Sat. Mar 2nd, 2024

പത്തനംതിട്ട: തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് റോബിന്‍ ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്കു മാറ്റി. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി വാഹനത്തിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധംസര്‍വീസ് നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വന്‍ പോലീസ് സന്നാഹത്തോടെയാണ് എം വി ഡി കര്‍ശന നടപടി എടുത്തത്.


ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹനത്തിന്റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവി ഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ലോഗര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്. ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാര്‍ പ്രതികരിച്ചു. കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു.