Fri. Mar 1st, 2024

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കുസാറ്റില്‍ എത്തിച്ചു. അതുല്‍ തമ്പി, ആന്‍ റുഫ്ത, സാറ തോമസ് എന്നിവരുടെ മൃതദേഹമാണ് എത്തിച്ചത്.


ഇതില്‍ ആന്‍ റുഫ്തയുടെ സംസ്‌കാരം ചൊവ്വാഴ്ചയാണ് നടക്കുക. കുട്ടിയുടെ മാതാവ് ഇറ്റലിയില്‍ നിന്ന് എത്തിയ ശേഷമായിരിക്കും സംസ്‌കാരം. ആന്‍ റുഫ്തയുടെ മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റും.

ഇന്നലെ വരെ തങ്ങളോടൊപ്പം കളിച്ചു ചിരിച്ചു നടന്ന പ്രിയപ്പെട്ട സഹപാഠികളെ അവസാനമായി ഒരുനോക്ക് കാണാന്‍ വിദ്യാര്‍ഥികള്‍ കാമ്പസിലേക്ക് ഒഴുകിയെത്തി. എല്ലാവരുടെയും മുഖത്ത് അവിശ്വസനീയതയുടെ മരവിപ്പുണ്ടായിരുന്നു. പലരും വിങ്ങിപ്പൊട്ടുന്നതും കാണാമായിരുന്നു.