Sat. Mar 2nd, 2024

കൊടുങ്ങല്ലൂർ: സവർണ്ണസംവരണത്തിനെതിരെ പ്രതിഷേധിച്ചതിന് ശ്രീനാരായണ ദർശനവേദി ഭാരവാഹികളായ വിപിൻദാസിനെയും എം പി പ്രശാന്തിനെയും സി പി ഐ (എം) പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജിനടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശന സമയത്ത് ‘സവർണ്ണ സംവരണം പിന്‍വലിക്കുക’, ‘ജാതി സെൻസസ് നടപ്പിലാക്കുക’ എന്ന ബാനര്‍ പിടിച്ച് മുദ്രാവാക്യം വിളിച്ചതിനായിരുന്നു മർദ്ദനം.


നവകേരള സദസ്സ് നടക്കുന്നതിൻ്റെ തിരക്കിൽ നിന്നും ദൂരെ മാറി റോഡ് സൈഡിൽ തികച്ചും ജനാധിപത്യപരമായി പ്രതിഷേധിച്ചവരെയാണ് മർദ്ദിച്ചത്. ആർ എസ് എസ് അജണ്ടയായ സവർണ്ണസംവരണം ഇന്ത്യയിലാദ്യമായി നടപ്പിലാക്കി മോദിഭക്തി കാട്ടിയ പിണറായി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പോലും അവർണരെ അനുവദിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ പാർട്ടി നൽകുന്നത്. രണ്ടുപേരും വലിയ പരിക്കുകളോടെ ആശുപത്രിയിലാണ്.

മേൽപ്പറഞ്ഞ മുദ്രാവാക്യങ്ങളുടെ രാഷ്ട്രീയമുൾക്കൊള്ളാനോ, സാമൂഹിക പ്രാധാന്യമെന്തെന്ന് തിരിച്ചറിയാത്തവരോ ആയ അവർണ്ണരായ കക്ഷിരാഷ്ട്രീയ ഗുണ്ടകളെക്കൊണ്ടുതന്നെയാണ് പാർട്ടി ഈ അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. തീരദേശത്തെ ആ പ്രതിഷേധത്തെ അടിച്ചൊതുക്കാനും തെറിവിളിക്കാനും സവർണ്ണ മർദ്ദക ഭരണവർഗത്തിന്റെ ഗുണ്ടാപടയായി ഈഴവ, അരയ, ദലിത്, മുസ്‌ലിം ദരിദ്ര പിന്നോക്ക വിഭാഗങ്ങളൊക്കെയുണ്ടായിരുന്നു. പ്രശാന്തും വിപിൻദാസും “സവർണ്ണ സംവരണം പിൻവലിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക” എന്ന് ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കുമ്പോൾ അവരെ കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചവരും പിന്നോക്കവിഭാഗങ്ങളായ സംവരണീയരായിരുന്നു. ആർക്കുവേണ്ടിയാണ് ആ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതെന്നും പൊലീസ് തടയുന്നതെന്നും തെറിവിളിച്ച് മർദ്ദിക്കുന്നതെന്നും കഴിഞ്ഞ 76 വർഷമായി തിരിച്ചറിയാത്ത പാർട്ടി അടിമകളായ ജനത.