കൊച്ചി: കളമശ്ശേരി സ്ഫോടന കേസില്‍ പോലീസില്‍ കീഴടങ്ങിയ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, ഗൂഢാലോചന, കൊലപാതകം, വധശ്രമം, സ്ഫോടക വസ്തു നിയമം എന്നി വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക്ക് മാര്‍ട്ടിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍, സ്ഫോടനം നടന്ന സ്ഥലത്ത് വന്നുപോയതിന്റെ ദൃശ്യങ്ങള്‍ തുടങ്ങി വിവിധ തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സ്‌ഫോടനം നടത്തിയ യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും മാര്‍ട്ടിന്‍ പോലീസിന് മൊഴി നല്‍കി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. സ്‌ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിന്‍ ബോക്‌സില്‍ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നല്‍കി. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്.


