Sun. Feb 25th, 2024

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തെ വിമര്‍ശിച്ച് ഡോ. ടി എം തോമസ് ഐസക്ക്. കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്നാക്കി മാറ്റിയില്ലെങ്കില്‍ കേന്ദ്രസഹായം നിഷേധിക്കുമെന്നാണ് കേന്ദ്രം കേരള സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു. എത്രയോ നാളായി കേരളത്തിലെ ആരോഗ്യമേഖലയില്‍ അറിയപ്പെടുന്ന പേരുകളാണ് പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം, താലൂക്ക് ആശൂപത്രി, ജില്ലാ ആശുപത്രി തുടങ്ങിയവ.

ഈ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത്തില്‍ നിന്നും അഞ്ചുലക്ഷം രൂപ വീതം ഉപയോഗിച്ചു. ഈ വര്‍ഷം അവസാനിക്കുംമുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പേര് പ്രദര്‍ശിപ്പിക്കണമെന്നാണു നിര്‍ദ്ദേശം. ഇതിനുവേണ്ടി 3000 രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. ഇതുപോല അല്‍പ്പത്തരം കാണിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ എന്താണു പറയേണ്ടത്? ഒരുകോടി രൂപയോളം മുടക്കുന്ന കേരള സര്‍ക്കാര്‍ പുറത്ത്. അഞ്ചുലക്ഷം രൂപ മാത്രം മുടക്കുകയും പേര് എഴുതാന്‍ 3000 വീതം നല്‍കുകയും ചെയ്ത കേരളത്തിലെ ആശുപത്രികളെ ചാപ്പകുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണ്.

സമീപകാലത്ത് ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ഇതോടെ ഇവിടെ കൂടുതല്‍ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും നിയോഗിച്ച് കാലത്തും വൈകിട്ടും ഒപിയാക്കി. ഫാര്‍മസി അടക്കമുള്ള കെട്ടിടസൗകര്യങ്ങള്‍ വിപുലീകരിച്ചു. ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. മരുന്നുകള്‍ കൂടുതല്‍ ലഭ്യമാക്കി. ഇവയുടെ ചെലവിന്റെ 95 ശതമാനവും വഹിച്ചതു സംസ്ഥാന സര്‍ക്കാരാണ്. ഓരോനിന്നും ഒരുകോടി രൂപ വരെ ആസ്തിയുണ്ട്.


നല്ല മലയാളത്തിലുള്ള പേരുമാറ്റി ഹിന്ദിപ്പേര് ഇടുന്നതിനുള്ള നീക്കത്തെ കേരളം ചെറുക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ അഹങ്കാരം തമിഴ്‌നാട്ടില്‍ നടക്കുമോ? കേരളത്തില്‍ നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കു കേരളം ഒരുവര്‍ഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് വെറും 130 കോടി രൂപ മാത്രമാണ്. 10 ശതമാനം മാത്രം. കേന്ദ്രസഹായമുള്ള ഗുണഭോക്താക്കളുടെ എണ്ണം 22 ലക്ഷം മാത്രമാണ്. അവര്‍ക്ക് ശരാശരി 600 രൂപ വീതമാണു നല്‍കുന്നത്. എന്നാല്‍ കേരള സര്‍ക്കാര്‍ 42 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കുന്നുണ്ട്.

ശരാശരി ചെലവാക്കുന്നത് 2800 രൂപ വീതം. പക്ഷേ, പേര് കേന്ദ്രത്തിനുവേണം. ആയുഷ്മാന്‍ ഭാരത് കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേര് പറ്റില്ല. പേരില്‍ നിന്നും കാരുണ്യ നീക്കം ചെയ്‌തേ തീരൂ. കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടെ. കേരളത്തില്‍ നിലവില്‍ സാര്‍വ്വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് നില്‍വിലുള്ളത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയവയില്‍ നിന്നും കവറേജുണ്ട്. 80 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ഉള്ളപ്പോള്‍, കേന്ദ്ര സര്‍ക്കാരിന്റെ നാമമാത്ര സഹായം ലഭിക്കുന്നത് 22 ലക്ഷം പേര്‍ക്കു മാത്രമാണ്.


ലൈഫ് ഭവന പദ്ധതി എന്ന പേര് പറ്റില്ലപോലും. ആ സ്‌കീമില്‍ വീട് ഒന്നിനു കേരള സര്‍ക്കാര്‍ നല്‍കുന്നത് 4 ലക്ഷം രൂപയും, ഫ്‌ലാറ്റിന് 10-20 ലക്ഷം രൂപയുമാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 75000 രൂപ വീതം നല്‍കുന്നുണ്ട്. മൊത്തം ഭവന പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം 10 ശതമാനത്തില്‍ താഴെയാണ്. പക്ഷേ, വീടിനു മുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിഎംഎവൈ മുദ്ര പതിപ്പിച്ചേ തീരൂ. ഇതുതന്നെയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ കാര്യത്തിലും. കേന്ദ്ര സഹായമുള്ള ഗുണഭോക്താക്കള്‍ 5.88 ലക്ഷം പേര്‍ മാത്രമാണ്. കേരളം അംഗീകരിച്ച ഗുണഭോക്താക്കളുടെ എണ്ണം 64 ലക്ഷവും.

കേരളം പ്രതിമാസം 1600 രൂപ നല്‍കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 200-300 രൂപ മാത്രമാണ്. കേരളം 10,000 കോടി ക്ഷേമ പെന്‍ഷനുകള്‍ക്കു ചെലവഴിക്കുമ്പോള്‍ കേന്ദ്ര സഹായം വെറും 300 കോടി രൂപ മാത്രമാണ്. വെറും 3 ശതമാനം. കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഈ തോന്ന്യാസത്തിനു നേതൃത്വം നല്‍കുന്നത്. അവരുടെ തിരുവനന്തപുരം പ്രസംഗത്തില്‍ വളരെ വാശിയോടെ പ്രഖ്യാപിച്ച കാര്യമാണിത്. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റേതായി ബ്രാന്‍ഡ് ചെയ്യാന്‍ അനുവദിക്കില്ല.

കേന്ദ്രം പ്രഖ്യാപിച്ച പേരുകള്‍തന്നെ കേന്ദ്രം തരുന്ന ഫണ്ട് ഉപയോഗിക്കുന്ന സ്‌കീമുകള്‍ക്കു നല്‍കിയേപറ്റൂ. അതു ഗുണഭോക്താക്കള്‍ക്കു നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലും നിര്‍മ്മിതികളിലും കൃത്യമായി പ്രദര്‍ശിപ്പിക്കുകയും വേണം. ഈ അനീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നേ തീരൂ എന്നും തോമസ് ഐസക്ക് പറഞ്ഞു. മേല്‍പ്പറഞ്ഞവയൊന്നും കേന്ദ്രത്തിന്റെ മാത്രം പദ്ധതികളല്ല. കേന്ദ്ര-സംസ്ഥാന പദ്ധതികളാണ്. പണം മുടക്കുന്നതു കൂടുതലും സംസ്ഥാനം തന്നെ. കൂടുതല്‍ പണം മുടക്കുന്നവര്‍ക്കാണ് പേരിടാന്‍ അവകാശമെന്നും ഐസക്ക് എഫ്.ബിയില്‍ കുറിച്ചു.