Tue. Nov 24th, 2026

✍️ചന്ദ്രപ്രകാശ് എസ് എസ്

സ്വന്തം മതം കൽപ്പിച്ച് നൽകിയ അറുപഴഞ്ചൻ മതനിയമങ്ങൾക്കെതിരെ പട നയിച്ച ഒറ്റയാൾ പോരാളിയുടെ പേരാണ് മേരി റോയ്. ക്രിസ്ത്യൻ പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട അനീതിയ്ക്ക് എതിരെ നടത്തിയ നിരന്തര പോരാട്ടത്തിലൂടെ ഈ മലയാളി വനിത നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു. അവരുടെ പോരാട്ടം ക്രിസ്ത്യൻ പൗരോഹിത്യത്തിനും പുരുഷമേധാവിത്വത്തിനും എതിരെയായിരുന്നു. അതിലൂടെ മേരി റോയ് സ്വാതന്ത്ര്യബോധവും, പുരോഗമനചിന്തയുമുള്ള ഇന്ത്യയിലെ മുഴുവൻ സ്ത്രീകളുടെയും ആരാധനാപാത്രമായി.

മേരി റോയി നിയമ പോരാട്ടം നടത്തിയ കാലത്ത് ആരുടേയും പിന്തുണ അവർക്കുണ്ടായിരുന്നില്ല. വോട്ടുബാങ്കുകളെ ഭയന്ന രാഷ്ട്രീയപ്പാർട്ടികളും, മതവും അവരാൽ ആവും വിധം മേരി റോയിയെ നിരൂത്സാഹപ്പെടുത്തി. എന്നിട്ടും അവർ നീതിക്കായുള്ള അക്ഷീണ പോരാട്ടത്തിനിറങ്ങി. ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം നൽകിയ അനുഭവങ്ങൾ മാത്രമായിരുന്നു അന്ന് മേരി റോയിയ്ക്ക് കൈമുതലായി ഉണ്ടായിരുന്നത്.

കുട്ടിക്കാലം മുതൽ കണ്ടുവളർന്നത് പുരുഷ മേധാവിത്വത്തിൻ്റെ വിവേകശൂന്യവും, ദയാശൂന്യവുമായ അധികാരപ്രയോഗങ്ങളായിരുന്നു. അതിനെതിരെയാണ് മേരി പോർക്കളത്തിലിറങ്ങിയത്. കോട്ടയം അയ്മനത്ത് ജനിച്ച മേരി റോയ് ഡൽഹി ജീസസ്സ് മേരി കോൺവെൻ്റിൽ സ്കൂൾ വിദ്യാഭ്യാസവും, ചെന്നൈ ക്വീൻസ് മേരി കോളേജിൽ നിന്നും ബിരുദവും നേടി.

പിതാവ് പി വി ഐസക്കിൻ്റെ അടികൊണ്ട് തലയിൽനിന്ന് ചോരയൊലിപ്പിച്ച് നിൽക്കുന്ന സൂസി എന്ന അമ്മയാണ് കുട്ടിക്കാലത്തെ മേരിയുടെ മറക്കാനാവാത്ത കാഴ്‌ച‌‌കളിലൊന്ന്‌. അതും വിദേശ വിദ്യാഭ്യാസം നേടിയ ഉന്നത ഉദ്യോഗസ്ഥൻ്റെ കൈകൊണ്ട്. അച്ഛൻ്റെ മർദ്ദനമെല്ലാം അമ്മ നിശബ്‌ദം സഹിച്ചു. സുന്ദരിയായ ആ അമ്മ നന്നായി പാടുകയും, വയലിൻ വായിക്കുകയും ടെന്നീസ് കളിക്കുകയും ചെയ്യുമായിരുന്നു. ഒരു പെരുമഴക്കാലത്ത് അച്ഛൻ അമ്മയെ അതിക്രൂരമായി തൊഴിച്ച് മഴയിലേക്ക് ഇറക്കിവിട്ടു. മേരിയെകുളിമുറിയിൽ പൂട്ടിയിട്ടു. അതിസാഹസികമായി കുളിമുറിയിൽ നിന്നും പുറത്തുകടന്ന മേരി അമ്മയോടൊപ്പം കൂടി. അന്ന് വീട്ടിൽ നിന്നും ഇറങ്ങിയതിൽ പിന്നെ അച്ഛനുമായി ബന്ധമുണ്ടായില്ല.

