Fri. Mar 1st, 2024

കോഴിക്കോട്: നിക്ഷേപകരില്‍ നിന്നു കോടികള്‍ തട്ടിയെന്ന കേസില്‍ സിസ് ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ പോലീസ് പരിശോധന തുടങ്ങി. കെ പി സി സി വര്‍ക്കിങ്ങ് പ്രസിഡന്റ് ടി സിദ്ധിഖ് എം എല്‍ എയുടെ ഭാര്യ ഷറഫുന്നിസക്കെതിരെയും തട്ടിപ്പില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഷറഫുന്നിസക്കെതിരെ കേസെടുത്തത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഷറഫുന്നിസ എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കേസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 5 കേസുകളാണ് നടക്കാവ് പൊലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നൂറോളം പരാതികള്‍ നടക്കാവ് പോലീസില്‍ മാത്രം ലഭിച്ചിട്ടുണ്ട്.

സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ടി സിദ്ദിഖ് എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ സ്വമേധയായ അവിടെ നിന്നു രാജിവച്ചതാണ്. രാജിക്ക് ശേഷം അവിടെ പോയിട്ടില്ല. സി സി ടി വിയില്‍ പരിശോധിക്കാം. പരാതി കൊടുത്തിരിക്കുന്ന വ്യക്തിയെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.അവരെ അറിയില്ല. അവരോട് സംസാരിച്ചിട്ടില്ല.



ഫോണ്‍ മുഖാന്തരമോ നേരിട്ടോ സംസാരിച്ചിട്ടില്ല. പരാതിക്കാരി പണം നിക്ഷേപിച്ച കാലയളവില്‍ ഭാര്യ ജോലിയില്‍ ഇല്ലായിരുന്നു. കേസ് തെളിയിക്കാന്‍ പോലീസിനെ വെല്ലുവിളിക്കുന്നു. 2022 ഡിസംബര്‍ എട്ടിനു ഭാര്യ ജോലിയില്‍ നിന്നു രാജിവച്ചിരുന്നു. രാഷ്ട്രീയമായി തേജോവധം ചെയ്യാനാണ് ഭരണകൂടത്തിന്റെ ശ്രമം. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. നിയമ നടപടി സ്വീകരിക്കും. ആളെപ്പറ്റിച്ചും മാസപ്പടിവാങ്ങിയും ഇന്നേവരെ ജീവിച്ചിട്ടില്ലെന്നും ടി സിദ്ധിഖ് പറഞ്ഞു.

താന്‍ നേരത്തെ അവിടെ നിന്നു രാജിവച്ചതായി സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നിസ പറയുന്നു. താന്‍ വഴി സ്വീകരിച്ച നിക്ഷേപങ്ങളുടെ പണം തിരികെ നല്‍കിയിട്ടുണ്ട്. തട്ടിപ്പു കേസില്‍ പ്രതിയായതിനെക്കുറിച്ച് അറിയില്ല. സി ഇ ഒ വസിം തൊണ്ടിക്കോടന്‍, മനേജര്‍ കെ ടി ഷംന , ഡയറക്ടര്‍മാരായ റാഹില ബാനു, തൊണ്ടിക്കോട്ട് മൊയിതീന്‍കുട്ടി എന്നിവരാണ് മറ്റ് പ്രതികള്‍. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മൂവായിരത്തോളം പേരില്‍ നിന്നു 15 കോടി മുതല്‍ 20 കോടി വരെ സ്വീകരിച്ചു എന്നാണ് ആരോപണം. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചശേഷം പണം മടക്കി നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി.

പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് നല്‍കിയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി സിസ് ബാങ്ക് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏകദേശം മൂവായിരത്തോളം പേരാണ് പണം നിക്ഷേപിച്ചത്. ജോലി വാഗ്ദാനം, ഡെയ്ലി ഡെപ്പോസിറ്റ് , ഫിക്സഡ് ഡെപ്പോസിറ്റ് എന്നി പേരുകളിലാണ് പണം സ്വീകരിച്ചിരുന്നത്. നടക്കാവ്, പേരാമ്പ്ര, താമരശേരി, പാളയം, കോട്ടക്കല്‍, ചേളാരി എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകള്‍. ഇവിടങ്ങളില്‍ 15 കോടി മുതല്‍ 20 കോടി വരെ സ്വീകരിച്ചുവെന്നാണ് പരാതി.