിയായ തെളിവില്ലാത്ത അന്ധവിശ്വാസങ്ങൾ മാത്രമാണ്. മതമോ പ്രത്യയശാസ്ത്രങ്ങളോ മസ്തിഷ്കത്തിൽ കുത്തിവെച്ച പ്രമാണങ്ങളുടെ കുഴൽക്കണ്ണാടിയിലൂടെ പ്രകൃതിയെയും സമൂഹത്തെയും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന “പ്രമാണങ്ങളിൽ നിന്ന് പ്രതിഭാസങ്ങളി ലേക്ക്” എന്ന വഴിയല്ല ജ്നാനോദയാനന്തര യുക്തിചിന്തയുടേത്. മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ,  വിശ്വാസത്തിന്റെയോ സാംസ്കാരിക പരിശീലനതിന്റെയോ പ്രത്യയ ശാസ്ത്ര ശിക്ഷണത്തിന്റെയോ ഒക്കെ ഫലമായി നാം വെച്ച് പുലര്‍ത്തുന്ന എല്ലാ ‘അനുഭവനിരപേക്ഷ സത്യ’ങ്ങളെയും (a priori truths) ചോദ്യം ചെയ്യാനുള്ള സന്നദ്ധതയാണ് ഈ നവീനമായ യുക്തിചിന്താപദ്ധതിയുടെ പ്രത്യേകത. ‘പ്രതിഭാസങ്ങളിൽ നിന്ന് പ്രമാണങ്ങളിലേക്ക് ‘ എന്നതാണ് അതിന്റെ ജ്നാനമാർഗം. “നിരീക്ഷണവും അതിനെ അടിസ്ഥാനപ്പെടുത്തിയ യുക്ത്യധിഷ്ടിതവുമായ ചിന്തനവും ” മാത്രമാണ് സാധുവായ അറിവിനുള്ള മാർഗം എന്ന് 1929 ൽ സഹോദരൻ എഴുതിയത് ഈ ജ്നാനമാർഗത്തെ കുറിച്ചാണ്.

തങ്ങളുടെ ‘തിരഞ്ഞെടുക്കപ്പെട്ട ജനത’ യെ കേന്ദ്രബിന്ദുവാക്കിയ പ്രത്യയശാസ്ത്ര / മത പ്രസ്ഥാനങ്ങൾ ഗോത്രീയ സ്വഭാവം പ്രകടമാക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണ് . “എന്തുപറഞ്ഞാലും ഗോത്രീയത… ഐഡിയോളജിപൊലും ഇവർക്കു ഗോത്രീയതയാണ്‌ ” എന്നു യുക്തിയുഗം കൂട്ടായ്മക്കെതിരെ ‘യുക്തിവാദി പക്ഷത്തു’നിന്ന് തന്നെ ഉയർന്ന വിമർശനം എന്താണ് സൂചിപ്പിക്കുന്നത് ? സ്വതന്ത്രചിന്ത / യുക്തിചിന്തയുമായി പൊരുത്തപ്പെടുന്ന ഒന്നല്ല ഐഡിയോളജികളിൽ ( പ്രത്യയശാസ്ത്രം ) ഉള്ള വിശ്വാസം എന്ന ലളിതസത്യം ഈ വിമർശകർ മനസ്സിലാക്കിയിട്ടില്ല എന്നതു തന്നെ. ഒപ്പം മറ്റൊന്നുകൂടി . അയ്യപ്പൻറെ വാക്കുകളിൽ “മർത്ത്യരെ പറ്റമായ് മേയ്ചീടുന്ന ” ഗോത്രീയ രീതി കേവലം പരമ്പരാഗത ആസ്തികമത മേധാവികൾ മാത്രമല്ല , വംശീയാധിഷ്ടിതവും പ്രത്യയശാസ്ത്രാധിഷ്ടിതവുമായി ഉയിരെടുത്തിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനമേധാവികളും ഇക്കാലത്ത് പയറ്റിക്കൊണ്ടിരിക്കുകയാണ് എന്നതും ഈ മാന്യ വിമർശകർ തിരിച്ചറിയുന്നില്ല.“സ്വതന്ത്രചിന്തയെന്നാൽ ശാസ്ത്രീയമായ ചിന്തയെന്നേ അർത്ഥമുള്ളൂ” എന്ന് അയ്യപ്പൻ പറഞ്ഞു . “ബുക്കുകൾക്കും പൂർവികർക്കും മർത്ത്യരെദ്ദാസരാക്കീടും സമ്പ്രദായം തകർക്കുന്ന” താണ് സയൻസിൽ അദ്ദേഹം ദർശിച്ച ഒരു വൈശിഷ്ട്യം എന്നതും ഓർക്കുക. സമൂഹത്തിന്റെ ചിന്താരീതി ശാസ്ത്രത്തിന്റെ ചിന്താരീതിയാക്കാൻ ശ്രമിക്കുന്ന ‘യുക്തിയുഗം’ അതിൻറെ ബൌദ്ധിക മുൻഗാമിയായി അയ്യപ്പനെ എണ്ണുന്നുവെങ്കിൽ അതിനു മതിയായ കാരണമുണ്ട് എന്നു സാരം.

