Sun. Feb 25th, 2024

ജയ്‌പൂർ: രാജസ്ഥാനിലെ ജനങ്ങളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി ബാബുലാല്‍ ഖരാദി. പ്രധാനമന്ത്രി നരേന്ദ്രമോദി നിങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്നും പാചക വാതക സിലിണ്ടറുകള്‍ നല്‍കുമെന്നും മന്ത്രി ബാബുലാല്‍ പറഞ്ഞു. ചൊവ്വാഴ്ച ഉദയ്പൂരില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാബുലാല്‍ ഖരാദി.

ഖരാദിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. ആരും പട്ടിണി കിടക്കരുതെന്നും വീടില്ലാത്തവരായി ആരുമുണ്ടാകരുതെന്നുമാണ് പ്രധാനമന്ത്രിയുടെ സ്വപ്‌നം. കേന്ദ്ര സര്‍ക്കാര്‍ എല്‍പിജി സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിന് പുറമേ രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ ഉജ്ജ്വല പദ്ധതി പ്രകാരം 450 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍ നല്‍കുന്നതായും പറഞ്ഞ ബാബുലാല്‍ ഖരാദി 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വിവിധ ജനക്ഷേമ പരിപാടികള്‍ക്ക് തുടക്കമിടുന്നതായും മന്ത്രി അറിയിച്ചു.