Mon. Jul 27th, 2026

ലിബി. സിഎസ് ൻറെ പേരിൽ എടുത്തിട്ടുള്ള വികാര വൃണക്കേസിന് ആധാരമായ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആണ് ചുവടെ. അമൃതാന്ദമയിയുടെ പിറന്നാൾ ആഘോഷ മാമാങ്കങ്ങളെ പരിഹസിച്ചുകൊണ്ട് ഇട്ട  ഈ പോസ്റ്റിൻറെ പേരിൽ IPC 295 A, IPC 298, IPC 153, KP Act 120(O) ഇത്രയും വകുപ്പിട്ട് കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ വകുപ്പുകളൊന്നും നിലനിൽക്കില്ലെന്ന് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. 

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം:

ഓം അമൃതേശ്വരിയെ നമഃ
“സ്വിച്ചിട്ടാൽ ബൾബ് കത്തും. ബൾബിട്ടാൽ സ്വിച്ച് കത്തില്ല”

”അരമുറി കൊറ്റും തന്ന് അരക്കുപ്പി കള്ളും തന്ന് കൊല്ലാക്കൊല ചെയ്യിണയ്യോ! കൊല്ലാക്കൊല ചെയ്യിണയ്യോ!” ഇടപ്പള്ളിയിലെ അമൃതാനന്ദമയിയുടെ വമ്പന്‍ ആതുര ശുശ്രൂഷാകേന്ദ്രത്തിന്റെ അങ്കണത്തില്‍ നിന്നും മുന്‍പ് ഉയര്‍ന്നുകേട്ട നിലവിളിയാണിത്. ഭക്തിയുടെ അരക്കുപ്പി കള്ളും ഇത്തിരി വറ്റും കൊടുത്ത് ജീവനക്കാരെ കൊല്ലാക്കൊല ചെയ്യുന്നതിന്റെ ദൈവശാസ്ത്രത്തിന് എതിരെയാണ് സഹികെട്ട് ക്ഷമ നശിച്ച് പെണ്‍കുട്ടികള്‍ ആത്മഹത്യാശ്രമത്തിന് ഇറങ്ങിയത്. ആശുപത്രിയിൽ തൊഴില്‍ ചെയ്യുന്നവരെ നിഷ്ഠൂരമായി ചൂഷണം ചെയ്യുന്നു എന്ന ശക്തമായ ആരോപണത്തിന്റെ നിഴലിലായി അന്ന് അമൃതാ ഹോസ്പിറ്റൽ. ആരോപണങ്ങൾ ഉയർന്നതാകട്ടെ ജീവനക്കാരിൽ നിന്ന് തന്നെയായിരുന്നു എന്നത് മഠത്തെ ഏറെ ഞെട്ടിക്കുകയും ചെയ്തിരുന്നു. വിറളി പൂണ്ട മാനെജ്മെന്റ് ആകട്ടെ സമരത്തെ നേരിടാൻ പെണ്‍കുട്ടികളുടെ മുടിക്കു പിടിച്ച് നിലത്തിട്ട് ചവിട്ടുകയും നിലത്തടിക്കുകയും ചെയ്തത് നാം എല്ലാവരും നിശബ്ദം നോക്കി നിന്നതാണ്. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്ന് പറയാന്‍ ഇവിടെ ഒരു ഫെമിനിസ്റ്റ് സംഘടനയും രാഷ്ട്രീയ സംഘടനയും രംഗത്തുവന്നില്ല എന്നതല്ലേ വാസ്തവം? സ്ത്രീ ശാക്തീകരണത്തിന്റെ കുതിച്ചുകയറ്റത്തില്‍ പകച്ചുനിന്ന് പുളകം കൊള്ളുന്നവര്‍ക്ക് ദൈവമാതൃ സാന്നിദ്ധ്യത്തില്‍ മുട്ടു വിറയ്ക്കുകയും എഴുത്തിന്റെ വിരലുകള്‍ മുറിഞ്ഞുപോവുകയും ചെയ്തു. അന്തരിച്ച സുഗതകുമാരിയും, സാറാ ജോസഫും, ഷൈലജ ടീച്ചറും, കെ കെ രമയും ബിന്ദുകൃഷ്ണയും, ശ്രീമതി ടീച്ചറും, ടി.എന്‍.സീമയും, കെ.അജിതയുമെല്ലാം മൗനം പാലിച്ചു.