സ്വതന്ത്രചിന്താപ്രവർത്തനം ഒരു രാഷ്ട്രീയപ്രവർത്തനമാണ് അയ്യപ്പൻ വിമർശനത്തിന്റെ ഭാഗമായി, സമശീര്‍ഷരായി മുകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ട തന്‍റെ സഹപ്രവര്‍ത്തകരുമായി സഹോദരൻ അയ്യപ്പനുള്ള പ്രധാനമായ ഒരു വ്യത്യാസം സ്വതന്ത്രചിന്തയെ / യുക്തിചിന്തയുടെ സാമൂഹ്യ – നൈതിക- രാഷ്ട്രീയ പ്രയോഗത്തിന് അദ്ദേഹം തുടക്കം കുറിച്ചു എന്നുള്ളതാണ്. യുക്തിചിന്താപ്രവർത്തനം എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനം ആണെന്ന് തിരിച്ചറിയുന്ന യുക്തിയുഗം കൂട്ടായ്മക്ക് അതുകൊണ്ട് തന്നെ സഹോദരൻ അയ്യപ്പൻറെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സമകാലീനരായ മറ്റേതൊരു യുക്തിവാദിയുടേതിനെക്കാളും പ്രസക്തവും പ്രധാനവുമാണ്. ഇക്കാര്യം വിശദീകരിക്കാം:

ഗോത്രീയ ചിന്താരീതിയെ വിമര്‍ശിക്കുന്നതിനു യുക്തിയുഗത്തെ ആക്ഷേപിക്കുന്നവർ മനസ്സിലാക്കാത്ത ഒരു മർമപ്രധാനമായ കാര്യമുണ്ട്. ഗോത്രീയതയിൽ നിന്ന് മാനവികതയിലേക്ക് , അഥവാ അടഞ്ഞ സമൂഹത്തിൽ (Closed society) നിന്ന് തുറന്ന സമൂഹത്തിലേക്ക് (Open society) ഉണ്ടായ പരിവർത്തനമാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും ആഴമേറിയ ഒരു പരിവര്‍ത്തനം. ഗോത്ര നിയമങ്ങളും ഗോത്ര നിരോധങ്ങളും കണ്ണും പൂട്ടി അനുസരിക്കുന്ന സ്വന്തമായ കർതൃത്വം (agency) ഇല്ലാത്ത ഗോത്രമനുഷ്യൻ, സ്വന്തമായി ചിന്തിക്കാൻ ധൈര്യപ്പെടുന്ന, കർതൃത്വ ശേഷിയുള്ള സ്വതന്ത്രപൗരൻ ആയി മാറി എന്നതാണ് ഇവിടെ സംഭവിച്ചത്. ജ്ഞാനോദയം (Enlightenment) എന്ന സാംസ്കാരിക പ്രക്രിയയിലൂടെയാണ് വിവിധ സമൂഹങ്ങൾ ഇങ്ങനെ ജനാധിപത്യത്തിലേക്കും സ്വതന്ത്രപൗര സ്വത്വത്തിലേക്കും നടന്നുമുന്നേറിയത്. ലോകത്തിലെ വിവിധ സമൂഹങ്ങളിൽ ഇന്നും ഈയൊരു പ്രക്രിയ സംഭവിച്ചിട്ടില്ല. ഇന്ത്യയിലാവട്ടെ, ജ്ഞാനോദയം എന്ന പ്രക്രിയ അപൂർണമായി നിന്നുപോയതിനാൽ നാമിന്നും ആധുനികമായൊരു ഭരണഘടനയെ പേരിനു പൊതുവിൽ അംഗീകരിച്ച നിരവധി ഗോത്രീയസമൂഹങ്ങളുടെ കൂട്ടായ്മ എന്ന വിചിത്ര അവസ്ഥയിൽ പെട്ടുകിടക്കുകയും ചെയ്യുന്നു. ഗോത്രീയതയുടെ ഈ ചളിയിലാണ് ജാതി-മതാധിഷ്ടിതരാഷ്ട്രീയത്തിന്റെ മാദകവിഷപുഷ്പങ്ങൾ വിരിഞ്ഞുലയുന്നത്. ഈ സവിശേഷ സാഹചര്യത്തിലാണ് യുക്തിയുഗം അതിൻറെ ലക്ഷ്യത്തെ ഇങ്ങനെ തിരിച്ചറിഞ്ഞത്‌:

