Fri. Mar 1st, 2024

കൊച്ചി: നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി. കൊച്ചി കലൂരിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ദീപക് റാവുവിനെ കോടതി റിമാന്റ് ചെയ്തു. പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ദീപക് റാവു ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സഞ്ജയ് ദീപക് റാവു കേരളം ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റിയുടെ തലവനാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ തെലങ്കാന പൊലീസിന്റെ പിടിയിലാകുന്നത്. 60കാരനാണ് പിടിയിലായ സഞ്ജയ് ദീപക് റാവു. മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം കൊല്ലപ്പെട്ടതോടെയാണ് ദീപക് റാവു നേതൃത്വത്തിലേക്കെത്തിയത്.

മണിവാസഗം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. പിടിയിലാകുമ്പോള്‍ ദീപക് റാവുവിന്റെ പക്കല്‍ നിന്ന് ആയുധങ്ങളും പണവും കണ്ടെടുത്തിരുന്നു. ആറ് വെടിയുണ്ടകളും ഒരു തോക്കും 47,000രൂപയും ഒരു ലാപ്‌ടോപ്പും കണ്ടെടുത്തിരുന്നു.