Wed. Feb 21st, 2024

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട് സുപ്രധാന നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേർച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനായി വിടുന്നത്. അതേസമയം പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പിടുകയും ചെയ്തു.

ഗവർണർക്കെതിരെ കേരളം നൽകിയ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഗവർണർ പുതിയ നീക്കം നടത്തിയത്. കഴിഞ്ഞ ദിവസം കേരളം സമർപ്പിച്ച ഹർജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ചിരുന്നു.


ബില്ലുകളിൽ ഒപ്പിടാതെ കാലതാമസം വരുത്തുന്ന ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സർക്കാർ വാദം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ സമീപനം ജനാധാപത്യത്തിന്റെ അന്തസ്സിന് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപെടുകയും ചെയ്തിരുന്നു.

നിയമസഭ പാസാക്കിയ ബിൽ ഒപ്പിട്ട് നിയമമാക്കാനോ ഒപ്പിടുന്നില്ലെങ്കിൽ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാനോ ഗവർണർക്ക് അധികാരമുണ്ട്. പുനഃപരിശോധനയ്ക്ക് അയച്ച ബിൽ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാൽ ഗവർണർ ഒപ്പിടാൻ ബാധ്യസ്ഥനുമാണ്. അതേസമയം ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരം ഗവർണർക്ക് ഭരണഘടന നൽകുന്നുമുണ്ട്.