കൊച്ചി: കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് അങ്കമാലിയിലെ തറവാട്ട് വീട്ടില്‍ വെച്ചെന്നു വെളിപ്പെടുത്തല്‍. സ്‌ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കില്‍ തൃശ്ശൂരിലേക്കു പോയെന്നും മാര്‍ട്ടിന്റെ മൊഴിയില്‍ പറയുന്നു. സ്‌ഫോടനത്തിനായി വീര്യമേറിയ കരിമരുന്നാണ് ഉപയോഗിച്ചത്. ബോംബ് പൊട്ടിയാല്‍ ആളിപ്പടരുന്നതിനായി പെട്രോള്‍ നിറച്ച കുപ്പിയും ഉപയോഗിച്ചു. സ്‌ഫോടനം നടത്തിയത് കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുറകില്‍ നിന്നെന്നും പോലീസിന് മൊഴി നല്‍കി.
സ്‌ഫോടനത്തിനു ശേഷം പ്രതി ഫോണില്‍ സംസാരിച്ച കൊച്ചി സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് 45 പേരെയാണ് ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തത്. യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും ഡൊമിനിക് മൊഴി നല്‍കിയിട്ടുണ്ട്.
ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നും സ്‌ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് ബോംബിനൊപ്പം പെട്രോളും വച്ചത്. നാലു കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നു. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്. ഫോര്‍മാനായതിനാല്‍ സാങ്കേതിക കാര്യങ്ങളില്‍ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്.


