ന്യൂഡല്‍ഹി: ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി. മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. മൊയ്ത്രക്കെതിരായ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ സഭ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെയായിരുന്നു പുറത്താക്കല്‍. സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
എത്തിക്‌സ് കമ്മിറ്റി റിപോര്‍ട്ട് സഭയില്‍ വച്ചതിനു പിന്നാലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര് നടന്നിരുന്നു. മഹുവയെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്തുള്ള പ്രതിപക്ഷ വാദം സ്പീക്കര്‍ അംഗീകരിച്ചില്ല. മഹുവയെ പുറത്താക്കാന്‍ ലോക്‌സഭക്ക് കഴിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. മഹുവയെ കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നു പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.