“ചാവേറുകളും രക്തസാക്ഷികളും ആവാൻ ഉദ്ബോധിപ്പിക്കുന്ന വിശ്വാസാധിഷ്ടിത / മതാത്മക / ഗോത്രീയ ചിന്താരീതികളുടെ മാരക സ്വഭാവം ഇന്ത്യക്കകത്തും പുറത്തും കൂടുതൽ കൂടുതൽ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, സ്വന്തമായും സ്വതന്ത്രമായും യുക്തിപൂർവമായും ചിന്തിക്കുക എന്നാ യുക്തിയുഗസന്ദേശം പരക്കെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. കേരളീയ സമൂഹത്തിന്റെ ചിന്താരീതി ഇപ്രകാരം നവീകരിക്കുക എന്നതാണ് യുക്തിയുഗത്തിന്റെ സ്വപ്നം.”ഗോത്രീയചിന്തയിൽ നിന്ന് സ്വതന്ത്രചിന്തയിലേക്കുള്ള മാറ്റത്തിനു വേണ്ടിയുള്ള പ്രവർത്തനം അതിപ്രധാനമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. പാരമ്പര്യ സമൂഹത്തിൽ നിന്ന് പാരമ്പര്യാനന്തര സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന്റെ അന്ത:സത്ത ചിന്താരീതിയിലുള്ള ഈ നവീകരണമത്രേ.

എന്തുകൊണ്ട് അയ്യപ്പൻ ചിലനവ നാസ്തികർക്ക് അസ്വീകാര്യനാവുന്നു ?

ഞങ്ങളുടെ അഭിവന്ദ്യ സുഹൃത്ത് സഹോദരന്‍ അയ്യപ്പനെക്കുറിച്ച് ഇങ്ങനെ എഴുതിക്കണ്ടു: “സഹോദരൻ അയ്യപ്പൻ സഹോദരപ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്. ഇതാണ് പിന്നീടു യുക്തിവാദി പ്രസ്ഥാനമായി പരിണമിച്ചത്‌. യുക്തിവാദി മാസികയുടെ സ്ഥാപകരിൽ ഒരാൾ മാത്രമാണ്‌ അയ്യപ്പൻ. അവസാനകാലത്തു ജാതിപറയണം എന്നും, സമുദായത്തിനുവേണ്ടി നിലകൊള്ളണമെന്നും പറഞ്ഞ അവസ്ഥയിലേക്ക് തരംതാണു. ഇതോടെ അയ്യപ്പൻ യുക്തിവാദി പ്രസ്ഥാനത്തിനു പുറത്തായി”

ചരിത്രപരമായി തെറ്റാണ് ഈ വാദങ്ങള്‍ എന്നത് ഒന്നാമത്തെ കാര്യം. 1917 മുതല്‍ 1956 വരെ അയ്യപ്പന്റെ പത്രാധിപത്യത്തില്‍ ‘സഹോദരന്‍’ പ്രസിദ്ധീകരിക്കപ്പെട്ടു പോന്നു എന്നും, 1929 ല്‍ ആരംഭിച്ച “യുക്തിവാദി ” 24 ലക്കങ്ങള്‍ക്കു ശേഷം, സഹോദരന്റെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനായി എം.സി. ജോസഫ് ഏറ്റെടുത്ത് പ്രസിദ്ധീകരണം ഇരിങ്ങാലക്കുടക്കു മാറ്റുകയാണ് ഉണ്ടായത് എന്നുമുള്ള ചരിത്ര വസ്തുതകള്‍ ഓര്‍ത്താല്‍ തന്നെ വിമര്‍ശകന്റെ ചരിത്രാഖ്യാനം വസ്തുനിഷ്ടമല്ല എന്ന് വ്യക്തമാവും. ചരിത്രകൃത്യത എന്ന പരിഗണനക്കപ്പുറം, കേരളത്തിലിന്നു സ്വയം യുക്തിവാദികള്‍ എന്നടയാളപ്പെടുത്തുന്നവരില്‍ ചിലര്‍ക്കെങ്കിലും എന്തുകൊണ്ട് സഹോദരന്‍ അയ്യപ്പന്‍ അസ്വീകാര്യനാവുന്നു എന്നതിന്റെ യഥാര്‍ത്ഥ കാരണവും ഈ വാചകങ്ങളില്‍ കാണാം. ഇക്കാര്യങ്ങള്‍ രണ്ടും ഈ ഖണ്ഡത്തില്‍ പരിശോധിക്കാം.

