Wednesday, December 6, 2023

Latest Posts

നവകേരള യാത്ര; സ്‌കൂള്‍ ബസ് വിട്ടുനല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: നവകേരളയാത്രയ്ക്കായി സ്‌കൂള്‍ ബസുകള്‍ വിട്ട് നല്‍കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. സ്‌കൂള്‍ ബസുകള്‍ പൊതുയാത്രയ്ക്ക് ഉപയോഗിക്കാന്‍ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

നവംബര്‍ 18 മുതല്‍ ഡിസബംര്‍ 23 വരെ നവകേരള സദസിന്റെ സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസ് വിട്ട് നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ആരാണ് ഈ സംഘാടക സമിതി എന്നും അവര്‍ ആവശ്യപ്പെട്ടാല്‍ പൊതു ആവശ്യമാകുമോ എന്നും ചോദിച്ചാണ് കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തതത്.


സ്‌കൂള്‍ ബസ്സുകള്‍ കുട്ടികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ടിയാണ്. അത് മുതിര്‍ന്ന യാത്രക്കാരെ കൊണ്ടുപോകാനോ, വിദ്യാഭ്യാസേതര ആവശ്യത്തിനും ഉപയോഗിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. ഇത് വിശദീകരിച്ച ശേഷം മാത്രമേ ബസുകള്‍ വിട്ട് നല്‍കണമോ എന്ന് തീരുമാനിക്കാന്‍ കഴിയുകയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കാസര്‍കോട് സ്വദേശിയായ രക്ഷിതാവാണ് സര്‍ക്കുലര്‍ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. പ്രവര്‍ത്തി ദിവസം ബസ് വിട്ടുനല്‍കാനള്ള നിര്‍ദേശം സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരം സ്‌കൂള്‍ ബസുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. ബസ് വിട്ട് കൊടുക്കാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. ഹരജി അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.