Mon. Nov 23rd, 2026

ഞാൻ നിങ്ങളുടെ മാതൃ സംഘടനയായ ബിജെപിയിലോ സംഘപരിവാറിലോ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് സംഘപരിവാർ വിമർശകയും സംഘികളുടെ വ്രണക്കേസിൽ ജയിലിൽ പോകുകയും ചെയ്തിട്ടുള്ള ലിബി. സി. എസ്. കേരളത്തിലെ മതവിമർശനം നടത്തുന്നവരെയൊക്കെ ഇസ്ളാം മതക്കാർ കേസുകൊടുത്തും അല്ലാതെയും ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു പച്ചക്കളളം യുക്തിവാദി ലേബലിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അവരെവയൊക്കെ സംരക്ഷിക്കുന്നത് ബിജെപിക്കാരാണെന്നാണ് അവർ തന്നെ പറയുന്നത്. എങ്കിൽ ഞാനും നിങ്ങളുടെ മാതൃ സംഘടനയായ ബിജെപിയിൽ ചേരാൻ തയാറാണെന്നും എന്നാൽ ഒരു കണ്ടീഷനേയുള്ളൂ കേരളത്തിലെ ഏതെങ്കിലും ഒരു സ്റ്റേഷനിൽ ഇവർക്കെതിരെ മുസ്ലിങ്ങൾ കൊടുത്ത ഒരു കേസിൻറെ എഫ്‌ഐആർ കാണിക്കണമെന്നും ലിബി ഫെയ്‌സ് ബുക്കിൽ കുറിച്ചു.


ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:

കേരളത്തിലെ മതവിമർശനം നടത്തുന്നവരെയൊക്കെ ഇസ്ളാം മതക്കാർ കേസുകൊടുത്തും അല്ലാതെയും ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു പച്ചക്കളളം യുക്തിവാദി ലേബലിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എല്ലാ മതക്കാരെയും പോലെ അവിശ്വാസികളോടുള്ള അസഹിഷ്ണുത ചില വിശ്വാസികൾ പ്രകടിപ്പിക്കുകയോ പോസ്റ്റുകൾക്കടിയിൽ വന്ന് തെറിവിളിക്കുകയോ ചെയ്യുന്നുണ്ടാവാം എന്നതിനപ്പുറം ഈ പ്രചരിപ്പിക്കുന്ന ഭീകരതയൊന്നും ഇസ്ലാം മതത്തിൻറെ ഭാഗത്തുനിന്നും കേരളത്തിൽ യുക്തിവാദികൾക്ക് ഉണ്ടാകുന്നില്ല. ചിലർ അവരുടെ യുട്യൂബ് propaganda യുടെ ഭാഗമായി ഇറക്കുന്ന ഉഡായിപ്പുമാത്രമാണ് ഇതെല്ലാം. 2019 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെയുള്ള മതനിന്ദകേസുകളുടെ ഡീറ്റെയിൽസ് ഞാൻ RTI ഇട്ട് എടുത്തിരുന്നു. കേരളത്തിലെ ഒരു യുക്തിവാദിയുടെയോ യുക്തിവാദി ചമയുന്നവരുടെയോ പേരിൽ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലും ഇസ്ലാം മതക്കാർ വാദികളായ മത നിന്ദാ കേസ് ഇല്ല. മതനിന്ദകേസുകളിൽ ഒന്നാം സ്ഥാനത്ത് സംഘികളും രണ്ടാംസ്ഥാനത്ത് ക്രിസ്ത്യാനികളും മൂന്നാം സ്ഥാനത്ത് മാത്രമാണ് ഇസ്ലാം സംരക്ഷകരും ഉള്ളത്. അവർ കൊടുത്തിട്ടുള്ള കേസുകളിലെ പ്രതികളാകട്ടെ ചില സംഘികളും ക്രിസംഘികളുമാണ്. ഒരു യുക്തിവാദി ലേബൽ ഉള്ളവരും അതിൽ ഇല്ല. കേരളത്തിൽ എന്തയാലും മറ്റു മതസ്ഥരെക്കാളും വിമർശനങ്ങളോട് കുറച്ച് സഹിഷ്ണുത കൂടുതൽ കാണിക്കുന്നത് മുസ്ലിം ജനവിഭാഗമാണ് എന്നതാണ് വാസ്തവം. ചിലർ പറയുന്നത് അത് ക്ലബ്ബ് ഹൗസിലേയും സോഷ്യൽ മീഡിയയിലേയുമൊക്കെ വിമർശനം മൂലമാണെന്നാണ്. ഞാനൊക്കെ 24 വർഷം മുൻപ് സോഷ്യൽമീഡിയയൊക്കെ വരുന്നതിന് മുൻപ് യുക്തിവാദിസംഘത്തിൻറെ ഭാഗമായ ആളാണ്. അന്നും മുസ്ളീം സമുദായത്തിൽനിന്നും വന്ന യുക്തിവാദികളൊക്കെ ഉണ്ടായിരുന്നു. ജോസഫ് ഇടമറുകിന്റെ കാലം മുതൽ ഇസ്ലാം മതത്തെ വിമർശിക്കുന്നുമുണ്ട്. അവരാരെങ്കിലും യുക്തിവാദികൾക്കെതിരെ കേസുമായി പോയതായി എനിക്കറിയില്ല.

