Sun. Nov 22nd, 2026

✍️ സി. ആർ. സുരേഷ്

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിമോചനപോരാട്ട ചരിത്രതാളുകളിൽ എന്നും ജ്വലിക്കുന്ന അധ്യായമായി ഓർമയിൽ നിറഞ്ഞുനിൽക്കുന്ന വീരവിപ്ലവ നായികയാണ് ഗോദാവരി പരുലേക്കർ(1907 – 1996). കർഷകർക്കും തൊഴിലാളി വർഗത്തിനും വേണ്ടി ഉഴിഞ്ഞുവച്ച സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരി, സാമുഹ്യ സാംസ്കാരിക പ്രവർത്തക എന്നീ നിലകളിലൂടെ മഹത്തായ സേവനങ്ങൾ നൽകിയ ഗോദാവരി സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗം, കിസാൻ സഭയുടെ അഖിലേന്ത്യാപ്രസിഡന്റ്, മഹാരാഷട്രയിലെ കർഷകപോരാട്ടങ്ങളുടെ നായിക എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വാർലി ആദിവാസികളോടുള്ള ജന്മിവർഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ ഗോദാവരി പരുലേക്കർ നേതൃത്വം കൊടുത്ത പോരാട്ടം പുന്നപ്ര-വയലാർ സമരം പോലെയും തെലങ്കാന പോരാട്ടം പോലെയും ചരിത്രത്തിൽ ഇടംപിടിച്ചതാണ്. വിവിധഘട്ടങ്ങളിലായി എട്ട് വർഷക്കാലത്തോളം അവർ ജയിൽവാസമനുഭവിച്ചു.

പുനെയിലെ ധനിക കുടംബത്തിൽ ജനനം.അച്ഛൻ ലക്ഷ്‌മണറാവോ ഗോഖലെ പ്രസിദ്ധനായ അഭിഭാഷകനായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടിശേഷം നിയമപഠനവും പൂർത്തിയാക്കി. ഇതോടെ മഹാരാഷ്ട്രയിൽ നിയമബിരുദം നേടുന്ന ആദ്യ വനിതയെന്ന ബഹുമതിയ്ക്ക് അർഹയായി.

വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു. 1932-ൽ സ്വാതന്ത്യസമരത്തിൽ പങ്കെടുത്ത് ജയിലിൽ അടയ്ക്കപ്പെട്ടു. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവന്നപ്പോൾ യാഥാസ്ഥിതികനായ അച്ഛൻ ഉൾക്കൊള്ളാൻ തയ്യാറാകാത്തതിനെ തുടർന്ന് വീടുവിട്ടിറിങ്ങി. മുംബെയിൽ സർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയിൽ ചേർന്ന് സാമൂഹ്യപ്രവർത്തനത്തിന് തുടക്കം കുറിച്ചു. അവിടെ വച്ച് കമ്യൂണിസ്റ്റ് വിപ്ലവകാരിയായ ഷംറാവോ പരുലേക്കറുമായി പരിചയപ്പെട്ടത് ജീവിതത്തെ മാറ്റിമറിച്ചു. പിന്നീട് അവർ തമ്മിൽ വിവാഹിതരായി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ വിപ്ലവകാരികളായ ദമ്പതികളിൽ പ്രമുഖ സ്ഥാനമാണ് പരുലേക്കർ ദമ്പതികൾക്കുള്ളത്.

1938-ൽ കമ്യൂണിസ്‌റ്റ് പാർടിയിൽ അംഗത്വമെടുത്തു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും സാമ്രാജ്യത്വയുദ്ധത്തിനെതിരെയുമുള്ള പോരാട്ടത്തിൽ പങ്കെടുത്ത് 1940 ൽ പരുലേക്കർ ദമ്പതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്ത്യ‐ചൈന യുദ്ധത്തോടനുബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടികളുടെ അനവധി നേതാക്കളോടൊപ്പം പരുലേക്കർ ദമ്പതികളും ജയിലിലടയ്ക്കപ്പെട്ടു.

1964-ൽ പാർട്ടിയിലുണ്ടായ പിളർപ്പിനെ തുടർന്ന് സിപിഐ(എം)ൽ പരുലേക്കർ ദമ്പതികൾ ഉറച്ചുനിന്നു.1965 ആഗസ്‌ത്‌ 3-ന് മുംബൈ ജയിലിൽവച്ച് ഷംറാവോ പരുലേക്കർ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ആ സമയത്ത് രാഷ്ട്രീയ തടവുകാരിയായി ജയിലിൽ കഴിയുകയായിരുന്ന ഗോദാവരി 1966 ഏപ്രിൽ 30-നാണ് ജയിൽ മോചിതയായത്.

മികച്ച സാമൂഹ്യപ്രവർത്തകയ്‌ക്കുള്ള ലോകമാന്യതിലക് അവാർഡിനും സാവിത്രിഭായി ഫുലെ അവാർഡിനും അർഹയായിട്ടുണ്ട്. 1970-ൽ പ്രസിദ്ധീകരിച്ച ‘മനുഷ്യനുണരുമ്പോൾ’ എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (1972), ജവഹർലാൽ നെഹ്‌റു അവാർഡ്, സോവിയറ്റ്ലാന്റ് അവാർഡ് എന്നീ അംഗീകാരങ്ങൾ ലഭിച്ചു. വിവിധ ലോകഭാഷകളിലേക്കും ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘ആദിവാസി കലാപം’, ‘എട്ട് വർഷത്തെ ജയിൽ ജീവിതം’ എന്നിവ മറ്റു കൃതികളാണ്.