Sun. Feb 25th, 2024

മലപ്പുറം: ഇ കെ വിഭാഗത്തില്‍ ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിലുള്ള പോര് രൂക്ഷമായതിന് പിന്നാലെ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിനെതിരെ പാണക്കാട് കുടുംബാംഗം രംഗത്ത്. എസ് കെ എസ് എസ് എഫ് മുന്‍ നേതാവ് കൂടിയായ പാണക്കാട് സമീറലി ശിഹാബ് തങ്ങളാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്നും തെളിവുണ്ടെന്നും സമീറലി തങ്ങള്‍ ആരോപിച്ചു.

അന്തരിച്ച കോട്ടുമല ടി എം ബാപ്പു മുസ്്‌ലിയാര്‍, എം ടി അബ്ദുല്ല മുസ്്‌ലിയാര്‍ എന്നിവര്‍ക്കെതിരെ ഭീഷണി നിറഞ്ഞതും അധിക്ഷേപങ്ങളുമുള്ള കത്ത് തയ്യാറാക്കിയത് പന്തല്ലൂരാണെന്നാണ് സമീറലി തങ്ങളുടെ ആരോപണം. പത്ത് വര്‍ഷം മുമ്പുള്ള കത്ത് സംഘടനക്കകത്ത് ഭിന്നതയുണ്ടാക്കാന്‍ സത്താര്‍ പന്തല്ലൂര്‍ തയ്യാറാക്കിയതെന്നാണ് ആക്ഷേപം. പന്തല്ലൂരിനെതിരെ തെളിവ് ഉണ്ടെന്നും സാക്ഷികളെ ഒരുക്കാന്‍ തയ്യാറാണെന്നും ഇ കെ ‘സമസ്ത’ക്ക് പരാതി നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു.

അതേസമയം, ആരോപണം ചിലരുടെ പ്രേരണയാകാമെന്നും പരിധിവിട്ട് വ്യാജ പ്രചാരണവുമായി വരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തീര്‍ത്തും വാസ്തവ വിരുദ്ധമായ പ്രചാരണമാണ് സമീറലി തങ്ങള്‍ നടത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സാമൂഹികമാധ്യമങ്ങളിലൂടെ മറ്റൊരു വ്യാജ പ്രചാരണവുമായി ഇദ്ദേഹം രംഗത്ത് വന്നിരുന്നു. അതിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് മറുപടി നല്‍കി അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. വിലകുറഞ്ഞതും വ്യാജവുമായ പ്രചാരണം നടത്തി വാര്‍ത്തകളിലും മറ്റും നിറഞ്ഞുനില്‍ക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമോ മറ്റു ചിലരുടെ പ്രേരണയോ ആകാം ഇതിന് പിന്നില്‍ എന്ന് സംശയിക്കുന്നുവെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ലീഗ് വിരുദ്ധരെ ഒതുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണമെന്നാണ് ഒരു വിഭാഗം അണികള്‍ പറയുന്നത്.ലീഗ് വിരുദ്ധരായ യുവനേതാക്കള്‍ ഒരു ഭാഗത്തും ലീഗ് അനുകൂലികള്‍ മറുഭാഗത്തും നിലയുറപ്പിച്ചാണ് ഇപ്പോള്‍ ഇ കെ വിഭാഗത്തില്‍ പോരാട്ടം നടക്കുന്നത്. സി ഐ സി, വഖ്ഫ് വിഷയങ്ങളില്‍ തുടങ്ങിയ ഭിന്നത പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. പാര്‍ട്ടിക്കെതിരെ നീങ്ങുന്ന നേതാക്കളെ ഒതുക്കാന്‍ ശക്തമായ നീക്കവുമായി ലീഗ് ഒരു ഭാഗത്ത് നിലയുറപ്പിച്ചതോടെ ഭിന്നതക്ക് പുതിയ തലം വന്നിരിക്കുകയാണ്. പട്ടിക്കാട് സമ്മേളനത്തില്‍ നിന്നും ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയ നേതാക്കളെ വെട്ടിമാറ്റിയതിന് പിന്നാലെയാണ് ‘സമസ്ത’ക്കെതിരെ ഉയര്‍ത്തുന്ന കൈ വെട്ടിമാറ്റുമെന്ന പ്രസംഗം സത്താര്‍ പന്തല്ലൂര്‍ നടത്തുന്നത്. അതിനിടെ, പോലീസില്‍ പരാതി നല്‍കിയത് എതിര്‍ ചേരിയിലെ ലീഗ് പ്രവര്‍ത്തകനായിരുന്നു. ഈ വിവാദം അടങ്ങുന്നതിന് മുമ്പാണ് പാണക്കാട് ആണോ ഇ കെ സമസ്തയാണോ തറവാട് എന്ന കാര്യത്തില്‍ സംഘടനക്കകത്ത് വിവാദം ഉയരുന്നത്. പാണക്കാട് തന്നെയാണ് തറവാട് എന്ന് ലീഗ് അനുകൂലികള്‍ പറയുമ്പോള്‍ അങ്ങനെയൊരു തറവാടൊന്നുമില്ലെന്നാണ് മറുപക്ഷം വാദിക്കുന്നത്.

‘കൈവെട്ടില്‍’ സത്താറിനെ അനുകൂലിച്ചും സംയുക്ത പ്രസ്താവന

മലപ്പുറം: സത്താര്‍ പന്തല്ലൂരിനെ അനുകൂലിച്ച് ഇ കെ പക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. കൈവെട്ട് പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗ് വിരുദ്ധരായ ‘ഷജറ’ വിഭാഗം നേതാക്കള്‍ പരസ്യമായി വന്നത്. സമുന്നതരായ നേതാക്കളെ സാമൂഹികമധ്യത്തില്‍ അവമതിക്കുകയെന്ന ലക്ഷ്യത്തോടെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുന്ന പ്രതിയോഗികളുടെ കെണിയില്‍ വീഴരുതെന്നും തെറ്റായ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും അവഗണിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.ഇ കെ വിഭാഗം സമസ്ത സെക്രട്ടറി കെ ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ എ വി അബ്ദുര്‍റഹ്മാന്‍ മുസ്്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഇ കെ വിഭാഗം എസ് വൈ എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറര്‍ എം എം പരീത്, വൈസ് പ്രസിഡന്റ് ഇബ്റാഹീം ഫൈസി പേരാല്‍, എംപ്ലോയീസ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, ജംഇയ്യത്തുല്‍ ഖുതബ സംസ്ഥാന ട്രഷറര്‍ സുലൈമാന്‍ ദാരിമി ഏലംകുളം, എസ് കെ എസ് എസ് എഫ് സംസ്ഥാന ജന. സെക്ര റശീദ് ഫൈസി വെള്ളായിക്കോട്, ട്രഷറര്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

അതേസമയം, മുസ്‍ലീം ലീഗ് പക്ഷത്ത് നിലയുറപ്പിച്ച ഒരു നേതാവ് പോലും പന്തല്ലൂരിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടില്ല. മുശാവറയിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നത് കൂടിയായി സത്താറിനെ അനുകൂലിച്ചുള്ള സംയുക്ത പ്രസ്താവന.