യുക്തിചിന്തയുടെ രാഷ്ട്രീയപ്രയോഗത്തിനായി ശ്രമിച്ചയാളായിരുന്നു അയ്യപ്പൻ എന്ന് പറഞ്ഞുവല്ലോ. നവീന യുക്തിചിന്ത (‘നിരീക്ഷണവും ചിന്തനവും’ ) യിലൂടെ പരമ്പരാഗത ലോകചിത്രത്തെ പുന:പരിശോധിക്കുക എന്നതാണ് ഇതിൻറെ അടിസ്ഥാനമാർഗം. ബ്രിട്ടീഷ് ആധിപത്യത്തോടൊപ്പം വന്ന യൂറോപ്യൻ ജ്ഞാനോദയ ധാരണകളാണ് നൂറ്റാണ്ടുകളായി പാരമ്പര്യബദ്ധമായിത്തുടർന്ന ഇന്ത്യൻ സമൂഹത്തിൽ നവീനയുക്തിചിന്തയുടെ പടിഞ്ഞാറൻ കാറ്റ് കൊണ്ടുവന്നത്. പാരമ്പര്യസമൂഹത്തിൽ, അകറ്റി നിർത്തപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്ത് അർദ്ധമനുഷ്യരായും മൃഗസമാനരായുമൊക്കെ ജീവിക്കാൻ നിർബന്ധിതരായ മനുഷ്യവിഭാഗങ്ങൾക്കാണ് പാരമ്പര്യ സമൂഹത്തിൻറെ പുന: പരിശോധന സ്വാഭാവികമായും അതിപ്രധാനമായി അനുഭവപ്പെട്ടത്. ബ്രിട്ടീഷുകാർ ഭരിക്കുന്നു എന്നതിനാൽ മാത്രം സന്യാസിയാവാൻ കഴിഞ്ഞ നാരായണഗുരു ചെയ്തുതുടങ്ങിയത് ഇക്കാര്യവും കൂടിയായിരുന്നു. ചിലർ ജന്മനാ ഉൽകൃഷ്ടരും ചിലർ ജന്മനാ അധ:സ്ഥിതരും ആയി എണ്ണപ്പെടുന്ന പാരമ്പര്യ സമൂഹചിത്രത്തെ യുക്തിചിന്തയാൽ പൊളിച്ചെഴുതാൻ അദ്ദേഹം ശ്രമിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞ അയ്യപ്പൻ, ഗുരുവിന്റെ ആസ്തികനിലപാടിനെയും കൂടി പിന്തള്ളി മുന്നോട്ടുപോയത് ചരിത്രം.“ഏതു നിസ്സാരനും ബുദ്ധിശക്തി കൊണ്ടും പരിശ്രമം കൊണ്ടും സദാചാരം കൊണ്ടും ഒരിക്കൽ എത്താൻ പാടില്ലാത്ത ഒരു പടിയും യൂറോപ്യൻ സമുദായ സോപാനത്തിൽ ഇല്ല. പ്രസിദ്ധ തേയില വ്യാപാരിയായ ലിപ്ടൻ പ്രഭു ആദ്യമേ വളരെ എളിയ സ്ഥിതിയിൽ ആയിരുന്നു. മാറിപ്പോയ ഇന്ത്യാ സ്റ്റേറ്റ് സെക്രട്ടറി ചേംബർ ലൈൻ ഒരു ചെരുപ്പ് വ്യാപാരി ആയിരുന്നുവത്രെ. ഇവരൊക്കെ ചക്രവർത്തിയുമായി സഹഭോജനം ചെയ്യുന്നത് സാധാരണയാണ്. നേരെമറിച്ച് നമ്മുടെ ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമികൾക്ക് പോലും വലിയ തമ്പുരാൻ തിരുമനസ്സിലെ കൂടെ സഹഭോജനം ചെയ്യുന്ന കാലം നമ്മുടെ ഊഹപഥത്തിൽ കൂടി പെടുന്നുണ്ടോ ?” എന്ന് 1920 ൽ അന്നേക്ക് 31 വയസ്സ് പ്രായമുള്ള അയ്യപ്പൻ ചോദിക്കുന്നു.  