Tue. Nov 24th, 2026

ന്യൂഡല്‍ഹി: കശ്മീരി മാധ്യമപ്രവര്‍ത്തക സഫീന നബിക്കു പ്രഖ്യാപിച്ചിരുന്ന മാധ്യമ അവാര്‍ഡ് പൂനെയിലെ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജി റദ്ദാക്കി. സര്‍വകലാശാല ക്യാമ്പസില്‍ വ്യാഴാഴ്ച നടത്താനിരുന്ന ചടങ്ങില്‍ നിന്നാണ് സഫീനയെ അവസാന നിമിഷം ഒഴിവാക്കിയത്.

തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണു മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജിയുടെ ഭാഗമായ വേള്‍ഡ് പീസ് യൂണിവേഴ്സിറ്റിയുടെ നടപടി എന്നു ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായില്ല.

സമൂഹത്തില്‍ സഹാനുഭൂതിയും സഹവര്‍തിത്വവും പ്രോത്സാഹിപ്പിക്കുന്ന പത്രപ്രവര്‍ത്തനം എന്ന വിഭാഗത്തില്‍ കാശ്മീരിലെ അര്‍ധ വിധവകള്‍ എന്ന സഫീനയുടെ റിപ്പോര്‍ട്ടിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്. ഭര്‍ത്താക്കന്മാരുടെ തിരോധാനത്തിന് ശേഷവും സ്വത്തവകാശം നിഷേധിക്കപ്പെടുന്ന കശ്മീരിലെ സ്ത്രീകളുടെ ദുരവസ്ഥയാണ് ലേഖനത്തിലൂടെ വിവരിച്ചിരുന്നത്.


ഏഴംഗ ജൂറിയാണ് സഫീനയുടെ ലേഖനം ഐകകണ്‌ഠ്യേന അവാര്‍ഡിന് തെരഞ്ഞെടുത്തത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ്, പൂനെ എഡിഷന്റെ റെസിഡന്റ് എഡിറ്റര്‍ സുനന്ദ മേത്ത, ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണിസ്റ്റ് സന്ദീപ് അധ്വര്യു, ബെന്നറ്റ് യൂണിവേഴ്‌സിറ്റിയിലെ മീഡിയ സ്‌കൂള്‍ മേധാവി സഞ്ജീവ് രത്‌ന സിംഗ്, ദി വയറിന്റെ സ്ഥാപക എഡിറ്റര്‍ എം കെ വേണു എന്നീ മാധ്യമ പ്രവര്‍ത്തകരും യൂനിവേഴ്‌സിറ്റ് അംഗങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു വിധിനിര്‍ണയിച്ചിരുന്നത്.

അവാര്‍ഡ് ലഭിച്ചതായി സഫീനയെ സര്‍വകലാശാ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ധീരജ് സിങ് ഫോണിലൂടെയും മെയിലിലൂടെയും ഒക്ടോബര്‍ 11ന് അറിയിച്ചിരുന്നു. അവാര്‍ഡ് ദാന ചടങ്ങിനായി പൂനെയിലേക്ക് വരാനിരിക്കുകയായിരുന്നു സഫീന. അതിനുള്ള സജ്ജീകരണങ്ങള്‍ സര്‍വകലാശാല ചെയ്തിരുന്നു.

എന്നാല്‍ അവാര്‍ഡ് റദ്ദാക്കിയെന്നും അതിനാല്‍ ഇനി പൂനെയിലേക്കു വരേണ്ടതില്ലെന്നും ഒക്ടോബര്‍ 16ന് ഉച്ചകഴിഞ്ഞ് അറിയിക്കുകയായിരുന്നു. സഫീന പിന്നീട് വിധികര്‍ത്താക്കളെ ബന്ധപ്പെട്ടെങ്കിലും ഒഴിവാക്കിയ കാര്യം അവരും അറിഞ്ഞിരുന്നില്ല. സഫീനയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് വിധികര്‍ത്താക്കളായ മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.