എന്നാൽ ഇതല്ല മറ്റ് മതങ്ങളെ വിമർശിക്കുന്നവരുടെ അവസ്ഥ.ഇവിടെ പല യുക്തിവാദികളുടെയും പേരിൽ ഹിന്ദുത്വ സംരക്ഷകരുടെയും യേശു സംരക്ഷകരുടെയും കേസുകൾ ഉണ്ട്. ക്രിസ്ത്യാനികൾ കൊടുത്ത എറണാകുളം വ്രണ സ്റ്റേഷനിലെ ഒരു കേസിലെ യുക്തിവാദിയായ പ്രതി ആത്മഹത്യ ചെയ്തിട്ട് രണ്ടുമാസം ആകുന്നതേയുള്ളൂ. ഞാൻ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നതുപോലെ എനിക്കെതിരെ കഴിഞ്ഞ കൊറോണക്കാലത്ത് മാത്രം ക്രിസ്ത്യാനികൾ ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള സ്റ്റേഷനുകളിൽ 7 കേസുകൾ എടുപ്പിച്ചു. കേരളാ ഹൈക്കോടതിയിൽ 3 റിട്ട് പെറ്റിഷനുകളും കൊടുത്തിരുന്നു. അവയിൽ 7 കേസുകളിലും എൻറെ വക്കീലന്മാരെ വരെ സ്വാധീനിച്ച് കേസ് വിചാരണയോടടുത്തപ്പോൾ വക്കാലത്ത് ഒഴിയിച്ചു. ഇതെല്ലാം ഞാൻ തനിയെ വാദിക്കേണ്ടി വന്നു. ഹൈക്കോടതിയിലും പാർട്ടി ഇൻ പേഴ്സണായി തനിയെ വാദിക്കുകയായിരുന്നു. അതുപിന്നെ വക്കാലത്ത് ഒഴിഞ്ഞിട്ടല്ല വക്കീലന്മാർ ഒന്നര ലക്ഷം രൂപയൊക്കെയാണ് മൂന്ന് റിട്ടിനും കൂടി ഫീസ് ചോദിച്ചത് എന്നതിനാൽ എന്റെകയ്യിൽ കാശില്ലാഞ്ഞതിനാൽ തനിയെ വാദിക്കുകയായിരുന്നു. നാളെയും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു കത്തോലിക്കാ വ്രണക്കേസിൻറെ വിചാരണയുണ്ട്. വക്കീൽ വക്കാലത്ത് ഒഴിഞ്ഞിരിക്കുകയാണ്. ഈ അത്ഭുതമൊക്കെ എനിക്ക് മാത്രം സംഭവിക്കുന്നതല്ല. സിസ്റ്റർ ലൂസിയുടെ ഹൈക്കോടതിയിലെ കേസിലും അന്തിമവാദത്തിന്റെ ദിവസം അവരുടെ വക്കീൽ വക്കാലത്ത് ഒഴിയുകയും മറ്റാരും വക്കാലത്ത് ഏറ്റെടുക്കാൻ തയാറാകാതിരിക്കുകയും ചെയ്തതിനാൽ അവർക്ക് സ്വയം വാദിക്കേണ്ടി വന്നു. ഇങ്ങനൊക്കെ ഏത് സുഡാപ്പികളാണ് കേരളത്തിൽ ചെയ്തിട്ടുള്ളത്? അല്ലെങ്കിൽ ചെയ്യാൻ കഴിയുക?

അതുകൊണ്ട് ഇസ്ലാം മതക്കാർ കൊല്ലാൻ വരുന്നേ, കേസുകൊടുത്ത് പീഡിപ്പിക്കുന്നേ എന്നൊക്കെയുള്ളത് പച്ച കളളമാണ്. (ഇസ്ലാം മതാകകരെല്ലാം പത്തരമാറ്റ് പരിശുദ്ധന്മാർ ആണെന്നല്ല പറഞ്ഞത്) കേരളത്തിലെ ഏതെങ്കിലും ഒരു യുക്തിവാദിക്കെതിരെ മേൽസൂചിപ്പിച്ച കാലയളവിനുള്ളിൽ കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിൽ മത വിമര്ശനത്തിൻറെ പേരിൽ മുസ്ലിം വാദി കൊടുത്ത ഒരു വ്രണക്കേസിന്റെ എഫ്‌ഐആർ കൊണ്ടുവരാമെങ്കിൽ ഞാൻ പരസ്യമായി ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ തയാറാണ്.