മഹാഭൂരിപക്ഷം മനുഷ്യർക്ക് മനുഷ്യരെന്ന അന്തസ്സോടെ ജീവിക്കാൻ അസാദ്ധ്യമായിരുന്ന പാരമ്പര്യാധിഷ്ടിത സമൂഹനിലക്ക് മാറ്റം വരുത്തണം എന്നതിനായിരുന്നു സഹോദരന്റെ പ്രഥമപരിഗണന. രാഷ്ട്രീയപ്രവർത്തനം എന്നാൽ ദേശീയസ്വാതന്ത്ര്യത്തിനുള്ള പ്രവർത്തനം എന്നർത്ഥമായിരുന്ന അക്കാലത്ത് ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തില്ല അയ്യപ്പൻ. അംബേദ് കർ, പെരിയാർ എന്നിവരെപ്പോലെ തന്നെ പാരമ്പര്യസമൂഹം ബഹിഷ്കരിച്ച മഹാഭൂരിപക്ഷത്തിന്‍റെ മനുഷ്യാന്തസ്സ് പുന:സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനമായിരുന്നു അയ്യപ്പന്റെയും രാഷ്ട്രീയപ്രവര്‍ത്തനം. തന്‍റെ രാഷ്ട്രീയ തിരിച്ചറിവുകളും പരിഗണനകളും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അയ്യപ്പന്‍ പലയിടത്തും വിശദമാക്കിയിട്ടുണ്ട്. “സമുദായ വാദത്തില്‍ അഭിമാനിക്കണം” എന്ന പ്രകോപനകരമായ തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: “ഇന്ത്യയിലെ സാമുദായികക്രമപ്രകാരം രാഷ്ട്രീയാധികാരങ്ങള്‍ എല്ലാം ചില ജാതിക്കാരുടെ കയ്യിലായി. രാഷ്ട്രീയധികാരത്തില്‍ നിന്നു പുറംതള്ളപ്പെട്ട് കിടന്ന സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനു കൂടിയുള്ള മാര്‍ഗങ്ങള്‍ ആദ്യം തടഞ്ഞിരുന്നു. ആ പ്രതിബന്ധങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായങ്ങള്‍ കൊണ്ടു കുറേശ്ശെ മാറി അവര്‍ക്ക് സ്വന്തം അവകാശങ്ങളെപ്പറ്റി ബോധം വന്നതോട് കൂടി ഗവണ്‍മെന്റ് സര്‍വീസിലും പ്രതിനിധി സഭകളിലും പ്രാതിനിധ്യത്തിന് അവര്‍ വാദിച്ചു തുടങ്ങി. അവരുടെ രാജ്യത്ത് മറ്റു സമുദായങ്ങള്‍ക്കുള്ള മാതിരി അവകാശങ്ങള്‍ അവര്‍ക്കും വേണമെന്നേ ആ വാദത്തിന് അര്‍ത്ഥമുള്ളൂ ……. സമുദായ പ്രാതിനിധ്യം കൊണ്ട് മാത്രം ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം സാധിക്കാവുന്ന സ്ഥിതിയില്‍ സമുദായ ക്രമമുള്ള രാജ്യത്ത് സമുദായ പ്രാതിനിധ്യമാണ് യഥാര്‍ത്ഥമായ ദേശീയത്വം. നേരെമറിച്ച് അവിടെ സമുദായ പ്രാതിനിധ്യത്തോടു കൂടാത്ത ദേശീയം വെറും സമുദായ കുത്തകയായേ വരികയുള്ളൂ.”

