Sat. Mar 2nd, 2024

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്. രാഹുലിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും പോലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നു കാണിച്ചും സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീല്‍ ഈ മാസം 17-നു പരിഗണിക്കും. അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിയതോടെ 17 വരെ രാഹുല്‍ ജയിലില്‍ തുടരുമെന്ന് ഉറപ്പായി.

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസിനെ ആക്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ഈ ആരോപണം വ്യാജമാണെന്നും രാഹുല്‍ പൊലീസുകാരെ ആക്രമിച്ചതിന് തെളിവില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം സര്‍ക്കാര്‍ നിലപാട് കൂടി കോടതിയെ അറിയിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും വാദം കേള്‍ക്കുക.



യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ സംഭവത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂര്‍ മുണ്ടപ്പള്ളിയിലുള്ള വീട്ടില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ച അഞ്ചരയോടെ അടൂര്‍ പോലീസിന്റെ സഹായത്തോടെയാണ് കന്റോണ്‍മെന്റ് എസ് ഐ ശിവകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തോടെ തിരുവനന്തപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.