ദൈവാവതാരത്തിന്റെ പിറന്നാളുകള്‍ നിമിത്തമായി മലയാളിയുടെ പത്രവായനയില്‍ ഒരു ദൂഷിത കോശവളര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര സഭയിലും അമേരിക്കന്‍ ഐക്യനാടുകളിലും വരെ ആവര്‍ത്തിച്ച് സംഭവിച്ച ഈ ദൈവാവതാരം ഒരു ജനസമൂഹത്തിന്റെ മാനസിക പരാധീനതയേയും ആത്മബോധ തകര്‍ച്ചയേയും മൂര്‍ഛിപ്പിക്കുന്നതിന് വിദേശത്തുനിന്ന് ഒളിവിലും തെളിവിലും ബഹു, ശതം, കോടി ഡോളറിന്റെ വരുമാന സമ്പാദനം നടത്തി കേരളാ ഗവണ്‍മെന്റിനെ പോലും കീഴ്‌പ്പെടുത്തുന്ന ധനകാര്യ ശക്തിയായി.

കാലത്തിന്റെ ചിത്തഭദ്രതയെ തകര്‍ക്കുന്നതിന് ജീവിത മണ്ഡലത്തിലേക്ക് ഇടിച്ചു കയറിയ വിദേശ ഫണ്ടിന്റെ മഹിമയ്ക്കുമുമ്പില്‍ മോഹൻലാൽ മാത്രമൊന്നുമല്ല അന്തരിച്ച രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം മുതല്‍ രാമനാഥ് കോവിന്ദും ദ്രൗപതി മുർമുവും എം.എസ് സ്വാമിനാഥന്‍ വരെയും ഉമ്മന്‍ചാണ്ടി മുതല്‍ മുൻ ഗവര്‍ണര്‍ സദാശിവവും ആരിഫ് മുഹമ്മദ് ഖാനും ഒ. രാജഗോപാലും എ.കെ ആന്റണിയുംവരെയും മുട്ടുകാലുകളില്‍ ഇഴയുന്നതും നാം കണ്ടുനിന്നവരാണ് (പിണറായി നാളിതുവരെ മുട്ടിൽ ഇഴയാൻ പോയിട്ടില്ലെന്ന് ആശ്വസിക്കാം). നാം തകര്‍ന്ന് നിലംപരിശായിക്കൊണ്ടിരിക്കുന്ന ജനതയാണ്. ഇച്ഛയെ ബലി കൊടുത്തവരാണ്. ഒരു ദൈവാവതാരത്തിന്റെ ആശ്ലേഷ കരങ്ങളില്‍ അമര്‍ന്ന് പൊടിയുന്ന നട്ടെല്ലുള്ളവരോ നട്ടെല്ലിന് വംശനാശം സംഭവിച്ചവരോ ആണ്.

മഠത്തിൽ നിന്ന് കോടികളുടെ പരസ്യങ്ങള്‍ കൈപ്പറ്റുന്ന മാധ്യമങ്ങളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത് അമ്മസ്തുതിയാകുന്നതിൽ അതിശയമില്ല. പെരുങ്കള്ളങ്ങളില്‍ ബഹുസ്വരതകള്‍ ഇല്ല. കാരണം അതിന്റെ അടിത്തട്ടില്‍ വിദേശ ഡോളറുകളുടെ ഘന വ്യവസായമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു ജനതയുടെ ന്യായ സങ്കല്‍പ്പത്തിന് താങ്ങാനാവാത്ത ആഴവും ഭാരവും വിദേശ ഫണ്ടിംഗിനുണ്ട് എന്നതിനാല്‍ വിദേശ ഫണ്ടിംഗ് ഒരു സംഭവമാണ്; സമാന്തര സര്‍ക്കാരാണ്. ആയതിനാല്‍ അമ്മയും മഠവും പിന്നെ നമ്മുടെ മാധ്യമങ്ങളും ഒരു ഒന്നൊന്നര സംഭവമാണ്.