ഈ ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ടു കാര്യങ്ങളാണ് പ്രസക്തമെന്നു തോന്നുന്നത്:
ഒന്ന്: ഗവണ്‍മെന്‍റ് ജോലികളിലും മറ്റും അധ:കൃത സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള സംവരണ നടപടികള്‍ക്കായി എക്കാലവും അയ്യപ്പന്‍ വാദിച്ചിരുന്നു. ‘ആദ്യകാലത്ത് യുക്തിവാദിയായിരുന്ന അയ്യപ്പന്‍ പില്‍ക്കാലത്ത്‌ സമുദായവാദിയായി’ എന്ന് ആരോപിക്കുന്നത് ചരിത്രപരമായ അബദ്ധമത്രേ. യുക്തിവാദം ഒരു മനോഭാവമാണ്. എല്ലാക്കാലത്തും ആ മനോഭാവം സഹോദരന്‍ നിലനിര്‍ത്തിപ്പോന്നു. “യുക്തിവാദി ” മാസിക തുടങ്ങുന്നതിനു മുന്‍പും, തുടങ്ങുമ്പോഴും, അതിനുശേഷവും അദ്ദേഹം “സമുദായവാദി ” ആയിത്തന്നെ തുടരുകയും ചെയ്തു. അയ്യപ്പന്‍റെ ജീവചരിത്രവും, അദ്ദേഹത്തിന്‍റെ കൃതികളും സാമാന്യമായി പരിചയിച്ചിട്ടുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. 1963 ല്‍ ഏറണാകുളത്തുവെച്ചു നടന്ന ഒരു സമ്മേളനത്തില്‍ “ഒരു യുക്തിവാദിക്ക് ദൈവ വിശ്വാസിയായിരിക്കാം, ദൈവ വിശ്വാസമില്ലാതെയുമിരിക്കാം. യുക്തിവാദം ഒരു ചിന്താ സമ്പ്രദായമാണ് .ശരിയിലേക്ക്‌ എത്തിച്ചേരുവാനുള്ള ഒരു മാര്‍ഗം” എന്ന് പ്രസംഗിച്ചു എന്നതാണ് അയ്യപ്പന്‍ പില്‍ക്കാലത്ത്‌ യുക്തിവാദം ഉപേക്ഷിച്ചു എന്നു പറയുന്നതിന് കാരണമായി പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത് അത്ര ഗൌരവമായ ഒരു വിഷയമായി എടുക്കേണ്ടതില്ല. താന്‍ സ്വയം ഒരു നാസ്തികന്‍ ആയിരിക്കെത്തന്നെ, മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കാം എന്ന നിലപാട് തീര്‍ത്തും യുക്തിസഹമാണല്ലോ. ലഭ്യമായ തെളിവുകള്‍ അനുസരിച്ച് ദൈവാസതിത്വം തെളിയുന്നില്ല എന്നതിനാല്‍, ഒരു യുക്തിവാദിക്ക് ദൈവവിശ്വാസിയായിരിക്കുക സാധ്യമല്ല . ആ നിലക്ക് അയ്യപ്പന്‍റെ ഈയൊരു പ്രസ്താവനയോട് പൂര്‍ണമായി യോജിക്കാനും ആവില്ല. “യുക്തിവാദികൾക്കു ദൈവങ്ങളില്ല: മാർഗ്ഗദർശികളേയുള്ളു. സഹോദരൻ അയ്യപ്പനും അങ്ങിനെ തന്നെ.” എന്ന ശരിയായ നിലപാട് പുലര്‍ത്തുന്നവര്‍ , അയ്യപ്പന്‍ പറഞ്ഞ ഏതെങ്കിലും ഒരു അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാന്‍ പറ്റുന്നില്ല എന്ന കാരണം കൊണ്ട്, അദ്ദേഹത്തിന്റെ പാരമ്പര്യത്തെ അമ്പേ തള്ളിക്കളയേണ്ട കാര്യമില്ലല്ലോ. കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും തന്നെയേ ഏതൊരു പാരമ്പര്യത്തെയും ഒരു യുക്തിചിന്തകക്ക് കൈകാര്യം ചെയ്യാന്‍ കഴിയൂ.

