Sun. Feb 25th, 2024

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാമ്പസില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 64 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയാണ് അപകടം. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ വിദ്യാര്‍ഥിയുമായ അതുല്‍ തമ്പിയാണ് മരിച്ചവരില്‍ ഒരാള്‍. കുസാറ്റിലെ രണ്ടാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിയാണ് അതുല്‍. നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ച രണ്ടാമത്തെയാള്‍ എന്നാല്‍ മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് ഏഴോടെയാണ് അപകടം.



നാല് പേരും ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. അതിനിടെ മഴ പെയ്തതോടെ ആളുകള്‍ സമീപത്തുണ്ടായിരുന്ന ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

2000 ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

വൈകീട്ട് ഗാനമേള തുടങ്ങിയതോടെയാണ് തിരക്കു കൂടിയത്. പുറത്തു നിന്നുള്ളവരും ഗാനമേള കേള്‍ക്കാന്‍ എത്തിയിരുന്നു. പിന്നാലെയാണ് ദുരന്തം. വിദ്യാര്‍ഥികള്‍ ബോധരഹിതരായി കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്നു മഴ പെയ്തതോടെ പുറത്തു നിന്നവര്‍ ഓഡിറ്റോയിറത്തിലേക്ക് ഇരച്ചു കയറിയതാണ് അപകടത്തിനിടയാക്കിയത്. പരുക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.