Sat. Mar 2nd, 2024

കൊല്ലം: കൊല്ലം തേവലക്കരയില്‍ വയോധികയെ മര്‍ദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മഞ്ജുമോള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറര വര്‍ഷമായി മരുമകള്‍ മര്‍ദ്ദനം തുടരുകയാണെന്ന് ഏലിയാമ്മ പറയുന്നു. 

പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണു 80 വയസുകാരി ഏലിയാമ്മ വര്‍ഗീസ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനു പിന്നാലെ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. വീട്ടില്‍ പൂട്ടിയിടുമെന്നും മകന്‍ ജെയ്‌സിനേയും മര്‍ദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മര്‍ദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും.


ഒരു വര്‍ഷം മുമ്പ് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. വീടിനകത്ത് മക്കളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇതിന് പിന്നാലെ ഇന്നലെ വൈകീട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി. വധശ്രമം ഉള്‍പ്പെയുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്.