ബിരുദ പഠനം കഴിഞ്ഞ് വീട്ടിൽ വെറുതെയിരുന്നപ്പോഴാണ് കൊൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ലഭിച്ചത്. അവിടെ വച്ചുള്ള പരിചയത്തിലാണ് ബംഗാളിയായ രാജീബ് റോയിയുടെ പങ്കാളിയായത്. അദ്ദേഹത്തിന് അന്ന് ചണമില്ലിലായിരുന്നു ജോലി. വളരെ ഉയർന്ന ശമ്പളം. പിന്നീട് ചണമില്ലിലെ ജോലി ഉപേക്ഷിച്ച് അസമിൽ തേയില തോട്ടത്തിൽ മാനേജറായി.

ദാമ്പത്യ ജീവിതത്തിൽ പണത്തിനും മറ്റ് സൗകര്യങ്ങൾക്കും കുറവില്ലങ്കിലും ഭർത്താവിൻ്റെ അമിത മദ്യപാനം മേരിയുടെ കുടുംബജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തി. മദ്യത്തിന് അടിമായായ ഭർത്താവുമൊത്തുള്ള ജീവിതം എല്ലാം തകിടം മറിച്ചു. പിന്നിട് അദ്ദേഹത്തിന് ഒരു ജോലിയും സ്ഥിരമായി ചെയ്യാനാവാത്ത അവസ്ഥയായി. ഒടുവിൽ മുപ്പതാം വയസ്സിൽ ആ ബന്ധം ഉപേക്ഷിച്ചു മടങ്ങുമ്പോൾ അഞ്ച് വയസ്സുകാരൻ ലളിതും മൂന്ന് വയസ്സുകാരി അരുന്ധതിയുമുണ്ട് കൂടെ.

ഊട്ടിയിൽ പൂട്ടിക്കിടന്ന അച്ഛന്റെ വീട് വീട് വൃത്തിയാക്കി മേരിയും 2 മക്കളും അവിടെ താമസമാക്കി. 350 രൂപ ശമ്പളത്തിൽ ഊട്ടിയിൽ തന്നെ ഒരു ചെറിയ ജോലിയും തരപ്പെടുത്തി. അങ്ങനെ തട്ടിയും മുട്ടിയും കുടുംബം പുലർത്തി ജീവിക്കാൻ തുടങ്ങിയപ്പോഴാണ് വീടൊഴിയാൻ സഹോദരൻ ആവശ്യപ്പെട്ടത്. 1960ൽ മേരിയുടെ അച്ഛൻ മരിക്കുമ്പോൾ വിൽപത്രം എഴുതിയിരുന്നില്ല. ഒരു ദിവസം സഹോദരൻ ഗൂണ്ടകളുമായെത്തി വാതിൽ അടിച്ച് പൊളിച്ച് മേരിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. 1966ൽ ഊട്ടിയിലെ വീട്,ബന്ധുക്കളുടെ ഇടപെടലിൻ്റെ ഫലമായി മേരിയ്ക്ക് തന്നെ ഇഷ്ടദാനമായി നൽകി. ആ വീട് വിറ്റാണ് കോട്ടയത്ത് സ്കൂൾ നടത്താൻ മേരി ഭൂമി വാങ്ങിയത്.

പിതാവിൻ്റെ ഒസ്യത്തിൽ മകളായ തനിയ്ക്ക് അവകാശമില്ലാതെ പോയ ചിന്ത മേരിയുടെ മനസ്സിൽ മായാതെ കിടന്നു. അതൊരു അപമാനമായി അവർക്ക് തോന്നി. അങ്ങനെയാണ് ബാക്കി കുടുംബസ്വത്തിൽ അവകാശം ചോദിച്ച് മേരി റോയ് കോടതിയെ സമീപിക്കുന്നത്. തിരുവിതാംകൂറിലെ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺകുട്ടികൾക്ക് കുടുംബസ്വത്തിൽ പുരുഷന് കൊടുക്കുന്നതിന്റെ നാലിലൊന്ന് അല്ലെങ്കിൽ 5000 രൂപ അതിൽ ഏതാണോ കുറവ് അതിനേ അവകാശമുണ്ടായുള്ളൂ. 1916ലെ തിരുവിതാംകൂർ ക്രിസ്തീയ പിൻതുടർച്ചാവകാശ നിയമം ചോദ്യംചെയ്ത് 1984 ൽ മേരി പൊതുതാൽപര്യ ഹർജി നൽകി. ഹൈക്കോടതി വിധി എതിരായപ്പോൾ സുപ്രീംകോടതിയെ സമീപിച്ചു. അതിന്റെ വിജയമായിരുന്നു 1986ലെ സുപ്രധാന വിധി. ഈ കേസ്സിൻ്റെ നാൾവഴികൾ ഇന്ന് ഇന്ത്യയിലെ നിയമവിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാണ്.

