Sun. Feb 25th, 2024

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരവിന്ദ് വെട്ടിക്കല്‍ കൂടുതല്‍ നിയമന തട്ടിപ്പുകള്‍ നടത്തിയതായി തെളിയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് എം കോം ബിരുദധാരിയില്‍ നിന്ന് 80,000 രൂപ തട്ടിയെന്നാണ് ഒടുവില്‍ പുറത്തുവന്ന പരാതി.

ആറന്മുള പോലീസാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. വ്യാജ തിരിച്ചറിയല്‍കാര്‍ഡ് നിര്‍മാണത്തില്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിന് ഇരുട്ടടിയായാണ് ഉയര്‍ന്ന നേതാവിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാറിനെതിരെ ഭരണമല്ലിതു കൊള്ളക്കാര്‍ എന്ന ക്യാമ്പയിന്‍ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കെയാണ് നേതാവിന്റെ തട്ടിപ്പുവാര്‍ത്തകള്‍ തലവേദനയാവുന്നത്.


ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അരവിന്ദ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിക്ക് ആരോഗ്യവകുപ്പില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 50,000 രൂപയാണ് അരവിന്ദ് വാങ്ങിയത്. കോഴഞ്ചേരി ആശുപത്രിക്ക് മുന്നില്‍ വച്ച് വ്യാജ നിയമന ഉത്തരവും നല്‍കി. ഈ ഉത്തരവിന്റെ ഒരു പകര്‍പ്പ് അരവിന്ദ് ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. ഈ വ്യാജ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തട്ടിപ്പില്‍ പിടിയിലായതറിഞ്ഞ് ജോലിക്ക് പണം നല്‍കിയ നിരവധി പേരാണ് പോലീസിനെ വിളിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിയമനത്തിന് എം പി ക്വാട്ടയുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പെന്നാണ് പോലീസ് പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിയമനം വാഗ്ദാനം ചെയ്തു തന്നോട് മൂന്നു ലക്ഷം രൂപ അരവിന്ദ് ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവമോര്‍ച്ച നേതാവ് അജിത് സജി രംഗത്തെത്തി.

ബെവ്‌ക്കോയില്‍ നിയമനം വാദ്ഗാനം ചെയ്ത് കായംകുളം സ്വദേശിയായ ദമ്പതി കളില്‍ നിന്നും ഒന്നര ലക്ഷമാണ് അരവിന്ദ് വാങ്ങിയത്. ആറന്‍മുള, തിരുവല്ല, കരുവാറ്റ സ്വദേശികളാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. നിയമനത്തിനായി പണം നല്‍കിയ മറ്റ് ചിലരും അരവിന്ദന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ട്. പണം നഷ്ടമായ പലരും നാണക്കേട് കാരണം മിണ്ടാതിരിക്കുകയാണ്.


നഴ്‌സിംഗ് സീറ്റ് വാദ്ഗാനം ചെയ്തും അരവിന്ദ് തട്ടിപ്പ് നടത്തിയതായുള്ള രേഖകള്‍ പൊലീസിന് ലഭിച്ചു. പാലയിലുള്ള ഒരാള്‍ വഴി വിദ്യാര്‍ഥികളില്‍ നിന്നു പണം വാങ്ങിയെന്നാണ് വിവരം. തട്ടിപ്പിന് പിന്നില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് രംഗത്തുള്ള നിരവധിപ്പേരുണ്ടെന്നാണ് സംശയം.

ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കിയ പണം തട്ടിയ അരവിന്ദ് വെട്ടിക്കലിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും നാണക്കേടു മറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പത്തനംതിട്ട നിലയ്ക്കല്‍ സ്വദേശി അരവിന്ദനെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ അരവിന്ദനെ കന്റോണ്‍മന്റ് പോലീസ് കസ്റ്റഡിലെടുത്തതിന് പിന്നാലെയായിരുന്നു നടപടി.