Sun. Feb 25th, 2024

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യില്‍ നാളെ നടത്താനിരുന്ന പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. കാമ്പസില്‍ സംഗീതനിശയുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും മൂന്ന് വിദ്യാര്‍ഥികള്‍ മരണപ്പെട്ട സാഹചര്യത്തിലാണിത്. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.


എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും കുടുങ്ങിപ്പോയവരില്‍ മൂന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. അനവധി പേര്‍ക്ക് പരുക്കേറ്റു. എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ അതുല്‍ തമ്പി, സാറാ തോമസ്, ആന്‍ റുഫ്‌തോ എന്നിവരും പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫുമാണ് മരിച്ചത്.

പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച വിദ്യാര്‍ഥികള്‍ ഗാനമേള നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് കൂട്ടത്തോടെ കയറാന്‍ ശ്രമിച്ചതോടെയാണ് ദുരന്തമുണ്ടായത്.