സിറിയൻ ക്രിസ്ത്യൻ കുടുംബനാഥൻ മരിച്ചാൽ വിധവയ്ക്ക് സ്വത്തിന്റെ മൂന്നിലൊന്നും മക്കൾക്ക് തുല്യമായി മൂന്നിൽ രണ്ടും ലഭിക്കുമെന്ന് വിധിയിൽ അസന്നിഗ്ധമായി പറഞ്ഞു. വിൽപത്രം എഴുതിയില്ലെങ്കിലും മാറ്റമുണ്ടാകില്ല. കോടതി വിധി ക്രിസ്ത്യൻ യാഥാസ്ഥിതികത്വത്തെയും ആൺകോയ്മയെയും വിറളിപിടിപ്പിച്ചു.

വിധി സമുദായത്തിൽ നരകതുല്യമായ പ്രശ്നങ്ങളുണ്ടാവുമെന്നും സ്വത്ത് വിൽപന, കന്യാസ്ത്രീ സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ പ്രതിസന്ധി നേരിടുമെന്നെല്ലാമായിരുന്നു അക്കാലത്തെ വലിയ പ്രചാരണം. വിധിയനുസരിച്ച് അർഹമായ സ്വത്ത് കിട്ടാൻ മേരിക്ക് വീണ്ടും കോടതി കയറേണ്ടിവന്നു. രണ്ട് ദശകത്തിലേറെ കേസ് നീണ്ടത് ഇക്കൂട്ടരുടെ പ്രതിരോധത്താലായിരുന്നു. കെ എം മാണിയുടെ നേതൃത്വത്തിൽ അക്കാലത്ത് നിയമസഭയിൽ പഴയ പിന്തുടർച്ചാവകാശ നിയമം വേഷം മാറ്റി കൊണ്ടുവരാനും ശ്രമമുണ്ടായി. മതവും, പൗരോഹിത്യവും, രാഷ്ട്രീയവും ചേർന്ന് എത്ര ഭയാനകമായാണ് നീതിയെ കോട്ട കെട്ടി പുറത്തുനിർത്തുന്നതെന്നതിന് തെളിവായിരുന്നു ആ നടപടികൾ.

ദശകങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം പിതൃസ്വത്തായി കോട്ടയം നഗരത്തിലെ ഒമ്പത് സെന്റ് കണ്ണായ സ്ഥലം മേരിക്ക് കിട്ടി. ഈ ഭൂമി കിട്ടാൻ വേണ്ടിയായിരുന്നില്ല താൻ കോടതി കയറിയതെന്ന് അവർ വിശദമാക്കി. നിയമത്തിൻ്റെ പിൻബലത്തിൽ നേടിയെടുത്ത ആ സ്ഥലം അതുവരെ ശത്രുവായ സഹോദരന് തന്നെ മടക്കി നൽകി മധുരപ്രതികാരം ചെയ്ത് അവർ നിലപാട് വ്യക്തമാക്കി.

”എനിക്കുവേണ്ടി മാത്രമായിരുന്നില്ല കോടതിയിൽ പോയത്. അനീതിക്കെതിരായിരുന്നു പോരാട്ടം. രാജാവിന്റെ കാലത്ത് സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉണ്ടാക്കിയ നിയമം, സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ നിലനിൽക്കുന്നത് എന്തൊരു വിരോധാഭാസമാണ്? സ്ത്രീകൾ എന്തിന് ഈ അസമത്വം സഹിക്കണം? മക്കൾ തുല്യരാണ്. പെൺകുട്ടികൾ രണ്ടാംകിടക്കാരാണെന്ന ചിന്ത മാറണം. അതിനുവേണ്ടിയായിരുന്നു ആ യുദ്ധം.”

മേരി റോയിയുടെ പള്ളിക്കൂടം

മേരി റോയിയുടെ അധ്യാപനത്തോടുണ്ടായ താൽപര്യം വ്യത്യസ്ത പഠനരീതികളെക്കുറിച്ചുളള ധാരണയുമായി ബന്ധപ്പെട്ടു കൂടിയായിരുന്നു. അങ്ങനെയാണ് സ്വന്തമായി സ്കൂൾ ആരംഭിച്ചത്. കോട്ടയം മൗണ്ട് കാർമെൽ ട്രെയിനിങ് കോളേജിൽനിന്ന് ബി എഡ് പാസായ ശേഷം സ്കൂൾ തുടങ്ങാൻ സ്ഥലം അന്വേഷിച്ച് മേരി പത്രപരസ്യം നൽകി. പരസ്യം കണ്ട് ആദ്യം പ്രതികരിച്ചത് എഴുത്തുകാരി മാധവിക്കുട്ടിയായിരുന്നു. പുന്നയൂർകുളത്തെ തറവാട് വീടിനോട് ചേർന്ന് ധാരാളം സ്ഥലമുണ്ടെന്നും ഇഷ്ടംപോലെ എടുക്കാമെന്നും കാണിച്ച് മേരിയ്ക്ക് കത്തെഴുതി. പക്ഷേ, മേരി കോട്ടയത്ത് സ്ഥലം കണ്ടെത്തി സ്കൂൾ സ്ഥാപിച്ചു.

