Fri. Mar 1st, 2024

പത്തനംതിട്ട: ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകത്തി മരണപ്പെടാനിടയായ സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും. ആറന്മുള ഇലന്തൂര്‍ മേക്ക് പുളിന്തിട്ട ഗോപസദനം വീട്ടില്‍ ഷീലാകുമാരി കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് പൊടിയന്‍ എന്ന് വിളിക്കുന്ന ഗോപകുമാര്‍ (60) ശിക്ഷിക്കപ്പെട്ടത്.

പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് രണ്ട് കോടതി ജഡ്ജി പി പി പൂജയുടേതാണ് വിധി. പിഴയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം. 2016 ഫെബ്രുവരി 21ന് വീട്ടിലാണ് സംഭവം. 26 വര്‍ഷമായി ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞുവന്ന ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെതുടര്‍ന്ന്, വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ പ്രതി ആവശ്യപ്പെട്ടപ്പോള്‍, അടുക്കളമുറിയില്‍ കുപ്പിയില്‍ വച്ചിരുന്ന മണ്ണെണ്ണയെടുത്ത് ഷീല ദേഹത്തൊഴിക്കുകയായിരുന്നു.



അടുത്തുനിന്ന ഗോപകുമാര്‍ തീപ്പെട്ടിക്കൊള്ളി ഉരച്ച് ഷീലയുടെ ദേഹത്തേക്കിട്ടു. രക്ഷപ്പെടാന്‍ അടുക്കളവാതിലിലൂടെ മുറ്റത്തേക്ക് ഓടിയ ഷീലയെ, പ്രതി പിന്തുടര്‍ന്ന് വീണ്ടും തീപ്പെട്ടിക്കൊള്ളി കത്തിച്ച് ശരീരത്തിലേക്കിട്ടു. തീകത്തി മാരകമായി പൊള്ളലേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മാര്‍ച്ച് ഒന്നിന് മരണപ്പെടുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കോഴഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ് വിദ്യാധരനുമായിരുന്നു. ഗാര്‍ഹിക പീഡനത്തിനും വധശ്രമത്തിനും രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്വേഷണം പൂര്‍ത്തിയാക്കി ഗാര്‍ഹികപീഡനത്തിനും കൊലപാതകത്തിനുമാണ് പോലീസ് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സന്ധ്യ ടി വാസു ഹാജരായി.