തൃശൂർ: ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ ജാതി വിവേചനം അവസാനിപ്പിക്കണമെന്ന് കേരളയുക്തിവാദി സംഘം 33-ാം തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂർ ദേവസ്വം ബോർഡ് പാചക തസ്തികയിലേക്ക് ബ്രാഹ്മണൻ മാത്രമായിരിക്കണം അപേക്ഷിക്കേണ്ടതെന്നാണ് വിജ്ഞാപനം. അതേസമയം പത്തോളം മറ്റു ജാതിക്കാർ പാചകപ്പുരയിൽ സഹായികളായി പ്രവർത്തിക്കുന്നുമുണ്ട്. ഏതാനും മാസം മുമ്പ് മേൽ ശാന്തി നിയമന വിജ്ഞാപനത്തിൽ അപേക്ഷകൻ ബ്രാഹ്മണനായിരിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ശാന്തി നിയമന വിജ്ഞാപനത്തിലും അപേക്ഷകൻ ബ്രഹ്മണനായിരിക്കണമെന്ന് പറയുന്നുണ്ടു്. ഒരു വ്യക്തി ബ്രാഹ്മണനായാൽ ഉത്തമനാണെന്നു പറയുന്നത് ഭരണഘടന ഉറപ്പു നൽകുന്ന തുല്യ പൗരത്വ സങ്കല്പത്തെയാണ് വെല്ലുവിളിക്കുന്നത്.
ഹിന്ദു മതവിഭാഗത്തിൽപെട്ട യോഗ്യതയുള്ളവർക്ക് പുരോഹിതരാകാൻ കഴിയേണ്ടതുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 75 ആണ്ടു കഴിഞ്ഞിട്ടും ജാതി ബ്രാഹ്മണത്തിന്റെ പിടിയിൽ നിന്നു പുരോഗമന കേരളത്തിനും മുക്തിയില്ല എന്നാണ് ദേവസ്വം വിജ്ഞാപനം തെളിയിക്കുന്നതെന്നും സമ്മേളനം പാസ്സാക്കിയ പ്രമേയത്തിൽ പറഞ്ഞു. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നിഷേധിച്ചു കൊണ്ട് ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന കൂട്ടക്കൊല അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അതിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മറ്റൊരു പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
തൃപ്രയാർ, നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാ സമ്മേളനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ഭരണകൂടം തീരുമാനിച്ചാൽ ഏതൊരാളെയും രാജ്യദ്രോഹിയാക്കാമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ശക്തീധരൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ടു് അഡ്വ.കെ.ഡി.ഉഷ അദ്ധ്യക്ഷത വഹിച്ചു. പരിണാമവും വിശ്വാസവും എന്ന വിഷയത്തിൽ രാജു വാടാനപ്പിള്ളി പ്രഭാഷണം നടത്തി. ചലച്ചിത്രസംവിധായകൻ അനിൽ പരയ്ക്കാട് ദാരിയുഷ് മെഹർജി അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി കെ.നളിനി റിപ്പോർട്ടും ട്രഷറർ ശ്രുതി തോമസ് കണക്കും ജില്ലാ ഓർഗനൈസർ കെ.സുധാകരൻ യുക്തിരേഖാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.ചന്ദ്രബാബു, എൻ.കെ.ശങ്കരൻ കുട്ടി, മുക്ത വിൻസന്റ് , സജ്ജൻ കാക്കനാട്, ഏ.ആർ.ശിവരാജ്, കെ. എസ്.രവി എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എൻ.കെ.ശങ്കരൻ കുട്ടി (പ്രസിഡണ്ടു) എം.ജെ. തങ്കച്ചൻ, അഡ്വ.കെ.ഡി.ഉഷ (വൈസ് പ്രസിഡണ്ടുമാർ) സിന്ധുരാജ് ചാമ പറമ്പിൽ (സെക്രട്ടറി) കെ.നളിനി, രാജു വാടാനപ്പിള്ളി (ജോ.സെ ക്ര ട്ടറിമാർ) സജ്ജൻ കാക്കനാട്, സി.എൻ. കാർത്തികേയൻ (ഓർഗ . സെക്രട്ടറിമാർ) മുക്ത വിൻസന്റ് (ട്രഷറർ) ടി.കെ. ശക്തീധരൻ, സി.ചന്ദ്രബാബു, അഡ്വ.കെ.ഡി.ഉഷ, അനിൽ പരക്കാട്, കെ. നളിനി, സിന്ധുരാജ് ചാമ പറമ്പിൽ (സംസ്ഥാന കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.


