Sun. Nov 22nd, 2026

✍️ ലിബി. സിഎസ്

കേസിനാസ്പദമായ പോസ്റ്റിൽ പറഞ്ഞിരുന്നകാര്യങ്ങൾ ഒന്നും ആദ്യമായി പറയുകയോ പ്രതിഷേധിക്കുകയോ ചെയ്തതല്ല. യാതൊരു നടപടിയും സ്വീകരിക്കാൻ അവരുടെ മുന്നിൽ മുട്ടിലിഴയുന്ന അധികാരികൾക്ക് ധൈര്യമില്ലെങ്കിലും അത് പറഞ്ഞുകൊണ്ടുതന്നെയിരിക്കും. 2012 ഓഗസ്റ്റ് 4-ന്. ബിഹാറിലെ ഗയ ജില്ലയിലെ ഷെര്‍ഗാട്ടി സ്വദേശിയായ സത്‌നാം സിംഗ് മാതാ അമൃതാനനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റിലാവുകയും കസ്റ്റഡിയിലിരിക്കെ പേരൂർക്കട മാനസിക രോഗ ആശുപത്രിയില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തപ്പോൾ ആ ദുരൂഹമരണത്തെക്കുറിച്ചും അമൃതാന്ദമയീ മഠത്തിൽ നടന്നിട്ടുള്ള മറ്റു ദുരൂഹ മരണങ്ങളെക്കുറിച്ചും അന്വേഷണം നടത്തണെമെന്നാവശ്യപ്പെട്ട് ഞങ്ങൾ വള്ളിക്കാവിലെ തുള്ളൽക്കാരിയുടെ ആസ്ഥാനത്തേയ്ക്ക് നടത്തിയ മാർച്ചിന്റെ ചിത്രമാണിതോടൊപ്പമുള്ളത്.

സമയമില്ലായ്മയുടെ ജീവിതം നയിക്കുന്ന നമ്മളെ പോലുള്ള മക്കൾ ക്യൂ നിന്ന് ദിവ്യ ദർശനം നടത്തിയപ്പോൾ പതിഞ്ഞു കിട്ടിയതാണ് അമൃതാനന്ദമയിയുടെ അമ്മച്ചിപ്പട്ടം. പേറ്റു നോവ് എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അമൃതാനന്ദമയി മുതലാളിച്ചിയുടെ പണം പറ്റുന്ന മലയാള മാധ്യമങ്ങൾക്ക് ദാഹിച്ചപ്പോൾ ശുചിമുറിയിലെ തറയിൽ നിന്ന് വെള്ളം നക്കിക്കുടിച്ച് മരണത്തിന് കീഴടങ്ങിയ സത്നാം സിംഗ് എന്ന ബീഹാറി മകൻറെ യും അവൻറെ അച്ഛൻറെയും അമ്മയുടെയും സഹോദരന്റെയും വേദന മനസിലാവില്ല.


പെറ്റമ്മയെ തിരിഞ്ഞു നോക്കാത്ത ചില മക്കൾ മുട്ടിലിഴഞ്ഞു പൊന്നുമകനെ പൊന്നുമകനെ എന്ന ആശ്ലേഷലിംഗനത്തിനായി ക്യൂ നിന്ന് ഉണ്ടാക്കിയ സ്നേഹമയിയുടെ സ്നേഹക്കച്ചവടത്തിന്റെ പ്രൊമോട്ടർമാർ ആ പിതാവിൻറെയും കുടുംബത്തിന്റെയും നീതിക്കു വേണ്ടിയുള്ള നിലവിളിയും പേറ്റുനോവ് എന്തെന്ന് കൃത്യമായി അനുഭവിച്ചു അമ്മയായ സത്നാം സിംഗ് ൻറെ അമ്മയുടെ നിലവിളിയും തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മൾ അറിയിക്കേണ്ടിയിരിക്കുന്നു. കഥാകാരൻ സക്കറിയ പറഞ്ഞത് പോലെ കരുണാമയിയായ അമ്മയുടെ മുന്നിൽ നിന്ന് ആ മകനെ പിടിച്ച് കൊണ്ട് പോയപ്പോൾ ആ മോനെ ഒന്നും ചെയ്യരുത് എന്ന് പറയാൻ തയ്യാറാകാതിരുന്ന, അമൃതാനന്ദമയിയുടെ കാരുണ്യത്തെ കാണാൻ ഇവർക്ക് കണ്ണില്ല.

