Sun. Feb 25th, 2024

തിരുവനന്തപുരം: ഗവര്‍ണര്‍ പരിണതപ്രജ്ഞനായ വ്യക്തിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ചൊവ്വാഴ്ച്ച സ്പീക്കര്‍ എന്‍ ഷംസീര്‍ ഗവര്‍ണര്‍ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്ന് അഭിപ്രായപെട്ടിരുന്നു. ഈ പ്രസ്താവന തള്ളിയാണ് ശിവന്‍കുട്ടി ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ഗവര്‍ണര്‍ പരിണതപ്രജ്ഞനായ വ്യക്തിയല്ലെന്നും, സംസ്‌കാരമുള്ള ഒരാളുടെ വായില്‍ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവര്‍ണറില്‍ നിന്നുമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ഏകാധിപത്യ നിലപാടുകളും പരാമര്‍ശങ്ങളുമാണ് എസ്എഫ്‌ഐയെ സമരത്തിലേക്ക് നയിച്ചത്. ഇതിന് എസ്എഫ്‌ഐയെ ബ്ലഡി ക്രമിനല്‍സ് എന്നാണ് ഗവര്‍ണര്‍ വിളിച്ചത്. കണ്ണൂരിനെ ബ്ലഡി കണ്ണൂരെന്നും, പോലീസിനെ ഷെയിംലെസ്സ് പീപ്പിള്‍ എന്നും അഭിസംബോധന ചെയ്ത ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ എന്ന നിലയിലും ചാന്‍സലര്‍ എന്ന നിലയിലും പരിണതപ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണ രൂപം

ഗവർണർ പരിണത പ്രജ്ഞനായ വ്യക്തിയല്ല …
വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണത പ്രജ്ഞനായ വ്യക്തിയല്ല ..
സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നത് ..
എസ്എഫ്ഐ വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് വിളിച്ചത്..
വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ് ..
സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വർഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങൾ നടത്തി രക്തസാക്ഷികൾ ആയവരുടെ നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് വിശേഷിപ്പിച്ചത് …
പോലീസിനെ ഷെയിംലെസ്സ് പീപ്പിൾ എന്നാണ് സംബോധന ചെയ്തത് ..
കേരളം ബഹുമാനിക്കുന്ന,രാജ്യത്തെ മതേതര മനസുകൾ നിലപാടുകൾക്ക് ഉറ്റു നോക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടർഭരണം നേടിയ കേരള മുഖ്യമന്ത്രിയ്ക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഗവർണർ ..
ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ ഇവ ?
അതെ, ഗവർണർ എന്ന നിലയിലും ചാൻസലർ എന്ന നിലയിലും പരിണത പ്രജ്ഞനായ വ്യക്തിയല്ല ഇദ്ദേഹം…!!!