മനുഷ്യന്റെ സാമാന്യ ബുദ്ധിയെ കടിച്ചുതുപ്പുന്ന ഇത്തരം ദൈവ സങ്കല്‍പ്പങ്ങള്‍ക്കെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വംശനാശം സംഭവിച്ചതില്‍ അത്ഭുതപ്പെടാനില്ല. ”കൊല്ലാക്കൊല ചെയ്യിണയ്യോ” എന്ന നിലവിളി ഉയർന്നത്, തകര്‍ക്കപ്പെടുമെന്ന വമ്പന്‍ ഭീഷണികളുടെ ഭയജഡിലമായ അന്ധകാരത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യാ മുനമ്പില്‍നിന്നാണ്.
അതിന് മുൻപ് ആത്മീയതയുടെ ഉറവതേടി 2012ല്‍ കേരളത്തിലെത്തിയ ബീഹാറിലെ ഗയ സ്വദേശി സത്‌നാം സിംഗ് എന്ന നിയമ വിദ്യാർത്ഥി, കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍വെച്ച് ക്രൂര മര്‍ദ്ദനത്തിന് ഇരയായി കൊലചെയ്യപ്പെട്ടിരുന്നു.

എന്തുകൊണ്ട് സത്‌നാംസിംഗ് ആക്രമണത്തിന് തുനിഞ്ഞു എന്നത് ഒരുപക്ഷേ അയാള്‍ക്ക് പോലും നിശ്ചയമില്ലാത്ത വിഹ്വലതയാവാം, ശുദ്ധ ചിത്തഭ്രമം പോലുമാവാം, വിശ്വാസ തകര്‍ച്ചയാവാം, ദൈവാവതാരം എന്ന മഹാസംഭവം ഒരു പെരും കള്ളമാണെന്ന തിരിച്ചറിവില്‍ നിന്നും ആകാം. ദൈവ നിധികുംഭങ്ങള്‍ക്കു പിന്നില്‍ അധോലോക പെരുമാറ്റങ്ങള്‍ ഉണ്ടെന്ന സംശയത്തില്‍ നിന്നും ആകാം.

ഏതായാലും അയാള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കൊലപാതക ശ്രമത്തിന് അയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. പേരൂര്‍ക്കടയിലെ ചിത്തരോഗാശുപത്രിയിലെ അന്തേവാസികള്‍ക്ക് എന്തായാലും അയാളോട് പൂര്‍വ വൈരാഗ്യം ഉണ്ടാകേണ്ട കാര്യവുമില്ല. അയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് പ്രജ്ഞയില്‍ അടയാളം ചെയ്യാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ലല്ലോ?

ആക്രമണ വാസനയുള്ള കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ആശുപത്രികളില്‍ പ്രത്യേക സെല്ലുകള്‍ ഉണ്ടെന്നിരിക്കെ ചിത്തരോഗികളുടെ മധ്യത്തിലേക്ക് മരണപ്രായമായ അയാളുടെ ശരീരത്തെ എറിഞ്ഞു കൊടുത്തു എന്ന് പറയുന്നതിന്റെ രഹസ്യം എന്താണ്? പാലക്കാട്ടെ സമ്പത്തിനെ പോലെ സത്‌നാം സിംഗും തിരുവനന്തപുരത്തെത്തുമ്പോള്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ആരെങ്കിലും ആക്രമിച്ച് കൊലപ്പെടുത്തിയെങ്കില്‍ പ്രതിയെ പുലിക്കൂട്ടിലെറിഞ്ഞ് കൊടുത്ത പോലീസുകാരും പോലീസ് മന്ത്രിയും എല്ലാം അതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടതാണ്. സമ്പത്ത് കൊലക്കേസിന്റെ മാനദണ്ഡം സത്‌നാം സിംഗിന്റെ കാര്യത്തില്‍ പാലിക്കപ്പെടാതെ പോയി എന്നതാണ് അതിന്റെ അര്‍ത്ഥം.

സമ്പത്ത് ഒരു സ്ത്രീയുടെ കഴുത്തറുത്ത് കൊന്നയാളാണെന്ന് പോലീസ് പറയുന്നു. അയാളുടെ കസ്റ്റഡി മരണത്തിനെതിരെ കേരളത്തിലെ മാധ്യമങ്ങളെല്ലാം പൊട്ടിത്തെറിച്ചു. ബഹുജന രോഷം ആളിക്കത്തി. സത്‌നാം സിംഗ് ആരെയും കഴുത്തറുത്ത് കൊന്നിട്ടില്ല. അയാളെ പോലീസ് കസ്റ്റഡിയില്‍ വച്ച് തല്ലിക്കൊല്ലേണ്ടത് ഭരണകൂടത്തിന്റെ കൃത്യമായ താല്‍പര്യമാണ്. കേരളത്തെ ഞെട്ടിപ്പിക്കുന്ന എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തുവാന്‍ സത്‌നാം സിംഗ് തുനിഞ്ഞേക്കും എന്ന ഭയമാവാം കൊലപാതകത്തിന് കാരണം എന്ന് ന്യായമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