ബിഹാറിലെ ഗയയിൽ നിന്നുള്ള ഒരു നിയമ വിദ്യാർത്ഥിയായിരുന്നു സത്നാം സിംഗ് മാൻ ആത്മീയ അന്വേഷകനായാണ് കേരളത്തിൽ എത്തിയത്. വർക്കല നാരായണ ഗുരുകുലത്തിൽ ഒരുമാസം സത്നാം താമസിച്ചിരുന്നു. സത്‌നാംസിംഗ്. ”അല്ലാഹു അക്ബര്‍, ലാ ഇലാഹാ ഇല്ലള്ള” എന്നെല്ലാം ഉച്ചരിക്കാന്‍ പഠിച്ചതും ഫാത്തിഹ ഓതാൻ പഠിച്ചതും ഏതെങ്കിലും മുസ്ലീം തീവ്രവാദി കേന്ദ്രത്തില്‍നിന്നോ മദ്രസയില്‍ നിന്നോ ആയിരുന്നില്ല. അവിടെ നിന്നാണ്. പിന്നീടാണ് സത്നാം ആൾദൈവം അമൃതാനന്ദമയിയുടെ കൊല്ലം വള്ളിക്കാവിലുള്ള ആശ്രമത്തിൽ എത്തിയത്. ഇവിടെ താമസിച്ച സത്നാം ആഗസ്റ്റ് ഒന്നിന് പ്രാർത്ഥനയ്ക്കിടെ ബിസ്മില്ലാഹി റഹ്‌മാനി റഹിം എന്ന് ചൊല്ലിക്കൊണ്ട് ആൾദൈവത്തിന് നേരെ ഓടി. അവരുടെ ഭക്തന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് സത്‌നാമിനെ കീഴടക്കി പൊലീസിന് കൈമാറി. മാനസിക നില തകരാറിലാണ് എന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ വെച്ച് വാർഡൻ വിവേകാനന്ദൻ, അറ്റൻഡർ അനിൽ കുമാർ എന്നിവരും രോഗികളായ രണ്ട് പേരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കേബിൾ വയർ കൊണ്ട് അടിക്കുകയും തല പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. സെല്ലിൽ ഉപേക്ഷിക്കപ്പെട്ട സത്നാം ദാഹിച്ചപ്പോൾ കക്കൂസിലേക്ക് ഇഴഞ്ഞു പോയി വെള്ളം നക്കി കുടിച്ചു. നാലാം തീയതി വൈകുന്നേരത്തോടെ അബോധാവസ്ഥയിൽ സെല്ലിൽ കിടന്ന ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 77 മുറിവുകളാണ് സത്‌നാമിന്റെ ശരീരത്തിൽ കണ്ടെത്തിയത്. ശിരസ്സിന് പിന്നില്‍ മെഡുല്ലയിലും കഴുത്തിലുമുണ്ടായ മാരക മുറിവുകളാണ് മരണകാരണമെന്നും അവ മരണത്തിന് 24 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


പോലീസ് ഭാഷ്യമനുസരിച്ച് 2012 ആഗസ്റ്റ് 4 നാണ് സത്നാം സിംഗ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിക്കപ്പെട്ട്, ദാഹിച്ചപ്പോൾ ശുചിമുറിയിലെ തറയിൽ നിന്ന് വെള്ളം നക്കിക്കുടിച്ച് മരണത്തിന് കീഴടങ്ങിയത്. കരുണാമയിയായ ആൾദൈവം അമൃതാന്ദമയിയുടെ ആശ്രമത്തിൽ വെച്ച് മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് ബഹളം വെച്ചു എന്ന തെറ്റാണ് സത്നാം സിംഗ് ചെയ്തത്. അവിടെ നിന്ന് ജയിലിലേക്കും പിന്നീട് മാനസിക രോഗാശുപത്രിയിലേക്കും മാറ്റപ്പെട്ട സത്നാം ക്രൂരമായ പീഡനം മൂലം മരിക്കുകയായിരുന്നു. രണ്ട് ആശുപത്രി ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ കേസ് അന്വേഷണം എവിടെയും എത്തിയില്ല.

പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് വിവിധ കേസുകളിൽ പ്രതികളായ, മാനസികരോഗികൾ എന്ന പേരിൽ കഴിയുന്ന നാലു പേരെ പ്രതികളാക്കി സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചു.കൊല്ലം സ്വദേശി മഞ്ചീഷ്, തിരുവനന്തപുരം സ്വദേശികളായ ബിജു, ദിലീപ്, ആലപ്പുഴ സ്വദേശി ശരത് ചന്ദ്രൻ എന്നിവരായിരുന്നു സംഭവത്തിലെ പ്രതികൾ. അമൃതാനന്ദമയി ഭക്തയായ ഐ.ജി.ബി സന്ധ്യയാണ് കേസ് അന്വേഷിച്ചത്. അമൃതാനന്ദമയി ആശ്രമത്തിലെ സംഭവങ്ങളൊന്നും അന്വേഷണത്തിന്റെ പരിധിയിൽ വന്നതേയില്ല. അമൃതാന്ദമയിയെ കണ്ട് ആശീർവാദം വാങ്ങിയാണ് സന്ധ്യ അന്വേഷണത്തിന് തുടക്കം കുറിച്ചത്. സത്നാമിന്റെ ബന്ധുക്കളെയും ബന്ധപ്പെട്ടില്ല.2014 ഏപ്രിൽ 3 ന് കേസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്നും അമൃതാനന്ദമയി മഠത്തിലെ സംഭവങ്ങൾ അന്വേഷിച്ചില്ലെന്നും സർക്കാർ കോടതിയിൽ സമ്മതിക്കുകയും ചെയ്തിരുന്നു. സത്‌നാമിന്റെയടക്കം അമൃത മഠത്തിൽ സംഭവിച്ച മുഴുവൻ ദുരൂഹ മരണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാൽ അതാവശ്യപ്പെടുന്നവർക്കെതിരെ കേസുടുക്കുകയോ അവരെ അപായപ്പെടുത്തുകയോ ചെയ്യുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ഒരുമാസം നാരായണഗുരുവിന്റെ ആശ്രമത്തിൽ തങ്ങിയിട്ടും ഒന്നും സംഭവിക്കാതിരുന്ന സത്നാം സിംഗ് മൂന്ന് ദിവസം മാത്രം അമൃതാനന്ദമയീ മഠത്തില്‍ തങ്ങിയപ്പോള്‍ ആദ്യം അയാൾ തീവ്രവാദിയാക്കപ്പെടുകയും പിന്നീട് മാനസീകരോഗിയാക്കപ്പെടുകയും ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്തു എന്നതിലെ ദൈവശാസ്ത്രം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇവരുടെ വാദം ശരിയെണെങ്കിൽ തന്നെ ഒരുമാസം തൊട്ടടുത്ത ജില്ലയിലുള്ള മറ്റൊരു ആശ്രമത്തിൽ തങ്ങിയിട്ടും ഒന്നും സംഭവിക്കാതിരുന്ന സത്നാമിന് 3 ദിവസംകൊണ്ട് അമ്മച്ചിയുടെ അടുത്തെത്തിയപ്പോൾ മാനസികരോഗം കലശാലയെങ്കിൽ മനുഷ്യ മനസിൻറെ ചിത്തഭദ്രതയെ തകര്‍ക്കുന്ന ഒരു പ്രത്യേകതരം ആത്മീയതയാണ് അവിടെ വിതരണം ചെയ്യപ്പെടുന്നതെന്ന് വ്യക്തമല്ലേ? മനുഷ്യദൈവങ്ങള്‍ക്ക് അടിയറവച്ച നീതിയെക്കുറിച്ചും ആ കൊലപാതകത്തിൻറെ ദൈവ ശാസ്ത്രത്തെകുറിച്ചും എത്രകേസെടുത്തലും പറഞ്ഞുകൊണ്ടുതന്നെയിരിക്കും.