Sun. Feb 25th, 2024

കൊച്ചി: മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു പ്രതിയായ പീഡനകേസ് അന്വേഷണത്തിന് പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ യുവതിയെ പി ജി മനു ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്.

പുത്തന്‍കുരിശ് ഡിവൈഎസ് പി അന്വേഷണത്തിന് നേതൃത്വം നല്‍കും. ചോറ്റാനിക്കര എസ് എച്ച് ഒ അടക്കം 6 പേരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം കേസില്‍ പ്രതിയായ പി ജി മനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.


സംഭവത്തില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ് ജനറല്‍ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമര്‍പ്പിച്ചു. യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പോലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്.

2018 ല്‍ ഉണ്ടായ മറ്റൊരു കേസില്‍ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പോലീസ് നിര്‍ദ്ദേശപ്രകാരമായിരുന്നു അഭിഭാഷകനെ കണ്ടത്. കേസില്‍ സഹായം നല്‍കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്.