Sun. Feb 25th, 2024

ന്യൂഡല്‍ഹി: നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധി പുറത്തുവന്നു കൊണ്ടിരിക്കേ ‘ഇന്ത്യ’ മുന്നണിയുടെ അടുത്ത യേഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെല്ലാം തകരുന്ന രൂപത്തില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടിയെ അഭിമുഖീകരിക്കുകയാണ് കോണ്‍ഗ്രസ്. തെലങ്കാനയില്‍ ഭരണകക്ഷിയായ ബി ആര്‍ എസിനെ പിന്നിലാക്കി മുന്നേറുന്നത് മാത്രമാണ് ഏക ആശ്വാസം.


അതേസമയം, മധ്യപ്രദേശില്‍ 160 സീറ്റുകളില്‍ ലീഡ് നേടി വന്‍ കുതിപ്പാണ് ബി ജെ പി നടത്തുന്നത്. 160 സീറ്റില്‍ ബി ജെ പി തേരോട്ടമാണ്. 67ല്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. രാജസ്ഥാനിലും ബി ജെ പി കുതിപ്പാണ് ദൃശ്യമാകുന്നത്. 110ല്‍ ബി ജെ പി മുന്നേറുമ്പോള്‍ 72ലാണ് കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നത്. ചത്തിസ്ഗഢില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഇവിടെയും നിലവില്‍ 50 സീറ്റിലെ ലീഡോടെ മുന്‍കൈ നേടിയിരിക്കുകയാണ് ബി ജെ പി. 38ലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

നിര്‍ണായകവും ആസന്നവുമായ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് കൃത്യമായ നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുനൈറ്റഡ്) സ്ഥാപക നേതാവുമായ നിതിഷ് കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. ആഗസ്റ്റ് 31, സെപ്തംബര്‍ ഒന്ന് തീയതികളില്‍ മുംബൈയിലാണ് ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നിരുന്നത്.