രണ്ടാമത്തെ കാര്യം, അയ്യപ്പന്‍റെ “സമുദായവാദ” മെന്നത്, “ജാതിക്കാര്യം യുക്തിവാദിയുടേതല്ല” എന്ന ധാരണയുള്ള ‘യുക്തിവാദി’ കള്‍ക്ക് എക്കാലവും അരുചികരമായിരുന്നു എന്നതാണ്. സ്വയം ഒരു ‘യുക്തിവാദി’യും, കുറച്ചുകാലമെങ്കിലും അയ്യപ്പന്‍റെ രാഷ്ട്രീയ സഹചാരിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ “നിലവിലുള്ള സംവരണ സമ്പ്രദായം എടുത്തുകളയണം ” എന്ന് അഭിപ്രായപ്പെട്ടതും “എന്‍. എസ്. എസ് വാര്‍ഷികത്തില്‍ സെക്രട്ടറി വായിച്ച റിപ്പോര്‍ട്ടില്‍ സംവരണത്തിന് എതിരായി പറഞ്ഞ അവാസ്തവങ്ങളും അബദ്ധങ്ങളും പോലെയുള്ള ഇടുങ്ങിയ ജാതിക്കുത്തകവാദം മാത്രമാണ് ” ആ അഭിപ്രായം എന്ന് അയ്യപ്പന്‍ ഇതിനു മറുപടി എഴുതിയതും ഓര്‍ക്കുക. ഈ പനമ്പിള്ളിരോഗം, ഒരന്‍പതു കൊല്ലത്തിനിപ്പുറവും ചില യുക്തിവാദികള്‍ക്കിടയില്‍ ഇടക്കിടെ തലപൊക്കുന്നു എന്നത് കഷ്ടം തന്നെ.എന്നും ഇന്നും, ലോകത്തിലെ ഏറ്റവും യുക്തിഹീനവും ഏറ്റവും മനുഷ്യ വിരുദ്ധവുമായ വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യന്‍ പരമ്പരാഗത സമൂഹത്തിന്റെ ജാതിവ്യവസ്ഥ. ഈ വ്യവസ്ഥയെ കുറിച്ചു കേവലം ഉദാസീനരായിരുന്നുകൊണ്ട് നടത്തുന്ന യുക്തിചിന്ത എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ കേവലം പൊങ്ങച്ചപ്രദര്‍ശനം മാത്രമായി അവശേഷിക്കും എന്നതാണ് വസ്തുത. യുക്തിവാദം എന്ന ചിന്താരീതിയെ അയ്യപ്പന്‍ ആണ് കേരളത്തില്‍ അവതരിപ്പിച്ചത് എന്നത് ഒരു യാദൃച്ഛിക കാര്യമല്ല. അന്നേവരെ നിലനിന്ന പരമ്പരാഗത രാഷ്ട്രീയ – സാമൂഹ്യ നടപ്പുകളെ പുന:പരിശോധിക്കേണ്ടതുണ്ട് എന്നും യുക്തിചിന്തയുടെ രാഷ്ട്രീയ ആവിഷ്കാരത്തിലൂടെ സാമൂഹ്യ വ്യവഹാരങ്ങള്‍ ആധുനികവും പാരമ്പര്യാനന്തരവും (Modern, Post traditional) ആക്കിത്തീര്‍ക്കേണ്ടതുണ്ട് എന്നും ഒരു ബഹിഷ്കൃത സമൂഹത്തിലുണ്ടായ തന്‍റെ ജീവിതത്തില്‍ നിന്ന് അദ്ദേഹം പഠിച്ച പാഠമാണ്. ഈ ബഹിഷ്കൃത സമൂഹാനുഭവത്തോടു സഹഭാവം പുലര്‍ത്താത്തവരുടെ ‘യുക്തിവാദം’ , കേവലമൊരു തീന്മേശവ്യായാമമായി തുടങ്ങുകയും ഒടുങ്ങുകയും ചെയ്യും. അയ്യപ്പന്‍ പ്രതിനിധീകരിക്കുന്ന യുക്തിചിന്തയുടെ രാഷ്ട്രീയ ആവിഷ്കാരമെന്നത്, ആസ്തികമതങ്ങള്‍ക്കും, പ്രത്യയശാസ്ത്രാധിഷ്ടിത വിശ്വാസപ്രസ്ഥാനങ്ങള്‍ക്കും മാത്രമല്ല, ഇന്ത്യയിലെ ജാതിക്കുത്തക എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് (പല കാരണങ്ങളാല്‍) ഉദാസീനരായ ‘യുക്തിവാദി ‘കള്‍ക്കും അരുചികരമാവുന്നത് ഇക്കാരണം കൊണ്ടാണ്.