നാം സമ്പത്തിന്റെ കസ്റ്റഡി മരണത്തില്‍ രോഷം കൊള്ളുകയും സത്‌നാം സിംഗിന്റെ കസ്റ്റഡി മരണത്തില്‍ പവിത്ര നിശബ്ദത പാലിക്കുകയും ചെയ്യുന്നു. നാം എന്ത് മാതിരി ജീവികളാണെന്ന് നമുക്ക് തന്നെ നിശ്ചയമില്ലാതായിട്ടുണ്ട്. നമ്മളെയെല്ലാം ദൈവമാതാവ് ആശ്ലേഷിക്കട്ടെ, ദൈവമാതാവിനെ വിദേശ ധനസഹായ ഹസ്തങ്ങള്‍ അനുഗ്രഹിക്കട്ടെ. സ്‌നേഹക്കച്ചവടത്തിന്റെ സമ്പന്നതയില്‍ അമ്മയും അമ്മയുടെ മിഷനും വിശ്വപ്രസിദ്ധമാകട്ടെ.

നേരത്തെ അമൃതാനന്ദമയി മഠത്തിലെ കൊടിയ പീഡനം മൂലം കൊല്ലം തേവന്നൂർ സ്വദേശി യായ രാധാകൃഷ്ണൻ എന്നയാളും ആത്മഹത്യ ചെയ്തിരുന്നു. ആശ്രമത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും എഴുതിയായിരുന്നു രാാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാകുറിപ്പ് പത്രപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും തപാൽ മാർഗ്ഗം അയച്ച ശേഷമാണ് അദ്ദേഹം സ്വയം മരണം വരിച്ചത്.കൂടാതെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ 4 വർഷം മുൻപ് ബലാത്സംഗം ചെയ്യപ്പെട്ട നഴ്‌സിന്റെ കേസും എങ്ങുമെത്തിയില്ല, നാളിതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അമൃതാനന്ദമയിയുടെ അപ്പച്ചിയുടെ മകൻ പ്രദീപ് കുമാർ 1994 ആഗസ്റ്റ് 16 നു കൊല്ലപ്പെട്ടതിന്റെ പിന്നിലും .“അമ്മ”യുടെ ഭക്തനും അമൃതപുരിയിലെ അന്തേവാസിയുമായിരുന്ന ധുരം ധർ എന്ന ചരിത്രകാരൻ അവിടെ വച്ച് 2000 ജൂലായ്15നു മരണമടഞ്ഞതിന്റെ പിന്നിലും അമൃതാന്ദമയിയുടെ സഹോദരൻ സുഭഗൻ, ഭക്തന്മാരായ പറയക്കടവു ഭാസ്കരദാസ്, കർണ്ണാടകക്കാരൻ സിദ്ധരാമൻ, നാരായണൻകുട്ടി. ഒരുവിദേശ വനിത തുടങ്ങിയവരുടെ മരണങ്ങളും വിവാദത്തിലായിരുന്നു. ലോക്ക് ഡൌൺ തുടങ്ങിക്കഴിഞ്ഞും മറ്റൊരു വിദേശവനിത കെട്ടിടത്തിന് മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. ലോക്ക് ഡൗൺ കാലത്തുതന്നെ മറ്റൊരു വിദേശ വനിത മഠത്തിൽ സ്റ്റെയർകെയിസിൽ ഷാൾ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടിരുന്നു.

ജപ്പാൻ സ്വദേശി ഔചി വിജിയുടെ തൂങ്ങിമരണത്തിന് മഠവും പൊലീസും നൽകിയ വിശദീകരണം സമാധാനം തേടി അമൃതാനന്ദമയിയെ കാണാൻ എത്തി; മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തു എന്നാണു. ഇങ്ങനെ ദുരൂഹ മരണങ്ങളുടെ പട്ടികയിലേക്ക് ഔചി വിജിയുടെ മരണവും എഴുതി തള്ളപ്പെട്ടു. വള്ളിക്കാവിലെ ആശ്രമത്തിൽ മരണപ്പെട്ട ജപ്പാൻ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആരും എത്തിയില്ല; മൃതദേഹം മഠത്തിൽ തന്നെ സംസ്‌ക്കരിച്ചു ദുരൂഹതകളും ഔചി വിജിക്കൊപ്പം മണ്ണടിഞ്ഞു.

ഫീസടയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിന് മുകളില്‍ നിന്ന് ചാടി രജനി എസ് ആനന്ദ് എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തിലെ ഈ സഞ്ചരിക്കുന്ന ദൈവമാതാവിന്റെ ‘കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ’ എന്ന അമൃതാവണി നാം കേട്ടതായി ഭാവിച്ചില്ല. അലക്കുകാരന്‍ ആനന്ദിന്റെ മകള്‍ എന്തിനാണ് എന്‍ജിനിയറാകാന്‍ പോയത് എന്നാണ് അതിന്റെ അര്‍ത്ഥം. ഹാ.. എന്തൊരു സ്‌നേഹമാണ് അമ്മച്ചിയ്ക്ക് ?

ഇതാണ് സ്വന്തം ശിഷ്യന്മാർക്ക് പോലും സന്യാസദീക്ഷനൽകാൻ അവകാശമില്ലാത്ത ശങ്കരാചാര്യരുടെ പുരിയിലെ ആശ്രമത്തിൽനിന്നുമാത്രം സന്യാസദീക്ഷ നൽകുന്ന സനാതനത്തെ പൂർണ്ണമായി അംഗീകരിച്ച പിന്നോക്ക അമ്മച്ചിയുടെ പിന്നോക്കാരിയായ രജനി എസ് ആനന്ദ് നോട് കാണിച്ച ദൈവസ്നേഹം. ചിലർ അവരെ പിന്നോക്കസമുദായക്കാരിയായി പുകഴ്ത്തുന്നതുകണ്ടിരുന്നു. ഏതു സമുദായക്കാരിയെന്നതല്ല ആർക്കൊപ്പം നിക്കുന്നു എന്നതാണ് കാര്യം. ഒന്നാംതരം ബ്രാഹ്മണിസ്റ്റാണ് അവർ. ആചാരസംരക്ഷണ ശബരിമല ശൂദ്ര ആർത്തവ ലഹളാ സംഘത്തിന്റെ നേതാവുകൂടി ആയിരുന്നല്ലോ അവർ?

പുനരുത്ഥാന കേരളത്തെ “സ്വിച്ചിട്ടാൽ ബൾബ് കത്തും പക്ഷെ ബൾബിട്ടാൽ സ്വിച്‌ കത്തില്ല” എന്ന് പഠിപ്പിക്കുന്ന സുധാമണി അമ്മച്ചിയെ അല്ല, നവോത്ഥാനകേരളം നെഞ്ചോട് ചേർത്ത് അമ്മേയെന്നു വിളിക്കേണ്ടത്.

സ്നേഹകച്ചവടത്തിന്റെ സമ്പന്നതയിൽ വിശ്വപ്രസിദ്ധയായി തീർന്ന സുധാമണി അമ്മയേക്കാൾ നവോത്ഥാന കേരളം അഭിമാന പൂർവം നെഞ്ചോട് ചേർത്തുവെയ്ക്കേണ്ട ‘അമ്മ മയിലമ്മയാണ്. എന്തെന്നാൽ മയിലമ്മ വിശ്വ പ്രസിദ്ധിനേടിയത് അമ്മയും അമ്മയുടെ മിഷനും ചേർന്ന് നടത്തുന്നത് പോലെ സ്നേഹ കച്ചവടം നടത്തിയിട്ടില്ല. കൊക്കോകോള എന്ന ആഗോള ഭീമനെതിരെ കരളുറപ്പോടെ പൊരുതിയിട്ടാണ്.

സ്നേഹമെന്തെന്നറിയാത്ത പെറ്റമ്മയെ തിരിഞ്ഞുനോക്കാത്ത സമയമില്ലായമയുടെ ജീവിതം നയിക്കുന്ന മക്കൾ ക്യൂ നിന്ന് ദിവ്യദർശനം നടത്തുമ്പോൾ പതിഞ്ഞുകിട്ടിയതാണ് അമൃതാനന്ദമയി എന്ന സുധാമണി അമ്മച്ചിയുടെ “അമ്മച്ചി പട്ടം.”