Sat. Nov 21st, 2026

ന്യൂഡൽഹി: ഗസ്സയിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ സിവലിയൻമാർ മരിക്കാനിടയായതിൽ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഫലസ്തീനിലെ ജനങ്ങൾക്ക് മാനുഷിക സഹായം ഇന്ത്യ തുടർന്നും നൽകുമെന്ന് അബ്ബാസിന് ഉറപ്പ് നൽകിയതായി അദ്ദേഹം എക്സ് പോസ്റ്റിൽ അറിയിച്ചു.

തീവ്രവാദം, അക്രമം, മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം എന്നിവയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക മോദി അബ്ബാസുമായി പങ്കുവെച്ചു. ഇസ്രായേൽ – ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല തത്ത്വപരമായ നിലപാട് ആവർത്തിച്ചു.


അതേസമയം ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. ഇന്ത്യ നിൽക്കുന്നത് ഭീകരവാദത്തിനെതിരെയെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. ഇന്ത്യയുടെ നയത്തെ എതിർക്കുന്നവർക്ക് ദുഷിച്ച മനസാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭീകരവാദികളെ ശരദ്പവാറും ഇടതുപാർട്ടികളും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ നയത്തെ ന്യായീകരിച്ച് നിതിൻ ഗഡ്കരിയും രം​ഗത്തെത്തി. ഇസ്രയേലിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പവാറിന്റെ പ്രസ്താവനകൾ കപടമാണെന്ന് ​ഗോയൽ ആരോപിച്ചു.

ലോകത്തിന്റെ ഏത് ഭാഗത്തും എല്ലാ രൂപത്തിലുമുള്ള ഭീകരതയുടെ വിപത്ത് അപലപിക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും മുഖ്യമന്ത്രിയും ആയിട്ടുള്ള ഒരാൾക്ക് ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇത്തരമൊരു വീക്ഷണം ഉണ്ടായിരിക്കുന്നത് ഖേദകരമാണെന്നും ​ഗോയൽ പറഞ്ഞു. ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ കണ്ണീരൊഴുക്കുകയും ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ഉറങ്ങുകയും ചെയ്ത സർക്കാരിന്റെ ഭാഗമായിരുന്നു പവാറെന്നും ഇത്തരം ജീർണിച്ച ചിന്താഗതി അവസാനിപ്പിക്കണമെന്നും പവാർ ഇപ്പോഴെങ്കിലും ആദ്യം രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ​ഗോയൽ പറഞ്ഞു.