വാല്‍ക്കഷണം : “അയ്യപ്പന്റെവീട്ടിൽനിന്നും എത്ര യുക്തിവാദികൾ പിന്തലമുറക്കാരായുണ്ട്?” എന്നൊരു വിമര്‍ശനം കൂടി ഇതോടൊപ്പം ഉയര്‍ത്തിക്കാണാന്‍ ഇടയായി. ഇതൊരു സാധുവായ വിമര്‍ശനമല്ല എന്നത് വിമര്‍ശകന്‍ തന്നെ സമ്മതിക്കും എന്നാണു തോന്നുന്നത്. ലളിതമായ ഒരൊറ്റക്കാര്യം ഓര്‍ത്താല്‍ മതി. അയ്യപ്പന് മാത്രം ഇക്കാര്യത്തില്‍ എന്തു വിശേഷമാണുള്ളത് എന്നലളിതമായ ഒരൊറ്റക്കാര്യം ഓര്‍ത്താല്‍ മതി.

വിമര്‍ശകന്‍ ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ “അനേകം ദീപസ്തംഭങ്ങളിൽ ഒന്നു മാത്ര”മായ അയ്യപ്പനെ പ്രത്യേകമായെടുത്തു വിമര്‍ശിക്കാന്‍ യോഗ്യമായ ഒരു വിഷയമല്ല ഇത് എന്ന് വ്യക്തം. അയ്യപ്പൻ ആണ് സമശീര്‍ഷരായി ചൂണ്ടിക്കാട്ടിയവരില്‍ അത്യപൂര്‍വമായേ തങ്ങളുടെ ജീവശാസ്ത്രപരമായ “പിന്തലമുറ” യുടെ കുശലതയുടെ പേരില്‍ അറിയപ്പെടുന്ന ഒരാളെ കാണാനാവൂ.  എം. സി. യുടെയോ കോവൂരിന്റെയോ കുറ്റിപ്പുഴയുടെയോ രാമവര്‍മ തമ്പാന്റെയോ ഡോ: പി. പി. ആന്റണി യുടെയോ “പിന്തലമുറ” യില്‍ തങ്ങളുടെ ജീവശാസ്ത്ര പൂര്‍വികന്‍ ചെയ്ത അത്രയും സജീവമായി യുക്തിവാദി പ്രവര്‍ത്തന രംഗത്ത്‌ ശോഭിച്ച എത്രപേര്‍ ഉണ്ടാവും? അങ്ങനെ അധികം പേരില്ല എന്നത് കൊണ്ട് ഈ അഗ്രഗാമികളുടെ പ്രവര്‍ത്തനത്തിന് തരിമ്പും മാറ്റ് കുറയുന്നില്ല. പ്രശ്നം, ഇത്തരം വിമര്‍ശനം അപ്രസക്തമാണ് എന്നതത്രേ. തേനീച്ചകളെയും താന്‍ കുടിച്ച തേനിനേയും ഒക്കെ മറന്നുകളഞ്ഞ്, “പിന്തലമുറ”ക്കായയുടെ പേരില്‍ മാത്രം പൂവിനെ മതിക്കുന്നത് അത്ര മികച്ചൊരു മതിപ്പുരീതിയല്ല എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം.

കടപ്പാട്: ‘യുക്തിയുഗം’ മാസിക