Sun. Feb 25th, 2024

കോട്ടയം: ശബരിമലയില്‍ ഭക്തരുടെ തിരക്ക് അനിയന്ത്രിതമായ അവസ്ഥയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ട്. ശബരിമല വികസനത്തിന് പണം തടസമല്ല. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 220 കോടി അനുവദിച്ചു കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല തീര്‍ഥാടനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ആറ് ഇടത്താവളങ്ങള്‍ തീര്‍ഥാടകര്‍ക്കായി പൂര്‍ത്തിയായി വരുന്നു.108 കോടി രൂപ ഇതിനായി കിഫ്ബിയില്‍ നിന്ന് ചെലവിട്ടു. മണ്ഡലകാലത്ത് തിരക്ക് അനുഭവപ്പെടുന്നു എന്നത് വസ്തുതയാണ്. തിരക്ക് കൂടിയാല്‍ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അപകടങ്ങള്‍ ഉണ്ടായേക്കും. അത് മുന്നില്‍ കണ്ട് ഉള്ള നടപടികളാണ് സ്വീകരിക്കുന്നത്. അത് കണക്കിലെടുത്താണ് തീര്‍ഥാടകരെ മുകളിലേക്ക് കയറ്റിവിടാന്‍ നടപടികള്‍ സ്വീകരിക്കുന്നത്.


ശരാശരി 62000 തീര്‍ഥാടകര്‍ പ്രതിദിനം വരുന്നത് ഇക്കുറി 88000 ആയി വര്‍ധിച്ചു. വെള്ളപ്പൊക്ക ശേഷം ചെന്നെയില്‍ നിന്നും, തിരഞ്ഞെടുപ്പിനു ശേഷം തെലങ്കാനയില്‍ നിന്നും ആളുകള്‍ കൂടുതലായി വന്നു. അതിനാല്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി. ഒരു ദിനം 1, 20 ,000 വരെ ആളുകള്‍ വരെ എത്തി.പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറില്‍ 4200 പേര്‍ക്കാണ് കയറാന്‍ കഴിയുക, മുതിര്‍ന്ന സ്ത്രീകളും കുട്ടികളും കയറുമ്പോള്‍ യാന്ത്രികമായി കയറ്റിവിടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പുകള്‍ ഏകോപനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ആ ഏകോപനം കൂടുതല്‍ ശക്തമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് വിന്യാസത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചു.ഒരു ബാച്ചിനെ മുഴുവന്‍ ഒന്നിച്ച് മാറ്റില്ല.പുതിയ ബാച്ച് വരുമ്പോള്‍ അനുഭവസമ്പത്തുള്ള പകുതി പേരെ നിലനിര്‍ത്തും. ശബരിമല രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കേണ്ട ഒന്നല്ല.ഇതൊരു അവസരമായി എന്ന മട്ടില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടാന്‍ യു ഡി എഫ് എംപിമാര്‍ പറഞ്ഞത് നിര്‍ഭാഗ്യകരമാണ്.

കൊവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ കേരളത്തിലെ വിവിധ ദേവസും ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് ഉള്‍പ്പെടെ 467 കോടി രൂപയുടെ സഹായമാണ് സര്‍ക്കാര്‍ നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മാത്രം 144 കോടി നല്‍കി. ശബരിമല സീസണിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ട , കോട്ടയം ജില്ലകള്‍ക്ക് 16 ലക്ഷം രൂപയും അനുവദിച്ചു.


ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ 449 ഉം പമ്പയില്‍ 220 ഉം സന്നിധാനത്ത് 300 ഉം ക്ലീനിംഗ് ജോലിക്കാരാണുള്ളത്. ആകെ 2350 ടോയ്ലറ്റുകള്‍ ഒരുക്കി. ബയോ ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെ നിലയ്ക്കലില്‍ 933 ഉം പമ്പയില്‍ 412 ഉം സന്നിധാനത്ത് 1005 ഉം ടോയ്ലറ്റുകളാണുള്ളത്. നിലയ്ക്കലില്‍ 3500 ഉം പമ്പയില്‍ 1109 ഉം സന്നിധാനത്ത് 1927 ഉം വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചു.

നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചു. 15 എമര്‍ജന്‍സി മെഡിസിന്‍ സെന്ററുകളും 17 ആംബുലന്‍സുകളും തീര്‍ത്ഥാടകര്‍ക്കായി ഒരുക്കി. പമ്പയില്‍ 2 വെന്റിലേറ്ററുകളും 25 ഐ സി യൂണിറ്റുകളും തയ്യാറാക്കി. യാത്രാ സൗകര്യം ഒരുക്കുന്ന കെ എസ് ആര്‍ ടി സി ഈ ഞായറാഴ്ച വരെ 24,456 ട്രിപ്പുകള്‍ പമ്പയിലേക്കും 23,663 ട്രിപ്പുകള്‍ പമ്പയില്‍ നിന്നും സര്‍വ്വീസ് നടത്തിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.