ന്യൂഡൽഹി: ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഗസ്സയിൽ നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതും അവർക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും വെട്ടിക്കുറയ്ക്കുന്നതും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
നിരപരാധികളായ ഇസ്രായേലികളെ ഹമാസ് കൊലപ്പെടുത്തുന്നതും ബന്ദികളാക്കുന്നതും കുറ്റകരമാണ്. ഇസ്റാഈലും ഫലസ്തീനും തമ്മിലുള്ള അക്രമത്തിന്റെ ചക്രം അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായുള്ള കോൺഗ്രസ് പാർട്ടിയുടെ പിന്തുണ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗസ്സയിൽ ഉടൻ വെടിനിർത്തണമെന്നും യുക്തിരഹിതമായ അക്രമത്തിന്റെയും യുദ്ധത്തിന്റെയും പാത ഉപേക്ഷിച്ച് ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പ്രക്രിയ ആരംഭിക്കാൻ ഇരുപക്ഷവും തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.