1967ൽ കോർപസ് ക്രിസ്റ്റി എന്ന പേരിൽ തുടങ്ങിയ സ്കൂളിന്റെ രൂപകൽപന ലാറി ബേക്കറായിരുന്നു. മക്കളായ ലളിതും, അരുന്ധതിയും ബേക്കറുടെ മക്കളും ഉൾപ്പെടെ ഏഴ് പേരാണ് ക്ലാസിലുണ്ടായത്. സ്കൂൾ ക്രമേണ വളർന്ന് പള്ളിക്കൂടം എന്ന പേരിൽ പ്രസിദ്ധമായി. ജസ്റ്റിസ് ബച്ചു കുര്യൻ ജോസഫ്, അരുന്ധതി റോയി തുടങ്ങിയ നിരവധി പ്രശസ്തർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. സ്കൂളിനെപ്പറ്റി ദൂരദർശനും ബി ബി സിയും ഡോക്കുമെൻ്ററി ചെയ്തിട്ടുണ്ട്.

മാധവിക്കുട്ടിയുടെ വാക്കുകൾ –

“ഞാനൊക്കെ ധീര എന്ന് പറയുന്നത് ശരിയല്ല. ധീരയായ പോരാളി എന്നാൽ അത് മേരി റോയ് ആണ്.”

കോടതി കയറിയ സ്കൂൾ നാടക പോരാട്ട കഥ

അവതരണം നിരോധിച്ച ഒരു നാടകം വീണ്ടും അരങ്ങില്‍ അവതരിപ്പിക്കാനായി നടത്തിയ രണ്ടാം നിയമ പോരാട്ടത്തിലും മേരി ശ്രദ്ധേയയായി. യേശുക്രിസ്തുവിന്റെ അവസാന ഏഴ് ദിവസങ്ങളെ അടിസ്ഥാനമാക്കി സൃഷ്ടിക്കപ്പെട്ട ‘ജീസസ് ക്രൈസ്റ്റ് ദി സൂപ്പര്‍ സ്റ്റാര്‍’ എന്ന സംഗീത നാടകമാണ് എല്ലാ തയ്യാറെടുപ്പുകളും നടത്തി കന്നി അവതരണത്തിനു ഒരുങ്ങുന്നതിനിടെ വിലക്ക് നേരിട്ടത്. 1990 ൽ അന്നത്തെ കോട്ടയം ജില്ലാ കളക്ടർ അൽഫോൺസ് കണ്ണന്താനമാണ് മജിസ്‌ട്രേട്ടിൻ്റെ പദവി ഉപയോഗിച്ച് നാടകത്തിന് നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് 25 വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കേസ് ജയിച്ച് 2015ല്‍ വിലക്ക് നേരിട്ട അതേ വേദിയില്‍ തന്നെ അതേ റോക്ക് ഓപ്പറ അവതരിപ്പിച്ചു.

മേരി റോയ് സ്‌കൂളില്‍ തിയേറ്റര്‍ പഠനം നിര്‍ബന്ധമായിരുന്നു. ഇതിന്റെ ഭാഗമായാണ് നാടകാവതരണം നടത്തിയിരുന്നത്. യേശുക്രിസ്തുവും ശിഷ്യന്മാരും തമ്മിലുള്ള സംസാരവും യൂദാസുമായുള്ള തര്‍ക്കവുമായിരുന്നു നാടകത്തിലെ പ്രതിപാദ്യ വിഷയം. യേശുക്രിസ്തുവിനെ ആശ്വസിപ്പിക്കുന്ന മഗ്ദലന മറിയത്തിന്റെ സാന്നിധ്യമാണ് പ്രതിഷേധത്തിന് കാരണമായത്. സുഹൃത്തിനെയെന്നവണ്ണം യേശുവിനെ മഗ്ദലനമറിയം തലോടുന്നുണ്ട്. ഈരംഗമാണ് വിശ്വാസികളെ വിറളി പിടിപ്പിച്ചത്. 2015ല്‍ ഏപ്രില്‍ ഏഴാം തീയതി സുപ്രീം കോടതിയാണ് നാടകത്തിനും സ്‌കൂളിനും അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

കാലം എത്ര കഴിഞ്ഞാലും മേരി റോയ് എന്ന ചരിത്രവനിത ജനമനസുകളിൽ ജീവിക്കും