ബിജെപിയിൽ തന്നെ ചേരാം എന്ന് പറഞ്ഞതിന് ഒരു കാര്യമുണ്ട്. ഈ കള്ള പ്രചാരണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. യുക്തിവാദി സംഘടനകൾ വരെ ഈ പ്രചാരണത്തിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. രണ്ട് വക്കീലന്മാർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കെവൈഎസ് വരെ ഒരു മഹതിയെ ഇസ്ലാമിസ്റ്റുകൾ കൊല്ലാൻവരുന്നു, അവരെ കേസുകൊടുത്ത് പീഡിപ്പിക്കുന്നു എന്നൊക്കെ പറഞ്ഞു പക്കാ സംഘിസം പറയുന്ന അവരുടെ ഫോട്ടോ സംഘികൾ കൊന്ന യുക്തിവാദിയായ ജേണലിസ്റ്റ് ഗൗരി ലങ്കേഷിനൊപ്പം വെച്ച് ഫ്ലെക്സോക്കെ അടിച്ച് സെക്രറ്ററിയേറ്റിന് മുന്നിൽ കുത്തിയിരുത്തി വിഡ്ഢികളാക്കുക മാത്രമല്ല, ഗൗരി ലങ്കേഷിനെ അപമാനിക്കാനും കൂടി അവർക്ക് സാധിച്ചു. ഇതിലെല്ലാം കൃത്യമായ രാഷ്ട്രീയമാണ് വർക്ക് ചെയ്യുന്നത്.

കഴിഞ്ഞവർഷം അറബിക്ക് പേരുകാരനായ ഒരു സീനിയർ യുക്തിവാദി മതവുമായി ചില പ്രശ്ങ്ങളുളള യൂട്യൂബർ ആയ ഒരു മുസ്ളീം സ്ത്രീയോട് ബിജെപിയെ വിമർശിക്കരുതെന്നും. അവരെപ്പറ്റി മൗനം പാലിക്കുകയെങ്കിലും ചെയ്യണമെന്നും. എല്ലാവരെയും വെറുപ്പിച്ച് ജീവിക്കാൻ പറ്റില്ലെന്നും. അവർക്കൊക്കെ പണ്ടുമുതൽ സംരക്ഷണം കൊടുക്കുന്നത് ബിജെപിക്കാരാണെന്നും ജവഹർലാൽ നെഹ്‌റു കഴിഞ്ഞാൽ യുക്തിവാദികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഏക പ്രധാനമന്ത്രി മോദിയാണെന്നുമൊക്കെ പറഞ്ഞു ആ സ്ത്രീക്ക് ഒരു നീണ്ട ക്‌ളാസ് എടുക്കുന്ന കോൾ റിക്കോഡ്‌ എന്റെ കയ്യിലുണ്ട്. കൂടാതെ നേരത്തേ സൂചിപ്പിച്ച മഹതിയുടെയും സമാനമായ ആവശ്യവും വൻ ഓഫറുകളുമൊക്കെ അടങ്ങുന്ന വാട്സ് ആപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമുണ്ട്. അതുകൊണ്ട് ഇവരെയൊക്കെ സംരക്ഷിക്കുന്നത് ബിജെപിക്കാരാണെങ്കിൽ ഞാനും നിങ്ങളുടെ മാതൃ സംഘടനയായ ബിജെപിയിൽ ചേരാൻ തയാറാണ്. ഒരു കണ്ടീഷനേയുള്ളൂ കേരളത്തിലെ ഏതെങ്കിലും ഒരു സ്റ്റേഷനിൽ ഇവർക്കെതിരെ മുസ്ലിങ്ങൾ കൊടുത്ത ഒരു കേസിൻറെ എഫ്‌ഐആർ നമ്പർ പറഞ്ഞാൽ മതി ഞാൻ എടുത്തോളാം. (മേൽപ്പടി മഹാന്റെയും മഹതിയുടെയും കാര്യത്തിൽ കേരള സംസ്ഥാനം രൂപംകൊണ്ട ശേഷം ഉണ്ടായ ഏതെങ്കിലും ഒരു മതനിന്ദാ കേസിൻറെ എഫ്‌ഐആർ ആയാലും മതി.)
സത്യമാണെങ്കിൽ മിസ്‌ഡ് കോൾ അടിച്ച് ബിജെപിയിലും ചേരാം!
ജയ് സംഘ ശക്തി!